BUSINESS

പറക്കാനൊരുങ്ങി ആകാശ എയർലൈൻ

യാത്രാനിരക്കു കുറഞ്ഞ ഇന്ത്യയിലെ അഞ്ചാമത്തെ എയർലൈൻ

വെബ് ഡെസ്ക്

ചെലവുകുറഞ്ഞ വിമാന സര്‍വീസുകളുടെ കൂട്ടത്തിലേക്ക് ആകാശ എയര്‍ലൈന്‍സും. പ്രമുഖ വ്യവസായി രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ ആരംഭിച്ച ആകാശ എയര്‍ലൈന്‍സ് ഈ മാസം അവസാനത്തോടെ ആകാശ സീമയിലേക്ക് പറന്നുയരും.ആകാശ എയര്‍ലൈനിന് ഏവിയേഷന്‍ റഗുലേറ്ററായ ഡി.ജി.സി.എയുടെ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞു.

ചെലവു കുറഞ്ഞ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ചാമത്തെ വിമാന കമ്പനിയാണ് ആകാശ എയര്‍. തുടക്കത്തില്‍ രണ്ട് വിമാനങ്ങളുമായാണ് സര്‍വീസ് ആരംഭിക്കുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം അവസാനത്തോടെ 18 വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സര്‍വീസ് വിപുലീകരിക്കാനാണ് നീക്കം. 2023-24 സാമ്പത്തിക വര്‍ഷം അവസാനത്തോടെ പതിനെട്ട് വിമാനങ്ങള്‍ സര്‍വീസിനെത്തിയേക്കും.

പുതിയ വിമാനമായ ബോയിങ് 737 മാക്‌സ് വാങ്ങാന്‍ ബോയിങ്ങുമായി ആകാശ എയര്‍ലൈന്‍ കരാറിലെത്തിയിട്ടുണ്ട്. ഇതില്‍ ആദ്യ വിമാനത്തിന്റെ കൈമാറ്റവും കഴിഞ്ഞു. 72 വിമാനങ്ങളില്‍ 19 എണ്ണം 189 സീറ്റുകളുള്ള മാക്സ് 9 ആണ്, 53 വിമാനങ്ങള്‍ 200 സീറ്റുകളുള്ള ബോയിംഗ് 737 മാക്സ് 8 മാണ്. പുതിയ സാങ്കേതിക വിദ്യയിലൂന്നിയ എന്‍ജിനുകള്‍ , കുറഞ്ഞ ഇന്ധന ഉപയോഗം എന്നിവയാണ് ഈ വിമാനങ്ങളുടെ പ്രത്യേകത.

ജുന്‍ജുന്‍വാലയ്‌ക്കൊപ്പം ജെറ്റ് എയര്‍വേയ്‌സ് മുന്‍ സി.ഇ.ഒ. വിനയ് ദുബെ, ഇന്‍ഡിഗോ മുന്‍ സി.ഇ.ഒ. ആദിത്യ ഘോഷ് എന്നിവരാണ് സഹ ഉടമകള്‍. 275 കോടി രൂപയാണ് ആകാശയില്‍ ജുന്‍ജുന്‍വാല നിക്ഷേപിച്ചിരിക്കുന്നത്.കമ്പനിയുടെ 40 ശതമാനം ഓഹരിയും ജുൻജുൻവാലക്ക് ആണ്. ബാക്കി തുകയ്ക്ക് നിക്ഷേപകരെ കണ്ടെത്തും. പരിസ്ഥിതി സൗഹൃദ എയര്‍ലൈന്‍ ആണെന്നാണ് കമ്പനിയുടെ അവകാശവാദം. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക്‌ പരിസ്ഥിതി സൗഹൃദ യൂണിഫോമുകളാണ് ആകാശ എയര്‍ലൈന്‍ നല്‍കിയിരിക്കുന്നത്.

റീസൈക്കിള്‍ ചെയ്ത പോളിസ്റ്റര്‍ ഫാബ്രിക് ഉപയോഗിച്ചാണ് ഷര്‍ട്ടുകളും ജാക്കറ്റുകളും നിര്‍മിച്ചിരിക്കുന്നത്.കറുപ്പ്-വെളുപ്പ്-നീല നിറത്തിലുള്ള യൂണിഫോമാണ് പൈലറ്റുമാര്‍ക്ക്. ക്യാബിന്‍ ക്രൂവിന് ഓറഞ്ചും കറുപ്പും നിറത്തിലുള്ള യൂണിഫോമും. ഷൂ സോള്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതെ റീസൈക്കിള്‍ ചെയ്ത റബ്ബര്‍ ഉപയോഗിച്ചുള്ളതാണ്.

ഇന്ധനവില വർധന അടക്കം വ്യോമയാന മേഖല വിവിധ വെല്ലുവിളി നേരിടുമ്പോഴാണ് ആകാശ എയറിന്‍റെ തുടക്കം . എന്നാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ യാത്രാനിരക്കു നല്‍കി പരമാവധി യാത്രികരെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