ECONOMY

പൊതുകടവും സംസ്ഥാനങ്ങളുടെ ധനസ്വാതന്ത്ര്യവും

മഹാമാരിക്കുശേഷമുള്ള സാമ്പത്തിക തന്ത്രം സൂചിപ്പിക്കുന്നത് റവന്യു ചെലവ് ഒരു പരിധിയില്‍ താഴെ കുറച്ചാല്‍ സാമ്പത്തിക വളര്‍ച്ചയെയും മാനവശേഷി വികസനത്തെയും അത് ദോഷകരമായി ബാധിക്കുമെന്നാണ്

ലേഖ ചക്രവര്‍ത്തി

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് ധനകാര്യസ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ശക്തയായ പ്രതിഷേധമുയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരം കയ്യാളുന്നത് എതിര്‍ചേരിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളാണെന്നത് ഇതിനെ 'രാഷ്ട്രീയ ധനകാര്യ'വിഷയമാക്കി മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും വികസനപദ്ധതികളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കലെന്നാണ് ബാലഗോപാലിന്റെ വാദം. ഇത്തരം യാന്ത്രിക തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ ഇല്ലായ്മ ചെയ്യാനേ സഹായിക്കൂവെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രത്തിന്റെ ഈ തെറ്റായ നയത്തിനെതിരെ പ്രതിഷേധം ഉയര്‍ത്താനാണ് ഭരണക്ഷിയായ ഇടതുമുന്നണിയുടെ നീക്കം.

കെ എൻ ബാലഗോപാൽ

ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാനാണ് കേരളം തീരുമാനിച്ചത്. എന്നാല്‍ 15,390 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23,000 കോടി രൂപ വായ്പ എടുക്കാനായിരുന്നു സംസ്ഥാനത്തിന് അനുമതി. ഇത്ര വലിയ കുറവ് വായ്പാ പരിധിയില്‍ വരുത്തിയതെന്തിനെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ലെന്നും ഇത് ദുരൂഹമാണെന്നും ധനമന്ത്രി പറയുന്നു.

കിഫ്ബി, സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച പ്രത്യേക സ്ഥാപനം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ എടുത്ത വായ്പയും സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുമെന്ന കാര്യം കേന്ദ്രം സംസ്ഥാനത്തെ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ ആഘാതമായിരുന്നു. കേന്ദ്രം നല്‍കുന്ന നികുതിവിഹിതത്തിലുള്ള അനിശ്ചിതത്വത്തിനൊപ്പം വായ്പാ പരിധിയില്‍ ഏര്‍പ്പെടുത്തിയ സാരമായ കുറവ് സംസ്ഥാനത്തിന്റെ ധനകാര്യ വ്യവഹാരമണ്ഡലത്തെ (Fiscal Space) വീണ്ടും ചുരുക്കുകയായിരുന്നു.

ഈ പ്രതിസന്ധികൂടി കണക്കിലെടുത്തു കൊണ്ടാവണം ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പുതിയ നിരവധി നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, നികുതി വരുമാനംകൊണ്ടു മാത്രം റവന്യു ചെലവുകള്‍ കണ്ടെത്താവുന്ന അവസ്ഥയല്ല കേരളത്തിന്. അത്തരമൊരു ഘട്ടമുണ്ടായാല്‍ റവന്യു കമ്മി പൂജ്യം ആകുകയും വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവുകള്‍ക്കായി (Capital Expenditure) ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു. കേരളത്തിന്റെ റവന്യു കമ്മിയും സംസ്ഥാനത്തിന്റെ ആകെ വരുമാനവും (GSDP) തമ്മിലുള്ള അനുപാതം 2020- 21 ല്‍ 2.6 ആയിരുന്നത് നടപ്പുവര്‍ഷം 2.1 ആയി കുറയുമെന്നാണ് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇനിയും റവന്യു കമ്മി കുറയ്ക്കണമെങ്കില്‍ റവന്യു ചെലവുകളില്‍ ഗണ്യമായ കുറവുകള്‍ വരുത്തണം. മഹാമാരിക്കുശേഷമുള്ള സാമ്പത്തിക തന്ത്രം സൂചിപ്പിക്കുന്നത് റവന്യു ചെലവ് ഒരു പരിധിയില്‍ താഴെ കുറച്ചാല്‍ സാമ്പത്തിക വളര്‍ച്ചയെയും മാനവശേഷി വികസനത്തെയും അത് ദോഷകരമായി ബാധിക്കുമെന്നാണ്.

