ഡൽഹിയിലും മുംബൈയിലുമായി പ്രവർത്തനമാരംഭിച്ച ആപ്പിൾ സ്റ്റോറുകളിൽ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകി കമ്പനി. മറ്റ് ഇലക്ട്രോണിക് സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടിയാണിത്. ഇന്ത്യയിൽ ആദ്യമായി തുടങ്ങിയ സ്റ്റോറുകളിൽ പതിനഞ്ചോളം ഭാഷകൾ സംസാരിക്കുന്ന ഏകദേശം 170 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ എല്ലാവരും തന്നെ എംബിഎ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി-ടെക്, കംപ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബാച്ചിലേഴ്സ് തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവരാണെന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഒട്ടുമിക്ക ജീവനക്കാര്‍ക്കും എട്ട് വർഷമാണ് പ്രവൃത്തി പരിചയം. എംബിഎ, ഡാറ്റാ അനാലിസിസ് പശ്ചാത്തലമുള്ള വ്യക്തിയാണ് ആപ്പിളിന്റെ ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ്. ആപ്പിൾ ഇഎക്സ്എല്ലിൽ മുൻപ് ജോലി ചെയ്തിരുന്ന, നിലവിൽ ആപ്പിൾ ഇന്ത്യൻ സ്റ്റോറിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരന് ബിടെക്കിലാണ് (പാക്കേജിംഗ് സയൻസ്) ബിരുദം. കേംബ്രിഡ്ജ്, ഗ്രിഫിത്ത് യൂണിവേഴ്സിറ്റി പോലുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ പഠിച്ച ജീവനക്കാരും സ്റ്റോറുകളിലുണ്ട്.
ഇപ്പോള്‍ ഇന്ത്യയിലെ സ്റ്റോറുകളില്‍ കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തിരിക്കുകയാണ് ആപ്പിൾ. ആപ്പിൾ കരിയർ പേജിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ് എക്സ്പെർട്ട് എന്നീ തസ്തികകളിലേക്കാണ് നിലവിൽ ആപ്പിൾ നിയമനം നടത്തുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള, ആപ്പിൾ ഉപകരണങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ള, ആശയവിനിമയത്തിൽ കഴിവുള്ള ജീവനക്കാരെയാണ് കമ്പനി അന്വേഷിക്കുന്നത്.
ലോകമെമ്പാടുമുള്ള ആളുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ദൗത്യമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു. ഇന്ത്യയിലുടനീളം നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ടിം വ്യക്തമാക്കിയിരുന്നു.