ട്വിറ്ററിനും മെറ്റക്കും പിന്നാലെ ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോണും. ചിലവുചുരുക്കുന്നതിൻ്റെ ഭാഗമായി ആയിരകണക്കിന് ജീവനക്കാരെ പിരിച്ചു വിടാനുള്ള തയ്യാറെടുപ്പിലാണ് ആമസോണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാര കമ്പനിയാണ് ആമസോൺ
ആഗോളതലത്തില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാരുള്ള ആമസോണിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചു വിടലായിരിക്കുമിതെന്നാണ് കണക്കുകള്‍ . ആകെ ജീവനക്കാരുടെ ഒരു ശതമാനത്തോളം പേരെ ഇതുവഴി പിരിച്ചു വിടും. ചുരുങ്ങിയത് 10,000 ത്തോളം പേർക്കെങ്കിലും ജോലി നഷ്ടമാവുമെന്നാണ് സൂചന.
റീട്ടെയ്ല്‍, ഹ്യൂമന്‍ റിസോഴ്സ് വിഭാഗങ്ങളിലായാണ് കൂട്ട പിരിച്ചുവിടല്‍ നടക്കുന്നത് .
മാസങ്ങള്‍ നീണ്ട അവലോകനത്തിനും പഠനത്തിനും ശേഷം ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാരോട് മറ്റ് അവസരങ്ങള്‍ തേടാന്‍ ആമസോണ്‍ ആവശ്യപ്പെട്ടിരുന്നു . കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവില്‍ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദ ഗതിയിലാണെന്നും ആമസോണ്‍ കൂട്ടി ചേര്‍ത്തു. ഈ വര്‍ഷം ആമസോണിന്റെ ഓഹരിമൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു.
ട്വിറ്റര്‍ ഇലോണ്‍ മസ്‌ക്ക് ഏറ്റെടുത്തതിനു പിന്നാലെ 50 ശതമാനത്തിലധികം വരുന്ന ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു . കൂടാതെ ട്വിറ്ററിലെ ഉന്നത ഉദ്യോഗസ്ഥരടക്കം രാജി വെച്ച് പുറത്തു പോകുകയും ചെയ്തു. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചു വിട്ടു . ഇതിനു തൊട്ട് പിന്നാലെയാണ് ഓണ്‍ലൈന്‍ ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നത് .
ആഗോളതലത്തിൽ ടെക് കമ്പനികൾ നേരിടുന്ന പ്രതിസന്ധിയാണ് പിരിച്ചുവിടലുകളിലൂടെ തെളിയുന്നതെന്നാണ് ധനകാര്യ വിദഗ്ദർ പറയുന്നത്.