ഡോളറുമായുള്ള വിനിമയത്തില്‍ തകര്‍ന്നടിഞ്ഞ് രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ (Early Trade) രൂപയ്ക്കുണ്ടായത് . ഇന്റര്‍ബാങ്ക് വിദേശ വിനിമയത്തില്‍ ഡോളറിനെതിരെ രൂപ 80 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത് . പിന്നീട് 7 പൈസ വരെ താഴ്ന്ന് 80.05 എന്ന നിലയില്‍ വ്യാപാരമവസാനിപ്പിക്കേണ്ടി വന്നു. യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജപ്പാനീസ് യെന്‍ തുടങ്ങി വിവിധ കറന്‍സികളും യുഎസ് ഡോളറിന് മുന്നില്‍ തകരുകയാണ്. 20 വര്‍ഷത്തിനിടെ ആദ്യമായി കഴിഞ്ഞദിവസം യൂറോയുടെ മൂല്യം ഡോളറിന് താഴെയെത്തി. നിക്ഷേപകര്‍ യൂറോ പോലും വിറ്റഴിച്ച് ഡോളര്‍ വാങ്ങുന്നതാണ് പ്രവണത. സുരക്ഷിതമായ കറന്‍സി എന്ന നിലയിലാണ് ഡോളറിലേക്ക് നിക്ഷേപകര്‍ നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
ഡോളറിൻ്റെ മൂല്യം കൂടുന്നതെന്തുകൊണ്ട്?
കോവിഡ് മാന്ദ്യം, റഷ്യ - യുക്രൈന്‍ പ്രതിസന്ധി എന്നിവയാണ് മിക്ക സമ്പദ് വ്യവസ്ഥകള്‍ക്കും തിരിച്ചടിയാകുന്നത്. ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുചാട്ടം, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ പ്രതിസന്ധി രൂക്ഷമാക്കി. മിക്ക സമ്പദ് വ്യവസ്ഥകളിലും സെന്‍ട്രല്‍ ബാങ്കുകള്‍ ഡോളറിനെതിരെ സ്വന്തം കറന്‍സികളുടെ ഇടിവ് തടയാൻ എന്ത് ചെയ്യുമെന്നറിയാത്ത നിലയിലാണ്. ഈ പ്രതിസന്ധിയുടെ ഭാഗമാണ് ഇന്ത്യൻ രൂപയും നേരിടുന്നത്.
വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് പിന്‍വലിയുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്. ഈ വര്‍ഷത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 14 ബില്യണ്‍ ഡോളറിലേറെ തുക വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു. യുഎസില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച നടപടികളാണ് ഇന്ത്യന്‍ വിപണിയിൽനിന്ന് പിന്‍വലിയുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് പ്രേരണയായത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഇതിന് കാരണം. ജൂലൈ അവസാനം ചേരുന്ന സാമ്പത്തിക നയ രൂപീകരണ യോഗത്തോടെ ഫെഡറല്‍ റിസര്‍വ് 100 ബേസിസ് പോയിൻ്റ് പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ സാഹചര്യം
ഇന്ത്യയില്‍ കയറ്റുമതിയേക്കാള്‍ കൂടുതലാണ് ഇറക്കുമതി. അതായത് രാജ്യത്തിലേക്ക് വരുന്നതിനേക്കാള്‍ വിദേശകറന്‍സി, പ്രത്യേകിച്ചും ഡോളര്‍ രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നു. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയും മറ്റ് ചരക്കുകളുടെ വിലയും ഉയര്‍ന്നതോടെ രാജ്യത്തെ ഇറക്കുമതി - കയറ്റുമതി മൂല്യത്തിലെ അന്തരം കുത്തനെ വര്‍ധിച്ചു. ഇറക്കുമതി കൂടുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യം ഉടലെടുത്തു.
