ഇറക്കുമതി തീരുവയില്‍ കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ച 5 ശതമാനം വര്‍ധനയോടെ മഞ്ഞലോഹത്തിന്റെ വിപണിമൂല്യം ഉയരുകയാണ്. 15 ശതമാനമായി ഇറക്കുമതി തീരുവ ഉയര്‍ത്തി ജൂണ്‍ 30നാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും വില വര്‍ധനയ്ക്ക് ആക്കം കൂട്ടി. ഡോളര്‍ കരുത്താര്‍ജിക്കുന്നത് തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും ഉയരും. കേരളത്തിലുള്‍പ്പെടെ കല്യാണങ്ങളുടെയും ആഘോഷങ്ങളുടേയും സീസണാണ് വരാനിരിക്കുന്നത്. അതിനാല്‍ തന്നെ വില വര്‍ധന സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.
കോവിഡ് പ്രതിസന്ധിക്കിടെ 2020ല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധന കണ്ടിരുന്നു. 2020 മാര്‍ച്ചില്‍ പവന് 41,000 രൂപയ്ക്കും 43,000 രൂപയ്ക്കും ഇടയിലായിരുന്നു നിരക്ക്. ജൂലൈയില്‍ ഇത് 50,000 പിന്നിട്ടു. ആ വര്‍ഷം ഓഗസ്റ്റ് ആയപ്പോഴേക്കും സ്വര്‍ണം സാധാരണക്കാര്‍ക്ക് കയ്യെത്തി പിടിക്കാനാവാത്ത, പവന് 56,000 രൂപ എന്ന നിലയിലെത്തി. 15 ശതമാനമായി നികുതി വര്‍ധിച്ചതോടെ ദിനംപ്രതി സ്വര്‍ണവില ഉയരുകയാണ്. 2020 ഓഗസ്റ്റിലെ റെക്കോഡും മറികടക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
എന്തുകൊണ്ട് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു?
പ്രതി വര്‍ഷം 900 ടണ്‍ വരെ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട് . സ്വര്‍ണത്തിന്റെ ഇറക്കുമതി കുറച്ച്, രൂപയുടെ തകര്‍ച്ച തടയുക എന്നതാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നില്‍. കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കുറച്ച് കുറച്ച് സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം. 7.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയര്‍ത്തിയത്. എന്നാല്‍ ജിഎസ്ടിയും സെസും ചേരുന്നതോടെ ഇത് 15 ശതമാനമാകും. പേരില്‍ അഞ്ച് ശതമാനം മാത്രമാണ് വർധനയെങ്കിലും പ്രായോഗിക തലത്തില്‍ അത് എട്ട് ശതമാനത്തോളമാകും. വിപണി വിലയില്‍ അഞ്ച് ശതമാനത്തിലധികം വര്‍ധനയാണ് ഇതിലൂടെ ഉണ്ടാകുക. അതായത് സ്വര്‍ണം ഒരു കിലോ ഇറക്കുമതി ചെയ്യാന്‍ രണ്ടര ലക്ഷം രൂപയിലധികം വേണ്ടി വരും. 2021ലെ ബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കി കുറച്ചതിന്റെ നേര്‍ വിപരീത നടപടിയാണ് ഇപ്പോള്‍ ധനകാര്യമന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.
പുതിയ സ്വര്‍ണം വാങ്ങുന്നത് വലിയ ബാധ്യതയാകുമെന്നതിനാല്‍ പഴയ ആഭരണങ്ങള്‍ പുനരുപയോഗം ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്
ജ്വല്ലറി ഉടമകള്‍ സ്വര്‍ണവില കണക്കാക്കുന്നതെങ്ങനെ?
