BUSINESS

കോവിഡിനെ അതിജീവിച്ച് സിയാൽ പറന്നുയരുന്നു; പ്രവർത്തന ലാഭം 217.34 കോടി രൂപ

2021-22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ ലാഭം നേടിയാണ് കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചത്.

വെബ് ഡെസ്ക്

വ്യോമയാന മേഖലയിൽ കോവിഡ് മഹാമാരി തീർത്ത സാമ്പത്തിക ആഘാതത്തിൽ നിന്നും സിയാൽ ശക്തമായ തിരിച്ചു വരവ് നടത്തി. 2021-22 സാമ്പത്തിക വർഷത്തിൽ 37.68 കോടി രൂപ ലാഭം നേടിയാണ് സിയാൽ കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചത്. 418.69 കോടി രൂപയാണ് കമ്പനിയുടെ മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്നു ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26 ന് നടത്താൻ നിശ്ചയിച്ചു.

2020-21 സാമ്പത്തിക വർഷത്തിൽ 87.21 കോടി രൂപ നഷ്ടമുണ്ടായിരുന്നു. ഇവിടെ നിന്നാണ് തിരിച്ചുവരവ്. 252.71 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തവരുമാനം . പ്രതിവർഷം ഒരു കോടിയോളം യാത്രക്കാരെ കൈയ്കാര്യം ചെയ്തിരുന്ന സിയാൽ കോവിഡ് കാലഘട്ടത്തിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു.

കോവിഡ് വ്യാപനം കുറഞ്ഞതും കണക്റ്റിവിറ്റി വർധിപ്പിക്കാൻ കമ്പനി നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും വരുമാനം വർധിപ്പിക്കുന്നതിന് ഇടയാക്കി. ഇത് യാത്രക്കാരുടെ എണ്ണം 24 .7 ലക്ഷത്തിൽനിന്നും 47.59 ലക്ഷത്തിലേക്ക് ഉയർത്തി. 217.34 കോടി രൂപയാണ് പ്രവർത്തന ലാഭം. നികുതി ഇല്ലാതെ ലാഭം 37.68 കോടിയും നികുതി കിഴിച്ചുള്ള ലാഭം 26.13 കോടി രൂപയുമാണ്.

സിയാലിന് നൂറുശതമാനം ഓഹരിയുള്ള സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീടെയിൽ സർവീസസിന്റെ ലിമിറ്റഡിന്റെ (സി.ഡി .ആർ .എസ്.എൽ ) വരുമാനം 52.32 കോടിരൂപയിൽ നിന്നും 150.59 കോടി രൂപയായി വർധിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷം 675 കോടി രൂപയുടെ മൊത്തവുമാനമാണ് സിയാൽ പ്രതീക്ഷിക്കുന്നത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന സൗകര്യവികസനത്തിൽ സിയാൽ മുന്നിട്ട് നിന്നിരുന്നു. അരിപ്പാറയിലെ 4.5 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും പയ്യന്നൂരിലെ 12 മെഗാ വാട്ട് സൗരോർജ പദ്ധതിയും ഈ കാലയളവിലാണ് കമ്മീഷൻ ചെയ്തത് . ബിസിനസ് ജെറ്റ് ടെർമിനലിന്റെ നിർമാണം തുടങ്ങിയതും വെള്ളപൊക്ക നിവാരണ പദ്ധതിയായ ഓപ്പറേഷൻ പ്രവാഹ് പൂർത്തിയാക്കിയതും അന്താരാഷ്ട്ര കാർഗോ ടെർമിനൽ നിർമാണം പുനരാരംഭിച്ചതും ഇതേ കാലയളവിലാണ്.

കണക്റ്റിവിറ്റി വർധിപ്പിക്കാൻ മാനേജ്മന്റ് നടത്തിയ ശ്രമങ്ങളും ഫലംകണ്ട് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഉൾപ്പടെയുള്ള നിരവധി എയർലൈനുകൾ സിയാലിൽ നിന്നും സർവീസ് ആരംഭിച്ചു. നിരവധി ആഭ്യന്തര എയർലൈനുകളും അന്താരാഷ്ട്ര സർവിസുകളും ആരംഭിക്കാനുള്ള ഹബ് എന്ന നിലക്ക് സിയാലിനെ പരിഗണിച്ചുതുടങ്ങിയതും വരുന്ന സാമ്പത്തിക വർഷത്തിൽ വരുമാനം വർധിപ്പിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

മന്ത്രിമാരും ഡയറക്ടർമാരായ ശ്രീ.പി രാജീവ്, ശ്രീ.കെ രാജൻ ഡയറക്ടർമാരായ ചീഫ് സെക്രട്ടറി ശ്രീ.വി.പി ജോയ്, ശ്രീ.ഇ.കെ ഭരത് ഭൂഷൺ, ശ്രീമതി അരുണ സുന്ദരരാജൻ, ശ്രീ.എം.എ യുസഫ് അലി, ശ്രീ.എൻ.വി ജോർജ്, ശ്രീ.ഇ.എം ബാബു, മാനേജിങ് ഡയറക്ടർ ശ്രീ.എസ് സുഹാസ്, കമ്പനി സെക്രട്ടറി ശ്രീ.സജി കെ.ജോർജ് എന്നിവർ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുത്തു.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി