ഐഐടി ഖരഖ്പൂരിൽ നിന്ന് ആർക്കിടെക്ച്ചർ പൂർത്തിയാക്കിയ ഗോപീകൃഷ്ണനും എൻഐടി കോഴിക്കോട് നിന്ന് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയ ഫിനാസ് നഹയും.വലിയ സ്വപ്നങ്ങളുമായി ഐഐഎമ്മിൽ ഇരുവരും ഒന്നിച്ചപ്പോൾ ബിൽഡ് നെക്സ്റ്റ് എന്ന ആശയം ജനിച്ചു.2015ൽ ഇരുവരും ചേർന്ന് ബിൽഡ് നെക്സ്റ്റ് എന്ന കമ്പനി രൂപീകരിച്ചു. രൂപകല്‍പ്പന, നിര്‍മാണ സാമഗ്രികള്‍, തൊഴില്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ മികവ് പുലർത്തുന്നതിനൊപ്പം ഈ രംഗത്തെ ഗവേഷണ സാധ്യതകളെ കൂടി ലക്ഷ്യമിടുന്ന രാജ്യത്തെ തന്നെ ചുരുക്കം സ്ഥാപനങ്ങളിൽ ഒന്നാണ് ഇന്ന് ബിൽഡ് നെക്സ്റ്റ്.കെട്ടിടനിർമ്മാണത്തിനൊപ്പം നിർമ്മാണ സാമഗ്രികളുടെ നിർമ്മാണത്തിലും വിതരണത്തിലും ബിൽഡ് നെക്സ്റ്റ് ഇന്ന് ദക്ഷിണേന്ത്യയിലെ കരുത്തനാണ്. സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരാമവധി പ്രയോജനപ്പെടുത്തുന്നുവെന്നതാണ് ഈ സംരംഭത്തിൻ്റെ വിജയമന്ത്രം.
ഐഐടികളില്‍ നിന്നും ഐഐഎമ്മുകളില്‍ നിന്നും രാജ്യത്തെ മറ്റ് മുന്‍നിര ഇന്‍സ്റ്റിറ്റ്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയ പരിചയ സമ്പന്നരായ ഒരു കൂട്ടം പ്രൊഫഷണലുകള്‍ ആണ് ബിൽഡ് നെക്സ്റ്റിന്റെ കരുത്ത്. കെട്ടിടങ്ങളുടെ പ്ലാൻ രേഖ പേപ്പറിൽ വരച്ചുകൊണ്ട് പോയി ആളുകളെ കാണിക്കുന്ന കാലത്തിൽ നിന്ന് മാറി ചിന്തിച്ചുകൊണ്ട് ഉപഭോക്താവിന് വിർച്വൽ രീതിയിൽ പ്ലാനുകൾ നൽകുന്നുവെന്നതാണ് വലിയ പ്രത്യേകത.
ഐഐടിയിൽ പഠിക്കുന്ന സമയത്ത് മെക്കാനിക്കൽ, സിവിൽ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ തുടങ്ങി മറ്റ് മേഖലകളെ അപേക്ഷിച്ച് സാങ്കേതിക വിദ്യയുടെ അഭാവം ഏറ്റവും കുറവ് അനുഭവപ്പെട്ട മേഖലയായിരുന്നു ആർക്കിടെക്ച്ചർ എന്ന് ഗോപീകൃഷ്ണൻ പറയുന്നു. ഇത്തരം സാങ്കേതിക വിദ്യകൾ ഒന്നും കൃത്യമായി ഉപയോഗിക്കാനുള്ള സംവിധാനം അവിടെയില്ലെന്ന് മനസിലാക്കി തുടർപഠനത്തിനായി ഗോപീകൃഷ്ണൻ ഐഐഎമ്മിലേക്ക് പോയി. കോഴിക്കോട് എൻഐടിയിലെ പഠനത്തിന് ശേഷം ഫിനാസ് ആമസോണിലും ജോലിക്ക് കയറി. ആമസോണിലെ ജോലി മുൻപോട്ടുള്ള ആശയങ്ങൾക്ക് കൂടുതൽ അടിത്തറ പാകാൻ സഹായകമായി.
