ജി എസ് ടി  
ECONOMY

വിലക്കയറ്റത്തിനൊപ്പം നികുതി വര്‍ധനയും; അഞ്ച് വര്‍ഷം പിന്നിടുന്ന ജിഎസ്ടി ജനങ്ങളെ തെരുവിലിറക്കുമോ?

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയില്‍ വന്‍ പ്രതിഷേധം

വെബ് ഡെസ്ക്

‌അശാസ്ത്രീയമായ നികുതി സംവിധാനത്തിന്റെ തിക്തഫലമനുഭവിക്കുകയാണ് രാജ്യത്തെ സാധാരണ ജനത. അഞ്ച് വര്‍ഷം മുമ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ചരക്ക് സേവന നികുതിയുടെ ഏറ്റവും പുതിയ പരിഷ്‌ക്കാരം വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് കുത്തനെ വിലകൂടി. ചെറുകിട വ്യാപാരമേഖലയെയും പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. വിപണിയിലെ വിലക്കയറ്റത്തിനൊപ്പം നികുതി വര്‍ധന കൂടി എത്തുന്നത് ജനജീവിതം ദുസ്സഹമാക്കും.

പൊറുതിമുട്ടി ജനം

'ഒരു രാജ്യം, ഒരു വിപണി ഒരു നികുതി' എന്ന വിശേഷണത്തോടെ 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയത്. സങ്കീര്‍ണമായ നികുതി സംവിധാനം ലളിതമാക്കുക, അന്തര്‍സംസ്ഥാന കച്ചവടത്തിലെ പ്രശ്‌നം പരിഹരിക്കുക, അനാവശ്യ വിലക്കയറ്റം തടയുക തുടങ്ങി ജിഎസ്ടിക്ക് നിരവധി മേന്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ, സംസ്ഥാന തലങ്ങളില്‍ നിരവധി നികുതികളാണ് അതുവരെ നിലവിലുണ്ടായിരുന്നത്. എല്ലാത്തിനും പകരമായി ജിഎസ്ടി വന്നെങ്കിലും, പരാതികളില്ലാതെ അത് നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പലതവണ നികുതി ഘടനയില്‍ മാറ്റം വരുത്തി. നികുതി കുറച്ചാലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് വിപണിയില്‍ ലഭിക്കുന്നില്ല എന്നതാണ് സാഹചര്യം.

കുടുംബശ്രീയും മറ്റ് ചെറുകിട വ്യവസായ യൂണിറ്റുകളും പാക്ക് ചെയ്ത് ലേബൽ പതിച്ചാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. അവ നികുതി പരിധിയിൽ ഉൾപ്പെട്ടതോടെ വിലവർധന ഉണ്ടാകുമെന്ന് മാത്രമല്ല, ഇത്തരം ചെറുകിട സംരംഭങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കും.

പാക്ക് ചെയ്തതും ലേബല്‍ പതിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് സാധരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നത്. അരി , പച്ചക്കറി, മത്സ്യം, മുട്ട, പാല്‍, പാലുത്പന്നങ്ങള്‍, മത്സ്യം, മാംസം തുടങ്ങി നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ക്കാണ് ഏറ്റവും ഒടുവില്‍ വിലകൂടിയത്. ഇവയെ അഞ്ച് ശതമാനം നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താന്‍ ജൂണ്‍ അവസാന വാരം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്.

ജി എസ് ടി കൗണ്‍സില്‍ യോഗം

അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടിയുടെ കീഴില്‍ നികുതിയുണ്ടായിരുന്നില്ല. നികുതിയില്ലാത്ത ഉത്പന്നങ്ങള്‍ ഒരു ബ്രാന്‍ഡിന് കീഴില്‍ വിറ്റാല്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന തരത്തില്‍ പിന്നീട് പരിഷ്‌ക്കരിച്ചു. വന്‍കിട കച്ചവടക്കാരെ നികുതിക്ക് കീഴില്‍ കൊണ്ടുവരാനാണ് ഈ തീരുമാനമെന്നായിരുന്നു വിശദീകരണം. ഇതോടെ ബ്രാന്‍ഡഡ് അരികള്‍ക്കും ധാന്യങ്ങള്‍ക്കുമെല്ലാം നികുതി നല്‍കേണ്ട സ്ഥിതിയായി. ബ്രാന്‍ഡഡ് എന്ന വാക്കിന് പകരം 'പ്രീപാക്ക്ഡ് ആന്‍ഡ് ലേബല്‍ഡ് ' ഉത്പന്നങ്ങളെന്ന് ചേര്‍ത്താണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതോടെ ജനങ്ങളുടെ മേലുള്ള നികുതിഭാരം കൂടി. കുടുംബശ്രീയും മറ്റ് ചെറുകിട വ്യവസായ യൂണിറ്റുകളും പാക്ക് ചെയ്ത് ലേബൽ പതിച്ചാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. ഇവ നികുതി പരിധിയിൽ ഉൾപ്പെട്ടതോടെ വിലവർധന ഉണ്ടാകുമെന്ന് മാത്രമല്ല, ഇത്തരം ചെറുകിട സംരംഭങ്ങളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കും.

ധാന്യങ്ങൾ

മാറ്റം അനിവാര്യം

2016ലെ നോട്ട് നിരോധനം തളര്‍ത്തിയ സമ്പദ്ഘടനയിലാണ് ജിഎസ്ടി നടപ്പാക്കുന്നത്. കോവിഡിന്റെ രണ്ട് തരംഗങ്ങളടക്കം കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ പിടിച്ചുലച്ച പ്രതിസന്ധികള്‍ ഏറെയുമാണ്. എന്നാല്‍ അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയതിലെ വീഴ്ചകള്‍ മറച്ചുവെയ്ക്കാവുന്നതല്ല. ജിഎസ്ടി നടപ്പാക്കുന്നതോടെ ജിഡിപിയില്‍ രണ്ട് ശതമാനം വരെ വളര്‍ച്ച ഉണ്ടാകുമെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 2017-18 നാലാം പാദത്തിലെ എട്ട് ശതമാനം ജിഡിപി 2019-20 നാലാം പാദമായപ്പോഴേക്ക് 3.1 ശതമാനമായി ഇടിഞ്ഞു. കോവിഡ് പ്രതിസന്ധി ഉടലെടുക്കും മുമ്പത്തെ കണക്കാണിത്.

സെൻട്രൽ സെക്രട്ടേറിയറ്റ്

ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ഓരോ ഘട്ടത്തിലും നികുതി ഈടാക്കുന്നതടക്കം പ്രവര്‍ത്തനങ്ങളിലെ സങ്കീര്‍ണതയും, പ്രഖ്യാപനങ്ങളിലെ അവ്യക്തതയും ജിഎസ്ടി നടപ്പാക്കുന്നതിലെ തിരിച്ചടികളാണ്. ജിഎസ്ടിയെ അനുകൂലിക്കുന്നവര്‍ പോലും നടത്തിപ്പിലെ പാളിച്ചകൾ തുറന്നു സമ്മതിക്കുന്നുണ്ട്. പ്രഖ്യാപിച്ച നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ ഘടനാപരമായ മാറ്റം ജിഎസ്ടിക്ക് ഉണ്ടാവണമെന്ന ആവശ്യം, അതോടെ ശക്തിപ്പെടുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