ഇന്ത്യയെ പോലൊരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം കറന്റ് അക്കൗണ്ട് കമ്മി നികത്തുന്നത് വിദേശ നിക്ഷേപകര്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിലൂടെയാണ്. എന്നാല്‍ 2022 തുടക്കം മുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതാണ് കണ്ടുവരുന്നത്. അതിന് കാരണം നേരത്തെ സൂചിപ്പിച്ചത് പോലെ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയ നടപടിയാണ്. ഇതോടെ ഇന്ത്യന്‍ വിപണികളിൽ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി
രൂപ സുരക്ഷിതമാണോ ? ഇനി എന്ത് ?
ഡോളറിനെതിരെ രൂപ ഇടിയുകയാണെങ്കിലും യൂറോ പോലുള്ള കറന്‍സികള്‍ക്കെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുകയാണുണ്ടയതെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധനായ ഡോ. എന്‍ അജിത് കുമാര്‍. നിലവിലെ സാഹചര്യം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ട്രേഡ് കറന്‍സി, ഡോളറില്‍ നിന്ന് രൂപയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണം. ഇതൊരു ദീര്‍ഘമായ പ്രക്രിയയാണെങ്കിലും ഭാവിയെ മുന്നില്‍ കണ്ടുകൂടി അതിന് സാധ്യമാകണം. നിലവില്‍ രാജ്യത്ത് ഇറക്കുമതി മൂല്യവും കയറ്റുമതി മൂല്യവും തമ്മിലുള്ള വ്യത്യാസം 26 ബില്യണിലേറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. റഷ്യയുമായുള്ള വ്യാപാരങ്ങള്‍ ഇന്ത്യ ഡോളറില്‍ നിന്ന് രൂപയിലേക്ക് മാറ്റിയിട്ടുണ്ട്. അത് തന്നെ മറ്റിടങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. വേഗത്തില്‍ സാധ്യമാകുന്ന ഒന്നല്ലെങ്കിലും അതിനുള്ള നടപടികള്‍ തുടങ്ങിവച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
ആര്‍ബിഐ വിപണി ഇടപെടല്‍ ശക്തമാക്കേണ്ടതാണ് നിലവിലെ സാഹചര്യം. കുറഞ്ഞമൂല്യത്തില്‍ കരുതല്‍ ഡോളര്‍ ശേഖരം ആര്‍ബിഐ സമ്പദ് വ്യവസ്ഥയിലെത്തിച്ചാല്‍ മാത്രമെ പ്രതിസന്ധി മറികടക്കാനാകൂ. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 90ല്‍ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറയുന്നു.
എങ്ങനെ ബാധിക്കും?
രൂപയുടെ മൂല്യത്തകര്‍ച്ച ഏറ്റവും പ്രധാനമായി ബാധിക്കാന്‍ പോകുന്നത് ഇറക്കുമതിയെയാണ്. ഇറക്കുമതി ചെലവ് ഉയരാന്‍ പോകുമെന്നതാണ് പ്രധാന തിരിച്ചടി. അസംസ്‌കൃത എണ്ണ, കല്‍ക്കരി, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ , വളം , യന്ത്രങ്ങള്‍, സ്വര്‍ണം തുടങ്ങിയവയെല്ലാം ഇന്ത്യ ഇറക്കുമതി ചെയ്യുന്നവയാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയെല്ലാം വിലയുയരുമെന്ന പ്രധാന പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്. ഡോളറിന് പകരം കൂടുതല്‍ രൂപ കയ്യിലെത്തുമെന്നതിനാല്‍ കയറ്റുമതിക്ക് നിലവിലെ സാഹചര്യം ഉത്തേജനമാകും.വിദേശത്ത് പഠിക്കാന്‍ ചെലവ് ഉയരുമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം നല്‍കുന്ന സൂചന. പുതുതായി വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇത് തിരിച്ചടിയാകും. വിദേശയാത്രാ ചെലവും കൂടും. എന്നാല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ മൂല്യം ഉയരും.