ഇന്ത്യയിലെ ആദ്യത്തെ എയർബസ് എ350-900 വിമാനം സ്വന്തമാക്കി എയർ ഇന്ത്യ. വിമാനം ഡിസംബറോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) രജിസ്റ്റർ ചെയ്ത ഒരു സ്ഥാപനത്തിൽ നിന്ന് വിമാനം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് കാരിയർ ആയി എയർ ഇന്ത്യ.
470 വിമാനങ്ങൾ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറിലെ ആദ്യത്തെ വിമാനമാണിതെന്നും എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള എഐ ഫ്ലീറ്റ് സർവീസസ് ലിമിറ്റഡ് (എഐഎഫ്എസ്) ആണ് കരാര്‍ ഒപ്പിട്ടതെന്നും എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ്‌സി) വഴി പാട്ടത്തിനെടുത്ത രാജ്യത്തെ ആദ്യ വൈഡ് ബോഡി വിമാനം കൂടിയാണ് എയർ ഇന്ത്യയുടെ പ്രഥമ എയർബസ് എ350-900.
എയർ ഇന്ത്യയുടെ ആറ് എയർബസ് എ350-900-ൽ ആദ്യത്തേത് ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ, ബാക്കിയുള്ളവ അടുത്ത വർഷം മാർച്ചോടു കൂടി ഇന്ത്യയിലെത്തിക്കാനാണ് തീരുമാനം.
470 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായുള്ള കരാറിൽ, ആറ് എ350-900 എയർബസ് വിമാനങ്ങൾക്ക് പുറമേ, 34 എ 350-1000, 20 ബോയിംഗ് 787 ഡ്രീംലൈനറുകൾ, 10 ബോയിംഗ് 777 എക്സ് വൈഡ്ബോഡി വിമാനങ്ങങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ട്. ഇതുകൂടാതെ 140 എ3201 നിയോ, 70 എ3201 എയർബസുകളും 190 ബോയിങ് 737 മാക്സ് നാരൊ ബോഡി വിമാനങ്ങളും കരാറിൽ ഉൾപ്പെടുന്നു.