ജോലി വിട്ടിറങ്ങിയ സമയം കമ്പനിയുടെ ബോസ് 'നന്നായി പോ' എന്നു പറഞ്ഞ് 20 ലക്ഷം രൂപ നൽകിയതായിരുന്നു ആകെയുണ്ടായിരുന്ന മൂലധനം
തുടക്കകാലത്തെ ശ്രമങ്ങൾ പലതും പാളിപ്പോയിട്ടുണ്ട്.എങ്കിലും തുടർച്ചയായ പരിശ്രമമാണ് ഇരുവരെയും വിജയവഴിയിൽ എത്തിച്ചത്. സംരംഭം തുടങ്ങിയ കാലത്ത് കേരളാ സ്റ്റാർട്ടപ്പ് മിഷൻ ഒരാൾക്ക് 1250 രൂപ വീതം മാത്രമായിരുന്നു നൽകി വന്ന തുക. ഇറങ്ങിത്തിരിച്ച സമയത്ത് പ്രത്യേക മൂലധനം ഇരുവരും കയ്യിൽ കരുതിയിരുന്നില്ല. ജോലി നിർത്തി ഇറങ്ങിയ സമയത്ത് കമ്പനിയുടെ ബോസ് 20 ലക്ഷം രൂപ നൽകി 'നന്നായി പോ' എന്ന് എഴുതി തന്നതായിരുന്നു ആകെയുള്ള മൂലധനമെന്ന് ഗോപീകൃഷ്ണൻ പറയുന്നു. കോംഗ്ളോ വെഞ്ചേർസാണ് ആദ്യമായി ബിൽഡ് നെക്സ്റ്റിൽ നിക്ഷേപം നടത്തുന്നത്. കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ ചെറിയ ഗ്രാൻഡും ഉണ്ടായിരുന്നു. സംരംഭത്തിന്റെ ആദ്യ ഒരു മൂന്നു, നാല് വർഷത്തെ വളർച്ചയുടെ സമയത്ത് പലതരം പരീക്ഷണങ്ങളിലൂടെയാണ് ഇരുവർക്കും കടന്ന് പോകേണ്ടി വന്നത്. എന്താണ് കൃത്യമായ രീതിയിലുള്ള മാർക്കറ്റിംഗെന്ന ആശയക്കുഴപ്പം പലപ്പോഴും വിലങ്ങുതടിയായി. കസ്റ്റമേഴ്സിന്റെ അടുത്തേക്ക് നേരിട്ട് പോകണോ, അതോ കസ്റ്റമേഴ്സിനോട് ഇടപഴകുന്ന കോൺട്രാക്ടേഴ്സിന് വർക്ക് കൊടുക്കണോ എന്നിങ്ങനെ ആശയക്കുഴപ്പങ്ങൾ
സോഫ്റ്റ്‌വെയർ വിൽപ്പനയിലൂടെ വരുമാനത്തിനും ശ്രമിച്ചു. . 2018-19 സമയത്ത് ഉപഭോക്താവിനെ നേരിട്ട് സമീപിച്ചാലോ എന്നാലോചിച്ചു. ആ രീതിയിൽ മുമ്പോട്ട് പോയപ്പോൾ നല്ല പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് 2019 അവസാനത്തോട് കൂടി മാർക്കറ്റ് ചെയ്യാൻ ആരംഭിച്ചു. ലോക്ഡൌണിൽ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും കുഴപ്പമില്ലാതെ സ്ഥാപനം വളർച്ച നേടിക്കൊണ്ടിരുന്നു. വീട് കൈമാറുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം ഇരുവരുടെയും ആത്മവിശ്വാസം വർധിപ്പിച്ചു.
