സാമ്പത്തിക മാന്ദ്യം  
ECONOMY

ലോകം സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്കോ ?

യുഎസ് ഉള്‍പ്പെടെയുള്ള ആഗോള ശക്തികളുടെ ജിഡിപിയിലെ കുറവ് മറ്റ് ലോകരാജ്യങ്ങൾക്ക് മേൽ വലിയ ഭീഷണി ഉയർത്തുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

കോവിഡ് മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിൽ, ലോകരാജ്യങ്ങൾക്ക് മേൽ പണപ്പെരുപ്പം വലിയ ഭീഷണി ഉയർത്തുകയാണ്. പണപ്പെരുപ്പം നേരിടുന്നതിൽ രാജ്യങ്ങൾ സ്വീകരിച്ച നടപടികളില്‍ ആശങ്ക അറിയിച്ച അന്താരാഷ്ട്ര നാണ്യനിധി, ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ് നൽകുകയാണ്.

യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ തുടങ്ങി വിവിധ രാജ്യങ്ങളുടെ ഉത്പാദനത്തിലെ കുറവ് രാജ്യാന്തര വിപണിയെ സാരമായി ബാധിക്കും. ഇത് മറ്റു രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും. ആഗോള ജിഡിപി വളർച്ച ഏപ്രിലിലെ 3.6 ശതമാനത്തിൽ നിന്ന് 2022 ൽ 3.2 ശതമാനമായി കുറയുമെന്നും വേൾഡ് ഇക്ണോമിക് ഔട്ട്ലുക്കിന്റെ അപ്ഡേറ്റിൽ ഐഎംഎഫ് അഭിപ്രായപ്പെട്ടു.

2022 ന്റെ ആദ്യ പാദത്തില്‍ യുഎസ് ജിഡിപിയിൽ 1.6 ശതമാനത്തിന്റെയും രണ്ടാം പാദത്തില്‍ 1.2 ശതമാനത്തിന്റെയും കുറവുണ്ടെന്നാണ് ഐഎംഎഫിന്റെ കണക്ക്. എന്നാൽ ഇതിനെ പൂർണമായും തള്ളുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. രാജ്യം അത്തരമൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്നില്ലെന്ന് ബൈഡൻ പറഞ്ഞു. യുഎസിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധവും ഊർജ്ജ ഉത്പാദനവും ഉയർത്തുന്ന പ്രതിസന്ധി

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിൽ റഷ്യയെ പിന്തുണയ്ക്കാതിരുന്ന യൂറോപ്യൻ രാജ്യങ്ങൾ, റഷ്യയുമായുള്ള ക്രയവിക്രയങ്ങൾ ഇനി റൂബിളിൽ തന്നെ നടത്തണമെന്ന് പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, യൂറോപ്പിലേക്കുള്ള പ്രധാന വാതക പൈപ്പ് ലൈനായ നോർഡ് സ്ട്രീം 1 -ലൂടെയുള്ള പ്രകൃതി വാതക വിതരണത്തിലും റഷ്യ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് ജർമനിയെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഊർജ്ജ ഉത്പാദനത്തിൽ സ്വയം പര്യാപ്തത നേടുകയെന്നതും രാജ്യങ്ങൾക്ക് മുൻപിലെ വെല്ലുവിളിയായി മാറും.

എന്താണ് ആഗോള സാമ്പത്തിക മാന്ദ്യം

സമ്പദ്ഘടനയുടെ എല്ലാ വശങ്ങളും ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് ആഗോള മാന്ദ്യം. ബാങ്കിംഗ്, ട്രേഡ്, സര്‍വീസസ്, വ്യവസായം തുടങ്ങിയ മേഖലകളെയെല്ലാം ബാധിക്കും. മാസങ്ങളോ വർഷങ്ങളോ ഇത് നീണ്ടുനില്‍ക്കാം. പല രാജ്യങ്ങളിലായി ഒരേ കാലയളവിൽ സംഭവിക്കുന്ന മാന്ദ്യം,രാജ്യാന്തര വിപണിയെ ബാധിക്കുകയും ഇത് മറ്റ് ലോകരാജ്യങ്ങളുടെ വരുമാനത്തിലും അവശ്യവസ്തുക്കളുടെ ഉത്പാദനത്തിലും ഭീഷണിയുയർത്തുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ലോകം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ

രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചകളാണ് കൂടുതലും മാന്ദ്യത്തിലേക്ക് നയിക്കുക. പെട്ടെന്നുള്ള ഒരു സാമ്പത്തിക ആഘാതം വലിയ സാമ്പത്തിക നാശനഷ്ടത്തിനിടയാകും. 1970 കളിൽ മുന്നറിയിപ്പില്ലാതെ യുഎസിലേക്കുള്ള എണ്ണ വിതരണം ഒപെക് വിച്ഛേദിച്ചതും കോവിഡ് വ്യാപനവും പെട്ടെന്നുള്ള സാമ്പത്തിക ആഘാതത്തിന്റെ ഉദാഹരണങ്ങളാണ്.

