ആമസോണിലെ കൂടുതല്‍ ജീവനക്കാരെ 2023ല്‍ പിരിച്ചുവിടുമെന്നാണ് സിഇഒ ആൻഡി ജസി സൂചനകള്‍ നല്‍കിയിരുന്നതെങ്കിലും 20,000 ജീവനക്കാരെ അടിയന്തരമായി പുറത്താക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്സ് കമ്പനികളിലൊന്നായ ആമസോൺ 10,000 പേരെ ഉടനെ പിരിച്ചുവിടുമെന്നായിരുന്നു ആദ്യത്തെ വാർത്തകള്‍. എന്നാല്‍, മുതിർന്ന ഉദ്യോഗസ്ഥരടക്കമുള്ള ഇരട്ടി ജീവനക്കാരെ പുറത്താക്കുമെന്നാണ് പുതിയ വിവരം. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.
കമ്പനിയിലെ എല്ലാ വിഭാഗത്തിലുളള ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കും. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ മുന്‍പ് തന്നെ അറിയിപ്പ് ലഭിക്കും. കമ്പനിയുടെ കരാറുകള്‍ പ്രകാരമുളള ആനുകൂല്യങ്ങളും ലഭിക്കും. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കമ്പനിയിലെ എല്ലാ വിഭാഗത്തിലുളള ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കും. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ മുന്‍പ് തന്നെ അറിയിപ്പ് ലഭിക്കും
കഴിഞ്ഞ ഏതാനും പാദങ്ങളായി കമ്പനി നഷ്ടത്തിലായതിനാലാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്. ഉത്സവ സീസണുകളില്‍ വന്‍ നേട്ടമുണ്ടാക്കേണ്ടിയിരുന്ന സമയത്താണ് കമ്പനിയുടെ നേട്ടം മന്ദഗതിയിലായത്. ഈ വര്‍ഷം കമ്പനിടെ ഓഹരി മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. സമ്പദ്‍വ്യവസ്ഥയിലെ തകർച്ചയും കഴിഞ്ഞ വർഷങ്ങളിലെ അധിക റിക്രൂട്ട്മെന്റുമാണ് കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചതെന്നായിരുന്നു 10,000 പേരെ പുറത്താക്കിയ ശേഷമുള്ള ആന്‍ഡി ജസിയുടെ പ്രതികരണം.
സാമ്പത്തികമാന്ദ്യം ആഗോളതലത്തിൽ ടെക് ഭീമന്മാരെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. ട്വിറ്റർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ മെറ്റയും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തിലധികം വരുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത് . ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചു വിട്ടു . ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ ഭീമനായ ആമസോണും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്.