കറാച്ചി സ്വദേശിയായ റാബിയയുടെ വീഡിയോ ദൃശ്യം  
ECONOMY

''എന്റെ മക്കളെ ഭക്ഷണം കൊടുക്കാതെ കൊന്നുകളയണോ?''-പാക്ക് പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി യുവതിയുടെ വീഡിയോ

മരുന്നുകൾക്കും മറ്റു അത്യാവശ്യ വസ്തുക്കൾക്കും വില വർധിക്കുന്നത് സാധാരണ ജനജീവിതത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്

വെബ് ഡെസ്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് പാകിസ്ഥാന്‍. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും വില അനുദിനം കുതിച്ചുയരുമ്പോള്‍, ഭരണകൂടത്തിനെതിരെ ജനരോഷവും വര്‍ധിക്കുകയാണ്. ഇത്തരത്തില്‍, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും പിഎംഎൽഎൻ നേതാവ് മറിയം നവാസിനുമെതിരെ യുവതി നടത്തിയ വിമര്‍ശനത്തിന്റെ വീഡിയോയാണ് പാക്ക് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

പണപ്പെരുപ്പത്തെത്തുടര്‍ന്ന് അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളാണ് യുവതി വീഡിയോയില്‍ പറയുന്നത്. ''എന്റെ മക്കൾക്ക് ഞാൻ ഭക്ഷണം നൽകണോ, അതോ ഭക്ഷണം നൽകാതെ അവരെ കൊന്നു കളയണോ? എന്റെ മകന് മരുന്നുകൾ വാങ്ങാതിരിക്കണോ? ഈ സർക്കാർ പാവപ്പെട്ട ജനങ്ങളെ ഏകദേശം കൊന്നുകഴിഞ്ഞു. ദൈവത്താല്‍ ചോദ്യം ചെയ്യപ്പെടുന്നതിനെ പോലും നിങ്ങൾ ഭയക്കുന്നില്ലേ" - എന്നിങ്ങനെയാണ് കറാച്ചി സ്വദേശിയായ റാബിയയുടെ വാക്കുകള്‍. പാക്ക് മാധ്യമപ്രവത്തകനായ ഹമീദ് മിർ ആണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

മരുന്നുകൾക്കും മറ്റു അത്യാവശ്യ വസ്തുക്കൾക്കും വില വർധിക്കുന്നത് സാധാരണ ജനജീവിതത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഭക്ഷണവും മരുന്നുകളും വൈദ്യുതി ബില്ലുകളും ഉള്‍പ്പെടെ ദൈനംദിന കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഭരണകർത്താക്കൾ തന്നെ പറഞ്ഞുതരണമെന്നാണ് റാബിയ പറയുന്നത്. റാബിയയുടെ രണ്ട് മക്കളില്‍ ഒരാൾ രോഗബാധിതനാണ്. നാല് മാസത്തിനിടെ, മരുന്ന് വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

വീഡിയോ തരംഗമായതിനുപിന്നാലെ, പ്രതികരണവുമായി ധനമന്ത്രി മിഹ്ത്താഫ് ഇസ്മായിൽ രംഗത്തെത്തി. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയെ ന്യായീകരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞമാസങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയോ മരുന്നുകള്‍ക്ക് നികുതി ചുമത്തുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിസന്ധികൾ പ്രതിരോധിക്കാനായി ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.

രാജ്യത്തെ നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളിൽ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ സർക്കാരിന് സാധിക്കുന്നില്ലെന്നും വിമർശനങ്ങളുണ്ട്.

കഴിഞ്ഞ ദിവസം പാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന പരിപാടിയിൽ, രാജ്യത്ത് സാമ്പത്തികപ്രതിസന്ധി ആസന്നമാണെന്നായിരുന്നു ധനമന്ത്രി മിഹ്ത്താഫ് ഇസ്മായിൽ പറഞ്ഞത്. വരാനിരിക്കുന്നത് മോശം ദിനങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെറ്റായ സാമ്പത്തിക നയങ്ങളാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾക്ക് കാരണമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയുടെ അവസ്ഥയാണ് പാകിസ്ഥാനും അഭിമുഖീകരിക്കുന്നത്. ശ്രീലങ്കയിൽ രാസവളം ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഉത്പാദനം കുറഞ്ഞു. തുടർന്നാണ് വിദേശക്കടവും ഇന്ധന വില വർധനവും മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണുപോയത്. പാകിസ്ഥാനും സമാന വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