BUSINESS

ക്രിപ്‌റ്റോകറന്‍സികള്‍ ചൂതാട്ടം മാത്രം; നിരോധിക്കണമെന്ന് ആവര്‍ത്തിച്ച് ആര്‍ബിഐ ഗവര്‍ണര്‍

എല്ലാ സാമ്പത്തിക ഉത്പന്നങ്ങള്‍ക്കും അതില്‍ അന്തര്‍ലീനമായ ഒരു മൂല്യമുണ്ടാകും. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അത്തരത്തില്‍ മൂല്യമില്ലെന്ന വാദം ശക്തികാന്ത് ദാസ് ആവര്‍ത്തിച്ചു.

വെബ് ഡെസ്ക്

ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന് ആവര്‍ത്തിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ക്രിപ്‌റ്റോകറന്‍സികള്‍ ചൂതാട്ടം അല്ലാതെ മറ്റൊന്നുമല്ല. അവയ്ക്ക് മൂല്യമില്ല. മൂല്യമുണ്ടെന്ന് വിശ്വസിപ്പിക്കല്‍ മാത്രമാണുള്ളത്. ഇവയെ ഒരിക്കലും ഒരു സാമ്പത്തിക ഉത്പന്നമായി കണക്കാക്കാനാവില്ലെന്നും ശക്തികാന്ത് ദാസ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ബിസിനസ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സാമ്പത്തിക ഉത്പന്നങ്ങള്‍ക്കും അതില്‍ അന്തര്‍ലീനമായ ഒരു മൂല്യമുണ്ടാകും. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് അത്തരത്തില്‍ മൂല്യമില്ലെന്ന വാദം ശക്തികാന്ത് ദാസ് ആവര്‍ത്തിച്ചു. അതിന് മൂല്യമുണ്ടെന്ന വിശ്വസിപ്പിക്കല്‍ മാത്രമാണുള്ളത്. ക്രിപ്‌റ്റോകറന്‍സികളെ പിന്തുണയ്ക്കുന്നവര്‍ അതിനെ ഒരു ഡിജിറ്റല്‍ ആസ്തിയായി കാണുന്നുണ്ട്. അതൊരു വിശ്വാസം മാത്രമാണ്. ക്രിപ്‌റ്റോ കറന്‍സികളുടെ കൈമാറ്റം നൂറ് ശതമാനം ഊഹക്കച്ചവടമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത് ചൂതാട്ടമാണെന്ന് ശക്തികാന്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ചൂതാട്ടം അനുവദനീയമല്ല. നിങ്ങള്‍ക്ക് ചൂതാട്ടമാണ് ആവശ്യമെങ്കില്‍ ക്രിപ്‌റ്റോകറന്‍സിയെ ചൂതാട്ടമായി കണക്കാക്കണം. ചൂതാട്ടത്തിനായുള്ള നിയമങ്ങള്‍ സ്ഥാപിക്കണം. ക്രിപ്‌റ്റോകറന്‍സിയെ ഒരിക്കലും ഒരു സാമ്പത്തിക ഉത്പന്നമായി കണക്കാക്കില്ല. ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കുന്നത് സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഡോളര്‍വത്കരണത്തിലേക്ക് നയിക്കും. ക്രിപ്റ്റോകറന്‍സികളെ ഒരു സാമ്പത്തിക ഉത്പന്നമോ സാമ്പത്തിക ആസ്തിയോ ആക്കി മാറ്റണമെന്നത് തികച്ചും തെറ്റായ വാദമാണ്.

മിക്ക ക്രിപ്റ്റോകള്‍ക്കും ഡോളര്‍ മൂല്യമുള്ളതിനാല്‍ അവ നിയമവിധേയമാക്കിയാല്‍ ഒരു സമ്പദ് വ്യവസ്ഥയിലെ 20 ശതമാനം ഇടപാടുകളും സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ക്രിപ്റ്റോകളിലൂടെയാകും നടക്കുക. സമ്പദ് വ്യവസ്ഥയിലെ പണ വിതരണത്തിന്റെ 20 ശതമാനത്തിന് മേല്‍ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടും. പണനയം തീരുമാനിക്കാനും പണലഭ്യത തീരുമാനിക്കാനുമുള്ള കഴിവും ഇല്ലാതാകും. സെന്‍ട്രല്‍ ബാങ്കുകളുടെ അധികാരം അത്രത്തോളം ദുര്‍ബലമാകും, അത് സമ്പദ് വ്യവസ്ഥയെ ഡോളര്‍വത്കരണത്തിലേക്ക് നയിക്കും. തന്നെ വിശ്വസിക്കണമെന്നും ഇത് നിസാരമായൊരു മുന്നറിയിപ്പായി കാണരുതെന്നും ശക്തികാന്ത് പറഞ്ഞു.

മിക്ക പേയ്‌മെന്റുകളും ഡിജിറ്റലായതിനാല്‍ സുരക്ഷയ്ക്കായി മിക്ക ബാങ്കുകള്‍ക്കും വലിയ സാങ്കേതിക വിദ്യയെ ആശ്രയിക്കേണ്ടതായി വരും. ഇത് ബാങ്കുകള്‍ക്ക് ബാധ്യതയായി മാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കണം, വലിയ സാങ്കേതിക വിദ്യകളുടെ ആധിപത്യം അനുവദിക്കരുത്. സെന്‍ട്രല്‍ ബാങ്കുകള്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ പണത്തിന്റെ ഭാവിയാണ്. അവ പ്രിന്റിങ് ചെലവുകള്‍ ലാഭിക്കാന്‍ സഹായിക്കും. അതേസമയം അവ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വമുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിപ്‌റ്റോകറന്‍സികളുടെ ഉപയോഗം ഇല്ലാതാക്കാന്‍ റിസര്‍വ് ബാങ്ക് സ്വന്തം ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. മൊത്തവ്യാപാരത്തിനായി ഒക്ടോബറില്‍ ഇ-റുപ്പി ലഭ്യമാക്കിയിരുന്നു. ഒരു മാസത്തിന് ശേഷം ചില്ലറ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