ബജറ്റിനുപുറമെ കിഫ്ബി വഴി കേരളം കടമെടുത്ത തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമൂഹിക ആസ്തികളും ഭൗതിക ആസ്തികളും വികസിപ്പിക്കാനായാണ് ഉപയോഗിച്ചത്. കിഫ്ബി എന്ന നൂതന ആശയത്തിന്റെ വേരുകള്‍ ധനചട്ടങ്ങളില്‍ തന്നെയാണ്. ധനഉത്തരവാദിത്ത നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തിലും താഴെയാകണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. നികുതി വരുമാനം വര്‍ധിപ്പിച്ച് ധനക്കമ്മിയും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതം മൂന്നില്‍ താഴെ നിര്‍ത്തുകയെന്നതാണ് റവന്യു ചെലവ് കുറയ്ക്കുന്നതിലും മികച്ച സമീപനം. പക്ഷെ, ആവശ്യത്തിന് വരുമാനമില്ലാതെ വരുമ്പോള്‍ വായ്പകള്‍ ആശ്രയിക്കുകയെന്നതാണ് ഏറ്റവും പ്രായോഗികമായ പോംവഴി.

സര്‍ക്കാരിന്റെ വലുപ്പവും ചെലവുകളും കുറയ്ക്കാനും കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ ആവശ്യമുണ്ട്. സര്‍ക്കാരിന്റെ വലുപ്പം കണക്കിലാക്കുന്നത് പൊതുചെലവും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതമായിട്ടാണ്. ഈ അനുപാതം കേരളത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് 18.01 ശതമാനം ആയിരുന്നത് നടപ്പുവര്‍ഷം 15.6 ആയി കുറയുമെന്നാണ് ബജറ്റ് രേഖകളില്‍. നടപ്പുവര്‍ഷം പൊതു ചെലവ് 1.76 ലക്ഷം കോടി രൂപയും ജി എസ് ഡി പി 11.32 ലക്ഷം കോടി രൂപയാണ്. സര്‍ക്കാരിന്റെ വലുപ്പം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുറഞ്ഞുവരികയാണെന്ന വസ്തുത കൂടെ കണക്കിലെടുത്താല്‍, ഇപ്പോള്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം സംസ്ഥാനത്തിന്റെ ധനകാര്യ വ്യവഹാര മണ്ഡലത്തെ വീണ്ടും ചുരുക്കാനെ സഹായിക്കൂ. ഈ സാഹചര്യത്തില്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ നിയമപരമായ ചെലവുകള്‍ മുടങ്ങാതിരിക്കാനും ആസ്തി നിര്‍മാണപദ്ധതികള്‍ക്ക് ആവശ്യത്തിന് പണം കണ്ടെത്താനും ധനമന്ത്രി ഏറെ കഷ്ടപ്പെടേണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം.

എടുത്ത വായ്പകള്‍ക്ക് നല്‍കുന്ന പലിശയും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതം നടപ്പുവര്‍ഷത്തെ ബജറ്റില്‍ 2.6 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. 2010 - 11 മുതല്‍ ഈ അനുപാതം രണ്ടിനും മൂന്നിനും ഇടയ്ക്കായി തുടരുകയാണ്. ഇത് കേരളത്തിന്റെ കട ബാധ്യതയുടെ രൂക്ഷത വ്യക്തമാക്കുന്ന സൂചകമാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ 26.7 ശതമാനവും പലിശ അടയ്ക്കാനായി ചെലവഴിക്കുകയാണ്. പലിശ നിരക്ക് ഉയര്‍ന്നതോടെ പൊതുകടം മാനേജ് ചെയ്യുകയെന്നത് ചെലവ് കൂടിയ ഏര്‍പ്പാടായി മാറിയിരിക്കുന്നു.

നിർമല സീതാരാമൻ

കേന്ദ്രത്തിന്റെ പുതിയ സമീപനം കാരണം വായ്പാ പരിധി കുറയുന്നതിലൂടെ ഉണ്ടാവുന്ന ധനഞെരുക്കം ശമ്പളവും പെന്‍ഷനും നല്‍കാനും ആസ്തി വികസനത്തിനുള്ള തുക കണ്ടെത്താനുമുള്ള സംസ്ഥാനത്തിന്റെ സാധ്യതകളെ വീണ്ടും പരിമിതപ്പെടുത്തും. തനത് വരുമാനത്തിന്റെ 69.7 ശതമാനവും ഈ വര്‍ഷം ശമ്പളവും പെന്‍ഷനും നല്‍കാനാണ് സംസ്ഥാനം ചെലവഴിക്കേണ്ടി വരുന്നത്. മൂന്നു വര്‍ഷം മുന്‍പ് വരുമാനത്തിന്റെ 84.87 ശതമാനവും ഈ ശമ്പളവും പെന്‍ഷനും നല്‍കാനായിരുന്നു ചെലവഴിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ മൂലധനച്ചെലവും ജി എസ് ഡി പിയും തമ്മിലുള്ള അനുപാതം ഒന്ന് മുതല്‍ രണ്ട് ശതമാനമായി തുടരുകയാണ്.

