ECONOMY

ആഗോള സാമ്പത്തിക മാന്ദ്യം തിരിച്ചടിയാകും; രാജ്യത്തെ ചരക്ക് കയറ്റുമതിയില്‍ വീണ്ടും ഇടിവ്

വെബ് ഡെസ്ക്

രാജ്യത്തെ ചരക്ക് കയറ്റുമതിയിലെ ഇടിവ് തുടരുന്നു. മാർച്ചിൽ ചരക്ക് കയറ്റുമതി 13.9 ശതമാനം ഇടിഞ്ഞ് 38.38 ബില്യൺ ഡോളറിലെത്തി. ഇറക്കുമതി 7.9 ശതമാനം ഇടിഞ്ഞ് 58.11 ബില്യൺ ഡോളറിലെത്തി. ​ഇതോടെ, 2022-23 ലെ മൊത്തം ചരക്ക് കയറ്റുമതി 6.03 ശതമാനം ഉയർന്ന് 447.46 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇറക്കുമതി ബിൽ 16.5 ശതമാനം ഉയർന്ന് 714 ബില്യൺ ഡോളറിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ഉണ്ടായ ആഗോള മാന്ദ്യത്തിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറയുന്നതും ആഗോള ചരക്ക് വിലയിലെ മിതത്വവുമാണ് എണ്ണ ഇതര കയറ്റുമതിയെ ബാധിച്ചത്
ഐസിആർഎയിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ചരക്ക് വ്യാപാരക്കമ്മിയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 40 ശതമാനം ഉയർന്നിട്ടുണ്ട്. 2021-22 ൽ 190 ബില്യൺ ഡോളറായിരുന്നത് ഇപ്പോൾ 266 ബില്യൺ ഡോളറായി ഉയർന്നു. അതേസമയം, മാർച്ചിലെ സേവന കയറ്റുമതിയുടെ എസ്റ്റിമേറ്റുകൾ ഉപയോഗിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഈ വർഷത്തെ മൊത്തം വ്യാപാരകമ്മി 122 ബില്യൺ ഡോളറായി കണക്കാക്കിയിട്ടുണ്ട്. ഇത് മുൻ വർഷത്തെക്കാൾ 83.5 ശതമാനം കൂടുതലാണ്. ഇതിന്റെ അന്തിമ കണക്കുകൾ മെയ് മാസത്തിൽ ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, കയറ്റുമതി 2022-23 ലെ 750 ബില്യൺ ഡോളർ ലക്ഷ്യം മറികടന്ന് 770.18 ബില്യൺ ഡോളറിലെത്തി. ഇത് കഴിഞ്ഞ വർഷത്തെ റെക്കോർഡ് കയറ്റുമതിയേക്കാൾ 94 ബില്യൺ ഡോളർ കൂടുതലാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബാർത്ത്വാൾ പറഞ്ഞു. സേവന കയറ്റുമതി 13.84 ശതമാനം ഉയർന്ന് 322.72 ബില്യൺ ഡോളറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങൾ 27 ശതമാനം ഉയർന്ന് 94.5 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇലക്ട്രോണിക്സ് ചരക്കുകളുടെ ഇറക്കുമതി 7.9 ശതമാനം ഉയർന്ന് 23.6 ബില്യൺ ഡോളറിലെത്തി. ഇത് മൊത്തം കയറ്റുമതിയുടെ 16 ശതമാനത്തിൽ നിന്ന് 21.1 ശതമാനമായി ഉയർന്നു. അരി, രാസവസ്തുക്കൾ, മരുന്നുത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ നിസ്സാര വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സമീപ വർഷങ്ങളിലായി ചരക്ക് കയറ്റുമതിയിൽ ഇന്ത്യയുടെ പ്രധാന ഘടകമായ നിർമാണ സാമ​ഗ്രികൾ 5.1 ശതമാനം ഇടിഞ്ഞ് 107 ബില്യൺ ഡോളറിലെത്തിയിരുന്നു. മൊത്തം കയറ്റുമതിയിൽ ഇവയുടെ പങ്ക് 26.6 ശതമാനത്തിൽ നിന്ന് 23.9 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വർഷം രണ്ടാം പകുതിയിൽ ഉണ്ടായ ആഗോള മാന്ദ്യത്തിന്റെ ഭാഗമായി ഉത്പന്നങ്ങളുടെ ഡിമാൻഡ് കുറയുന്നതും ആഗോള ചരക്ക് വിലയിലെ മിതത്വവുമാണ് എണ്ണ ഇതര കയറ്റുമതിയെ ബാധിച്ചതെന്ന് ഐസിആർഎയിലെ ചീഫ് ഇക്കണോമിസ്റ്റ് അദിതി നായർ പറഞ്ഞു. ഈ ആശങ്കകൾ വരും വർഷവും വർദ്ധിക്കുമെന്ന് അവർ വ്യക്തമാക്കി. ഇത് ജിഡിപി വളർച്ചയെ കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മാത്രമല്ല, എഞ്ചിനീയറിംഗ്, ജെംസ് ആൻഡ് ജ്വല്ലറി തുടങ്ങിയ പ്രധാന വിഭാഗങ്ങൾ നെഗറ്റീവ് വളർച്ചയാണ് കൈവരിച്ചതെന്നും കയറ്റുമതിയിൽ കൂടുതൽ മാന്ദ്യം പ്രതീക്ഷിക്കാമെന്നും ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് പറഞ്ഞു. രൂപയുടെ മൂല്യം വർധിക്കുന്നതും കയറ്റുമതി മന്ദഗതിയിലാക്കും.

അതേസമയം, റഷ്യയിൽ നിന്നുള്ള ഇന്ത്യൻ ഇറക്കുമതി 370 ശതമാനത്തോളം ഉയർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് ഏകദേശം അഞ്ച് ശതമാനത്തോളം വർധിച്ചിട്ടുണ്ട്. പെട്രോളിയം ഇറക്കുമതി വർധിച്ചതിനൊപ്പം കൽക്കരി, എണ്ണ ഇറക്കുമതിയിലും പകുതിയിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, ചൈനയിൽ നിന്നുള്ള ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും ഒരുപോലെ കുറയുകയും ചെയ്തിട്ടുണ്ട്. സ്വർണം ഇറക്കുമതിയിലും ഇടിവുണ്ടായി. ഇറക്കുമതിയിൽ ചൈനയെ പിന്തള്ളി നെതർലാന്റ്സ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ അമേരിക്ക ഒന്നാം സ്ഥാനത്തിലേക്ക് കുതിക്കുകയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും