ചൈനീസ് ഇ-കൊമേഴ്സ് ഭീമന്മാരായ ആലിബാബ, ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിലെ മുഴുവൻ ഓഹരികളും വിറ്റു. ആലിബാബയുടെ കൈവശം അവശേഷിച്ചിരുന്ന ഓഹരികൾ ബ്ലോക്ക് ഡീൽ വഴി 1,378 കോടി രൂപയ്ക്കാണ് വിറ്റത്. പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ 2,14,31,822 ഓഹരികൾ, ഒന്നിന് 642.74 രൂപയ്ക്ക് വിറ്റെന്നാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ലഭ്യമാക്കുന്ന വിവരം. പേടിഎമ്മിന്റെ ഓഹരി മൂല്യം എൻഎസ്ഇയിൽ വെള്ളിയാഴ്ച ഒൻപത് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
പേടിഎമ്മിന്റെ 6.26 ശതമാനം ഓഹരിയാണ് ആലിബാബയുടെ കൈവശം ഉണ്ടായിരുന്നത്. കഴിഞ്ഞ ജനുവരിയിൽ 3.1% ഓഹരികൾ 12.50 കോടിക്ക് ആലിബാബ വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് ശേഷിക്കുന്ന ഓഹരികൾ കൂടി വിറ്റത് . ആലിബാബ പെട്ടെന്ന് ഓഹരികൾ വിൽക്കാൻ ഉണ്ടായതിന്റെ പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. ഇത് സംബന്ധിച്ച് പേടിഎമ്മോ ആലിബാബയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിഗ്ബാസ്ക്കറ്റ്, സൊമാറ്റോ തുടങ്ങിയ ഇന്ത്യൻ സംരംഭങ്ങളിലെ നിക്ഷേപം നേരത്തെ ആലിബാബ പിൻവലിച്ചിരുന്നു. പേടിഎമ്മിൽ നിന്ന് കൂടി പിന്മാറിയതോടെ ഇന്ത്യയിലെ നിക്ഷേപം അവസാനിപ്പിക്കുകയാണ് ആലിബാബ. ആലിബാബയുടെ പിന്മാറ്റം ഓഹരി വിപണിയിൽ പേടിഎമ്മിന് തിരിച്ചടിയാണ്. മോർഗൻ സ്റ്റാൻലി എന്ന ധനകാര്യ സ്ഥാപനം പേടിഎമ്മിന്റെ 54.2 ലക്ഷം ഓഹരികൾ 640 രൂപയ്ക്ക് ആണ് വാങ്ങിയതെന്ന് വെള്ളിയാഴ്ചത്തെ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.