  • അമിതമായ കടം

വ്യക്തികളോ ബിസിനസ് ആവശ്യങ്ങള്‍ക്കോ എടുക്കുന്ന കടം തിരിച്ചടക്കാൻ കഴിയാത്ത നിലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ, വർദ്ധിച്ചു വരുന്ന കടപ്പത്ര കുടിശ്ശികകളും പാപ്പരത്തങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കും. 2007 മുതൽ 2009 വരെ യുഎസിലുണ്ടായ മഹാമാന്ദ്യവും ശ്രീലങ്കയെ ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടതും അമിത കടബാധ്യതയാണ്.

  • പണപ്പെരുപ്പം

രാജ്യത്തിൻറെ കറൻസി മൂല്യത്തിൽ കാലക്രമേണ ഉണ്ടാകുന്ന മാറ്റം, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലേക്ക് നയിക്കുന്നതാണ്‌ പണപ്പെരുപ്പം. അമിതമായ പണപ്പെരുപ്പം അപകടകരമാണ്. പലിശ നിരക്കുകൾ വർദ്ധിപ്പിച്ചുകൊണ്ട് സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കുമ്പോൾ, ഉയർന്ന പലിശ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളെ തളർത്തും. നിയന്ത്രണാതീതമായ പണപ്പെരുപ്പം 1970 കളിൽ യുഎസിൽ ഒരു തുടർ പ്രശ്നമായിരുന്നു.

  • സാങ്കേതിക മാറ്റം

പുതിയ കണ്ടുപിടുത്തങ്ങൾ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. പക്ഷേ സാങ്കേതിക മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടാൻ ഹ്രസ്വകാലയളവുകൾ ഉണ്ടാകാം. പത്തൊൻപതാം നൂറ്റാണ്ടിൽ, തൊഴിൽ ലാഭിക്കുന്ന സാങ്കേതിക മെച്ചപ്പെടുത്തലുകളുടെ തരംഗമുണ്ടായിരുന്നു. വ്യാവസായിക വിപ്ലവം ദീര്‍ഘകാലയളവില്‍ പല രാജ്യങ്ങളേയും സാമ്പത്തിക മാന്ദ്യത്തില്‍ എത്തിച്ചെന്നതാണ് യാഥാര്‍ഥ്യം. ഇന്ന്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് പോലെയുള്ള സാങ്കേതിക വിദ്യകൾ, തൊഴിലിടങ്ങളിലെ മാനവശേഷിയെ തകര്‍ത്ത് മാന്ദ്യത്തിനിടയാക്കുമോ എന്ന ആശങ്കയും സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്നു.

യുഎസ് ഡോളറും സാമ്പത്തിക മാന്ദ്യവും

ആഗോളവത്ക്കരണത്തിനു ശേഷം ആഗോളവിപണിയെ അടക്കി ഭരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാണ് യുഎസ്. യുഎസ് ഡോളറിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ രാജ്യാന്തര വിപണിയെ സാരമായി തന്നെ ബാധിക്കും. ഡോളറിന്റെ മൂല്യം കൂടുമ്പോൾ വിപണിയിൽ രാജ്യങ്ങൾക്ക് പതിവിലുമധികം ചെലവിൽ ക്രയവിക്രയങ്ങൾ നടത്തേണ്ടതായി വരും. ഇത് പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നയിക്കുന്ന പ്രധാന കാരണമാണ്.

പണപ്പെരുപ്പം നിക്ഷേപകർക്ക് വലിയ നഷ്ടമുണ്ടാക്കുകയും അവശ്യവസ്തുക്കളുടെ അഭാവത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതിനെ ചെറുത്തുനിൽക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോഴാണ്, രാജ്യം സാമ്പത്തിക ഞെരുക്കത്തിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുന്നത്. ശ്രീലങ്കയിലും പനാമയിലും ജനങ്ങൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധിക്കാനുള്ള സാഹചര്യവും ഇതുതന്നെയാണ്.

വരാനിരിക്കുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ പെടാതെ മുമ്പോട്ട് നീങ്ങാനുള്ള ചെറുത്തുനിൽപ്പുകൾ നടത്തുകയാണ് ജർമനിയും ഇറ്റലിയും യുഎസും ഉൾപ്പെടെയുള്ള വികസിത സാമ്പത്തിക ശക്തികളും മറ്റ് ലോകരാജ്യങ്ങളും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