ഇന്ത്യയിലെ പ്രമുഖ ഭക്ഷണ ഉത്പന്ന കമ്പനിയായ ബ്രിട്ടാനിയ കൊല്‍ക്കത്തയിലെ ഫാക്ടറി അടച്ചുപൂട്ടുന്നു. ബ്രിട്ടാനിയയുടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാക്ടറിയാണ് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ തരാതലയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഒരു കാലത്ത് നഗരത്തിന്റെ ലാന്‍ഡ് മാര്‍ക്കായാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ കമ്പനിയുടെ തീരുമാനം പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ പോരിന് കൂടിയാണ് വഴി തുറക്കുന്നത്.
1947 ല്‍ ആണ് ബ്രിട്ടാനിയ കൊല്‍ക്കത്തയിലെ തരാതലയില്‍ ഫാക്ടറി സ്ഥാപിക്കുന്നത്. കൊല്‍ക്കത്ത തുറമുഖത്തിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കര്‍ പാട്ടഭൂമിയിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഫാക്ടറിയുടെ പാട്ടക്കരാര്‍ 2018ല്‍ 30 വര്‍ഷത്തേക്ക് പുതുക്കി, 2048 വരെ നീട്ടിയിരുന്നു. കരാര്‍ പതിറ്റാണ്ടുകള്‍ ബാക്കി നില്‍ക്കെയാണ് മുംബൈയിലെയും ചെന്നൈയിലെയും ഫാക്ടറികള്‍ക്ക് പിന്നാലെ കൊല്‍ക്കത്തയിലും അടച്ചുപൂട്ടല്‍ നടപടിയിലേക്ക് നീങ്ങുന്നത്. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലെ ബിസിനസില്‍ ഏറെ നിര്‍ണായകമാണ് ബ്രിട്ടാനിയയ്ക്ക് തരാതലയിലെ ഫാക്ടറി. ബ്രിട്ടാനിയയുടെ മൂന്നാമത്തെ വലിയ വിപണിയെ ആണ് തരാതല ഫാക്ടറി പ്രതിനിധീകരിക്കുന്നത്. 900 കോടിയിലധികമാണ് മേഖലയിലെ കമ്പനിയുടെ വരുമാനം.
ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടുന്നത് എന്തിന് ?
കമ്പനിയുടെ തന്ത്രപരമായ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഫാക്ടറി അടച്ചുപൂട്ടുന്നത് എന്നാണ് ബ്രിട്ടാനിയ തീരുമാനത്തിന് നല്‍കുന്ന വിശദീകരണം. ഫാക്ടറി കഴിഞ്ഞ മേയില്‍ ഉത്പാദനം നിര്‍ത്തിയിരുന്നു. ഫാക്ടറി പൂട്ടുന്ന വിവരം ബ്രിട്ടാനിയ ജീവനക്കാരെയും അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കാനുള്ള അവസരം ഉള്‍പ്പെടെ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
122 സ്ഥിര ജീവനക്കാരും 250 ഓളം കരാര്‍ ജീവനക്കാരും ഉള്‍പ്പെടെ നാന്നൂറോളം ജീവനക്കാരാണ് ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പലരും പതിറ്റാണ്ടുകളായി ഇതേസ്ഥാപനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സ്വമേധയാ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും ബ്രിട്ടാനിയ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവര്‍ക്ക് 22 ലക്ഷവും ഏഴ് വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 18 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും.
നഷ്ടപരിഹാരം ഉള്‍പ്പെടെ പ്രഖ്യാപിക്കുമ്പോഴും ജീവനക്കാരില്‍ ആശങ്ക ബാക്കിയാണ്. കൊല്‍ക്കത്തയുടെ വ്യാവസായിക ഭൂപടത്തില്‍ വിശാലമായ മാറ്റത്തിന്റെ സൂചനയാണ് ബ്രിട്ടാനിയയുടെ നടപടിയി ചൂണ്ടിക്കാട്ടുന്നത് എന്നാണ് ഉയരുന്ന വാദം.
ഫാക്ടറി അടിച്ചുപൂട്ടലും രാഷ്ട്രീയ വാക്പോരും
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വ്യവസായ വിരുദ്ധ നടപടികളുടെ ഫലമാണ് ഫാക്ടറി അടച്ചുപൂട്ടലിന് കാരണമെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. സംസ്ഥാന സര്‍ക്കാര്‍ ബംഗാള്‍ വ്യവസാസയ സൗഹൃദമല്ലെന്ന നിലയിലേക്ക് എത്തിച്ചെന്നാണ് ബംഗാള്‍ ബിജെപി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ സുകാന്ത മജുംദാറിന്റെ ആക്ഷേപം.
ഒരു പടികൂടി കടന്ന് ബംഗാളിലെ ഇടത് സര്‍ക്കാരിനെക്കൂടി കുറ്റപ്പെടുത്തുകയാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. ബംഗാളിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്കും ബൗദ്ധിക വൈഭവത്തിനും പേരുകേട്ട പ്രദേശം അരാജകത്വത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ് ഫാക്ടറിയുടെ തകര്‍ച്ചയ്ക്ക് കാരണമായത് എന്നും ഇതിന് തൃണമൂല്‍ കോണ്‍ഗ്രസും മുന്‍ ഇടത് സര്‍ക്കാരും കൈക്കൊണ്ട നയങ്ങള്‍ കാരണമായെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇടത് സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ തൊഴിലാളി സംഘടനകള്‍ ബംഗാളിലെ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു. തൃണമൂല്‍ ഭരണകാലത്തെ അഴിമതി പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടാനുള്ള കാരണം അവരുടെ മാനേജ്‌മെന്റ് തലത്തിലുള്ള പ്രശ്‌നങ്ങളാണെന്നും അതിന് സര്‍ക്കാര്‍ നയങ്ങള്‍ കാരണമായിട്ടില്ലെന്നുമാണ് ടിഎംസിയുടെ നിലപാട്. ബിജെപി ആരോപണങ്ങള്‍ തള്ളിയ ടിഎംസി നേതാവ് കുനാല്‍ ഘോഷ് ബ്രിട്ടാനിയയുടെ വിഷയം സംസ്ഥാനത്തെ ആകെ വ്യവസായ മേഖലയുടെ വിഷയമായി കണക്കാക്കാനാകില്ല. സംസ്ഥാനത്ത് നിരവധി പുതിയ ബിസ്‌കറ്റ് ഫാക്ടറികള്‍ ആരംഭിക്കുകയും ബിസ്‌കറ്റ് ഉല്‍പ്പാദനം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ പ്രത്യേക ശാഖ മാത്രമേ പ്രശ്നം നേരിടുന്നുള്ളുവെങ്കില്‍, അവരുടെ മാനേജ്മെന്റ് പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.