ഓരോ ദിവസവും മാറുന്നതാണ് സ്വര്‍ണവില. വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ആദ്യം പ്രകടമാകുന്നത് സ്വര്‍ണ വിലയിലാണ്. . വിപണി വിലയ്ക്ക് അനുസൃതമായി ഓരോ നഗരത്തിലും സ്വര്‍ണവില നിശ്ചയിക്കുന്നത് ജ്വല്ലേഴ്‌സ് അസോസിയേഷനാണ്. സ്വര്‍ണം ലോഹമായി എത്തിക്കുമ്പോള്‍ തന്നെ ഇറക്കുമതി തീരുവ ജ്വല്ലറി ഉടമയില്‍ നിന്ന് ഈടാക്കപ്പെടും. ഉപഭോക്താവ് ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള വിലയാണ് നല്‍കുന്നത്. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും അതിനൊപ്പം ഈടാക്കും. അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് ആഭ്യന്തര സ്വര്‍ണവിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. എന്നാല്‍ ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഉള്‍പ്പെടെ നല്‍കേണ്ടതിനാല്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കും. പുതിയ സ്വര്‍ണം വാങ്ങുന്നത് വലിയ ബാധ്യതയാകുമെന്നതിനാല്‍ ഇന്ത്യയിലേറെയും പഴയ ആഭരണങ്ങള്‍ പുനരുപയോഗം ചെയ്യുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്.
സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ സുരക്ഷിതം
ജ്വല്ലറികളുടെ വഞ്ചനയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങല്‍ കൂടുതല്‍ സുരക്ഷിതമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തെ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങളുടെ വില്‍പന മാത്രമാണ് അനുവദനീയമായിട്ടുള്ളത്. സ്വര്‍ണം എത്ര കാരറ്റ് ആണെങ്കിലും ഹാള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാണ്. ഓരോ സ്വര്‍ണാഭരണത്തിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പരിശുദ്ധി മുദ്രകള്‍ ഇവയാണ്
1. BIS മുദ്ര
2. പ്യൂരിറ്റി / ഫിറ്റ്‌നസ് ഗ്രേഡ്
3. HUID അഥവാ സിക്‌സ് ഡിജിറ്റ് കോഡ്
സ്വര്‍ണ കള്ളക്കടത്ത് കൂടാനിടയാക്കും
ഇറക്കുമതി തീരുവ വര്‍ധന രാജ്യത്തുണ്ടാക്കുന്ന പ്രതിസന്ധിയില്‍ പ്രധാനമാകും സ്വര്‍ണ കള്ളക്കടത്ത്. 2011ലാണ് രാജ്യത്ത് ആദ്യമായി സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. അന്ന് കസ്റ്റംസ് ഡ്യൂട്ടി ഒരു ശതമാനമായിരുന്നെങ്കില്‍ 2022ല്‍ അത് 12.5 ശതമാനത്തിലെത്തി. മറ്റ് സെസുകള്‍ കൂടി ചേരുമ്പോള്‍ നികുതി 15 ശതമാനമാകും. മൂന്ന് ശതമാനം ജിഎസ്ടി കൂടി ചേരുമ്പോള്‍ ഏകദേശം 18 ശതമാനം തീരുവയാണ് സ്വര്‍ണ ഇറക്കുമതിക്ക് രാജ്യത്ത് നല്‍കേണ്ടി വരുന്നത്. ഇത് നികുതി വെട്ടിപ്പിനും അനധികൃത കടത്തിനും വില്‍പനയ്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കും.
പുതിയ നികുതി വര്‍ധനയിലൂടെ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ 15 ശതമാനം വരെ വില വ്യത്യാസമുണ്ടാകും. ഇതോടെ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന പ്രവാസികളുടെ എണ്ണം ഇനിയും കൂടും. അത് രാജ്യത്തെ വ്യാപാരമേഖലയെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കും. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 4 ശതമാനമായി കുറയ്ക്കണമെന്ന് വ്യാപാരികളുടെ ഭാഗത്ത് നിന്ന് ആവശ്യമുയരുമ്പോഴാണ് ഇറക്കുമതി തീരുവയിലെ ഈ വര്‍ധന. വിവാഹങ്ങളും ഓണം പോലെയുള്ള ആഘോഷങ്ങളും വരാനിരിക്കുന്ന സീസണില്‍ സ്വര്‍ണ വ്യാപാരമേഖലയെ കാത്തിരിക്കുന്നത് വൻ തിരിച്ചടിയാണ് .