2023 ലെ ആഗോള വളർച്ചയുടെ 15% ഇന്ത്യ സംഭാവന ചെയ്യുമെന്ന് ഐഎംഎഫ് . ആഗോള സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് തിളക്കമുള്ള സ്ഥാനമാണെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ. ഡിജിറ്റൈസേഷനാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയതെന്നും അവര്‍ വ്യക്തമാക്കി. വിവേകപരമായ സാമ്പത്തിക നയവും അടുത്ത വർഷത്തെ ബജറ്റിൽ മൂലധന നിക്ഷേപങ്ങൾക്ക് നൽകിയിരിക്കുന്ന ധനസഹായവും വളർച്ചയുടെ ഈ വേഗത നിലനിർത്താൻ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
2023-24 സാമ്പത്തിക വർഷത്തിൽ 6.1% വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്
''ഇന്ത്യയുടെ പ്രകടനം വളരെ ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വർഷം ഇന്ത്യ 6.8% വരെ വളർച്ചാ നിരക്ക് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 6.1% വളർച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൽപ്പം കുറവാണെങ്കിലും ആഗോള ശരാശരിയേക്കാൾ വളരെ മുകളിലാണ്. അതുകൊണ്ടു തന്നെ 2023 ലെ ആഗോള വളർച്ചയുടെ 15% ഇന്ത്യ സംഭാവന ചെയ്യും'' - ഐഎംഎഫ് മേധാവി വ്യക്തമാക്കി. ലോകത്തെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും വേഗതയേറിയ വളർച്ചാ നിരക്കാണിത്.
ആഗോള വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തെ 3.4 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായി കുറയുന്നതിനാൽ 2023ല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. അപ്പോഴും ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയായി തുടരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇതിന് കാരണം കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനും വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു പ്രധാന മാർഗമായി ഡിജിറ്റലൈസേഷനെ രാജ്യം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതാണെന്ന് ഐഎംഎഫ് മേധാവി ചൂണ്ടിക്കാട്ടി.
സാമ്പത്തികപരമായ ഉത്തരവാദിത്തത്തോടൊപ്പം രാജ്യത്തെ വികസന ആവശ്യങ്ങൾ സന്തുലിതമാക്കുന്നതും, വളർച്ചയ്ക്ക് ദീർഘകാല അടിത്തറ നൽകുന്ന മൂലധന നിക്ഷേപവും ഇന്ത്യയുടെ ബജറ്റിന്റെ സവിശേഷതയായി ഐഎംഎഫ് മേധാവി എടുത്തുപറഞ്ഞു. ഹരിത സമ്പദ്‌വ്യവസ്ഥയിൽ കൂടുതല്‍ നിക്ഷേപം, രാജ്യത്തെ ചെറുപ്പക്കാരുടെ എണ്ണം എന്നിവയും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുവെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.