സഹകരണ ഫെഡറലിസം ഭരണസംവിധാനമായ രാജ്യങ്ങളില്‍ കടം വാങ്ങല്‍ അധികാരങ്ങളും പരിധിയും കേന്ദ്രം നിര്‍ണയിക്കുന്നത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ, പ്രത്യേകിച്ച് വിവേചനാധികാരത്തെ ദോഷകരമായി ബാധിക്കും. അതേസമയം, പൊതുകടം വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും കണക്കിലെടുക്കേണ്ടതുണ്ട്. ഇന്നത്തെ കടം നാളത്തെ നികുതിയായി മാറുമെന്നും അങ്ങനെ പല തലമുറകളിലേക്ക് ഈ കട ബാധ്യത കൈമാറ്റം ചെയ്യപ്പെടുമെന്നും അങ്ങനെ നിരന്തരമായ തുടര്‍ച്ചയുള്ള ഒരു കടക്കെണിയില്‍ അവര്‍ വീഴുമെന്ന ആശങ്കയാണ് ഇതില്‍ മുഖ്യം. നടപ്പ് ാമ്പത്തിക വര്‍ഷം ജി എസ് ഡി പിയുടെ 36.05 ശതമാനമാണ് കേരളത്തിന്റെ പൊതുകടം.

ബജറ്റിനുപുറത്ത് കേരളമെടുത്ത വായ്പയായി കേന്ദ്രം പറയുന്നത് കിഫ്ബിയും കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡും എടുത്തിരിക്കുന്ന വായ്പകളാണ്. റവന്യു കമ്മി ഗ്രാന്റായി ലഭിക്കേണ്ട തുകയില്‍ ഈ വര്‍ഷം 7000 കോടി രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയിരിക്കുന്നതെന്ന് ബാലഗോപാല്‍ പറയുന്നു. ജി എസ് ടി നഷ്ടപരിഹാര നത്തില്‍ ലഭിച്ചുകൊണ്ടിരുന്ന 12,000 കോടി രൂപയും ഈ വര്‍ഷം ലഭിക്കില്ല. ദരിദ്രരെ സഹായിക്കാനും മറ്റുമുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട തുക കണ്ടെത്താനുള്ള ഉപ ദേശീയ ധനപദ്ധതികളെ ദോഷകരമായി ബാധിക്കുന്നതാവും ഈ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കല്‍. കിഫ്ബിയും സാമൂഹികസുരക്ഷാ കമ്പനിയും രൂപീകരിച്ചതിനു പിന്നിലെ കാരണം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതി മറികടക്കാനും സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനുമാണ്.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി പുനര്‍നിര്‍ണയിച്ചുകൊണ്ട് 2022 മാര്‍ച്ച് 31നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. കടമെടുപ്പ് പരിധി നിര്‍ണയിക്കാനുള്ള പുതിയ സമീപനരീതിയും അതില്‍ വിശദീകരിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള സ്ഥാപനങ്ങളുടെ വായ്പാ ബാധ്യതയും സംസ്ഥാനത്തിന്റെ കടബാധ്യതാ പരിധിയില്‍ വരുമെന്ന് വിശദീകരിക്കുന്നതും ഈ ഉത്തരവിലാണ്. എന്നാല്‍ ഭരണഘടനയുടെ അനുച്ഛേദം 293 (3) തെറ്റായി വ്യാഖ്യാനിച്ചാണ് ഈ ഉത്തരവെന്നാണ് ബാലഗോപാല്‍ വാദിക്കുന്നത്. സാമൂഹികസുരക്ഷാ നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സംസ്ഥാനത്തിന് ഏറെ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഒരു തീരുമാനമാണിത്.

(ന്യൂഡല്‍ഹിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ പ്രൊഫസറാണ് സാമ്പത്തികശാസ്ത്ര വിദഗ്ധയായ ലേഖിക)

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