ബിൽഡ് നെക്സ്റ്റിന്റെ തീം 'ഹോംസ് ക്രാഫ്റ്റഡ് വിത് ലവ്വ് ആൻഡ് ഡാറ്റ' എന്നതാണ്
ബിൽഡ് നെക്സ്റ്റിന്റെ തീം , 'ഹോംസ് ക്രാഫ്റ്റഡ് വിത് ലവ്വ് ആൻഡ് ഡാറ്റ' എന്നതാണ്. ''നമുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ അവർക്ക് വേണ്ട കാര്യം അവർ പറയാതെ തന്നെ നമ്മൾ ചെയ്തു കൊടുക്കും'' ഗോപീകൃഷ്ണൻ പറയുന്നു. അവരുടെ ജീവിത രീതികൾ മാപ്പ് ചെയ്ത് എന്തൊക്കെയാണ് ആവശ്യമെന്ന് കണ്ടെത്തുകയും അടുത്ത ഒരു അഞ്ചു പത്തു വർഷത്തേക്കിനുള്ള അവരുടെ ആവശ്യങ്ങളെ മുൻകൂട്ടിക്കാണുകയും ചെയ്യും. ''ഇപ്പോൾ ഒരു ഇലക്ട്രിക് കാറിന്റെ ചാർജർ വേണ്ട എന്ന് പറഞ്ഞാലും അടുത്ത ഒരഞ്ചു കൊല്ലം കഴിയുമ്പോൾ അവർക്കത് ആവശ്യമായി വരും. അങ്ങനത്തെ ചെറിയ കാര്യങ്ങൾ പോലും നമ്മൾ അവർക്ക് കൃത്യമായി പറഞ്ഞു കൊടുക്കും. ഇരുന്നൂറ് കസ്റ്റമേഴ്സിന്റെ അടുത്തു പോയാലും ഈ രീതിയിൽ തന്നെ ആവശ്യങ്ങൾ കൈകാര്യം ചെയ്യും'' ഗോപീകൃഷ്ണൻ വ്യക്തമാക്കി.
ഈ ചെറിയ കാലഘട്ടത്തിനിടയിൽ നൂറിനടുത്ത് വീടുകൾ കൈമാറി കഴിഞ്ഞിട്ടുണ്ട് ബിൽഡ് നെക്സ്റ്റ് ടീം. നിലവിൽ ഇരുന്നൂറ്റിയമ്പതോളം വീടുകൾ നിർമ്മാണത്തിലുണ്ട്. കേരളം, ഹൈദരാബാദ്, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങി ദക്ഷിണേന്ത്യയിൽ മിക്കയിടത്തും ബിൽഡ് നെക്സ്റ്റിന്റെ നിർമ്മാണങ്ങൾ വ്യാപിച്ചു കഴിഞ്ഞു. നിലവിൽ കേരളത്തിൽ ഏഴ് സെന്ററുകളും, പതിന്നാല് ജില്ലകളിൽ പ്രവത്തനങ്ങളുമായി ബിൽഡ് നെക്സ്റ്റ് വളർന്നിരിക്കുകയാണ്. ഒരു കാര്യം പല രീതിയിൽ ചെയ്യാൻ സാധിക്കും. ''ഒരു കാര്യം ചെയ്യാൻ പല മാർഗ്ഗങ്ങളുണ്ട്. നമുക്കൊരു പ്രത്യേക കാര്യം ചെയ്യണം എന്ന തീവ്രമായ ആഗ്രഹം ആകണം സ്റ്റാർട്ട് അപ്പ് തുടങ്ങുന്നതിന്റെ അടിസ്ഥാനം.അല്ലാതെ സ്റ്റാർട്ട് അപ്പ് തുടങ്ങാൻ വേണ്ടി മാത്രം നമ്മൾ സ്റ്റാർട്ട് അപ്പ് തുടങ്ങാൻ പാടില്ല'' യുവ സംരംഭകരോടായി ഗോപീകൃഷ്ണൻ പറയുന്നു.