രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്ന ശുഭപ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റത്തെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമായിരിക്കുന്ന സാഹചര്യമാണ് മുന്നിലുള്ളത് എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലോകത്ത് ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളര്‍ന്ന സമ്പദ്ഘടന ഇന്ത്യയുടേതാണ് എന്നതും, അടുത്ത വര്‍ഷവും അത് തുടരുമെന്ന വിലയിരുത്തലുമാണ് ഇതില്‍ പ്രധാനം.
ക്രൂഡ് ഓയില്‍ വിലയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടിവും സാഹചര്യങ്ങളെ അനുകൂലമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നികുതി ഇളവുകള്‍ ഇല്ലാതാക്കാനും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് പണപ്പെരുപ്പം നിലനില്‍ക്കുമ്പോഴും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകളും തള്ളുകയാണ് സാമ്പത്തികശാസ്ത്ര വിദഗ്ധര്‍
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയിലെ കുതിപ്പാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു വിഷയം. മികച്ച രീതിയില്‍ ലഭിച്ച കാലവര്‍ഷം കാര്‍ഷിക മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഇതിനൊപ്പമാണ് ക്രൂഡ് ഓയില്‍, വളം ,അവശ്യവസ്തുക്കള്‍ എന്നിവയുടെ വില കുറയുന്നത്. ഈ സാഹചര്യം വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായകരമാവും എന്നാണ് പ്രതീക്ഷ.
രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴും സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകളും തള്ളുകയാണ് സാമ്പത്തികശാസ്ത്ര വിദഗ്ധര്‍. ' പണപ്പെരുപ്പമുണ്ട് എന്നത് നിഷേധിക്കുന്നില്ല, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ധനകാര്യ മന്ത്രാലയവും വേണ്ട നടപടികളെടുത്തത് കൊണ്ടു തന്നെ പണപ്പെരുപ്പം 6 ശതമാനത്തിന് താഴെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. അത് 4 ശതമാനത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം'. എന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം.
പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയായി കുറഞ്ഞു
ജൂലൈയിലെ കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ അപ്പോഴും റിസര്‍വ് ബാങ്കിന്റെ പരിധിയായ 2-6 ശതമാനത്തിന് മുകളില്‍ തന്നെയായിരുന്നു പണപ്പെരുപ്പ നിരക്ക്. ആറ് മാസത്തിലേറെയായി ഇതേ നിരക്കാണ് തുടരുന്നത്. ജൂലൈയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.78ലെത്തി.
ഭക്ഷ്യവസ്തുക്കളുടെ വിലയിലും കഴിഞ്ഞ മാസം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞതും ഇറക്കുമതി നികുതി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയതും സഹായകമായി.
ഇന്ത്യയുടേത് താരതമ്യേന മെച്ചപ്പെട്ട സാമ്പത്തിക നിലയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്
രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഇന്ത്യയുടേത് താരതമ്യേന മെച്ചപ്പെട്ട നിലയാണെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചിരുന്നു. മത്സരരംഗത്തുള്ള വികസിതവും വളര്‍ന്ന് വരുന്നതുമായ സമ്പദ് വ്യവസ്ഥകളോട് താരതമ്യപ്പെടുത്തിയാണ് ശക്തികാന്ത ദാസ് ഇന്ത്യന്‍ സാഹചര്യം വിശദീകരിച്ചത്. നിലവിലെ പ്രവണതയില്‍ മറ്റ് കറന്‍സികള്‍ക്കുണ്ടായ മൂല്യമിടിവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ സുരക്ഷിതമായ നിലയിലാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയുടെ വാര്‍ഷിക കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക സാഹചര്യം അദ്ദേഹം വിശദീകരിച്ചത്.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. മതിയായ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ ഇറക്കുന്നത് ആര്‍ബിഐ തുടരും. വിനിമയ നിരക്കിലെ മാറ്റങ്ങളെ പരിഭ്രാന്തിയോടെ കാണാതെ, വസ്തുതാപരമായി സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''രൂപയുടെ മൂല്യം അസ്ഥിരമാകുന്നതിനോട് സഹിഷ്ണുതയോടെയുള്ള സമീപനമല്ല റിസര്‍വ് ബാങ്കിനുള്ളത്. രൂപയെ സുഗമമായി പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണ് '' എന്നും ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.
2022 - 23ല്‍ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവരുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍. രാജ്യത്തെ സാമ്പത്തിക നയങ്ങളിലുണ്ടായ പരിഷ്‌കാരങ്ങളും തൊഴില്‍ മേഖലകളിലെ യുവതയുടെ കടന്നു വരവും ബിസിനസ്സ് സംരംഭങ്ങളിലെ നിക്ഷേപങ്ങളുടെയും സഹായത്താല്‍ രാജ്യത്തെ ജനങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വരുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച ശരാശരി 7 ശതമാനം ആയിരിക്കുമെന്നും ഇത് ആഗോള വളര്‍ച്ചയില്‍ യഥാക്രമം 22 ശതമാനം മുതല്‍ 28 ശതമാനം വരെ സംഭാവന നല്‍കുമെന്നുമാണ് പ്രതീക്ഷ.