ഇന്ധന വില വര്‍ദ്ധനയും വിലക്കയറ്റവും ജന ജീവിതം പ്രതിസന്ധിയിലാക്കിയ സാഹചര്യം നിലനില്‍ക്കെ ജിഎസ്ടി നിരക്കുകളിലെ പരിഷ്‌കരണം ജനങ്ങളെ നേരിട്ട് ബാധിക്കും. അടുക്കള ബജറ്റ് താളം തെറ്റിക്കുന്നതാണ് ജൂലൈ 18 മുതല്‍ നിലവില്‍ വന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്തിക്കൊണ്ടുള്ള തീരുമാനം. പുതിയ നികുതി വ്യവസ്ഥകള്‍ റീട്ടെയ്ല്‍ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചെറുകിട വ്യാപാര മേഖലയിലെ വിലക്കയറ്റം ജൂണില്‍ മാത്രം 7 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്.
ജൂലൈ 18 മുതല്‍ ജിഎസ്ടി പരിധിയില്‍ എത്തുന്ന ഉത്പന്നങ്ങള്‍ നിലവില്‍ തന്നെ കടകളിലുണ്ട്. പഴയ നിരക്കില്‍ ശേഖരിച്ച ഈ സാധനങ്ങളില്‍ പഴയ എംഐആര്‍പി റേറ്റ് രേഖപ്പെടുത്തിയിരിക്കും. ജൂലൈ 18 ന് ശേഷം ഇതേസാധനങ്ങള്‍ വില്‍പന നടത്തുമ്പോള്‍ അതിന് നികുതി നല്‍കേണ്ട സാഹചര്യവും ഉണ്ടാവുന്നു. ഇത്തരം ഉത്പന്നങ്ങളില്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പമാണ് വ്യാപാരികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. പാക്കറ്റ് ഉല്‍പന്നങ്ങളില്‍ എംആര്‍പിയില്‍ നികുതി രേഖപ്പെടുത്തിയിട്ടില്ല. എംആര്‍പിയില്‍ നികുതിയുണ്ടോ ഇല്ലയോ എന്നതാണ് ആശയക്കുഴപ്പം വര്‍ധിപ്പിക്കുന്നത്. ഇത്തരം സാധങ്ങള്‍ കൈമാറി ഉപഭോക്താവിന് എത്തുമ്പോള്‍ പലഘട്ടത്തില്‍ നികുതി ഈടാക്കുന്ന നിലയുണ്ടാവും എന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
അന്‍പത് കിലോ മുതലുള്ള അരിയുടെ വലിയ പാക്കറ്റുകള്‍ ആണ് ചെറുകിട വ്യാപാരികള്‍ ലൂസായി വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ ലൂസ് സാധങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കാന്‍ സാധിക്കില്ല. അതിനാല്‍ എങ്ങനെ വിലയീടാക്കണം എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട് എന്നാണ് വ്യാപാരികള്‍ പറയുന്നത്.
പാലില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് ജിഎസ്ടി നിരക്കിലെ മാറ്റത്തോടെ ആശക്കുഴപ്പം ഉണ്ടാക്കുന്ന മറ്റൊന്ന്. 27 രൂപ വില വരുന്ന മില്‍മയുടെ അര ലിറ്റര്‍ പാക്കറ്റിന് പുതുക്കിയ നിരക്ക് പ്രകാരം 30 രൂപയോളം വില വരും. നിലവില്‍ എത്തുന്ന പാക്കറ്റുകളില്‍ പഴയ വില തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രിന്റിങ്ങില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുക എന്നത് സങ്കീര്‍ണമായ പ്രക്രിയയായതിനാല്‍ ഈ നില കുറച്ചുദിവസത്തേക്ക് എങ്കിലും തുടരുമെന്നാണ് വിലയിരുത്തല്‍. പുതിയ നികുതി നിരക്കിന്റെ അടിസ്ഥാനത്തില്‍ അളവില്‍ ഉള്‍പ്പെടെ മാറ്റം വരുത്താനാണ് തല്‍ക്കാലം ഉദ്ദേശിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം മില്‍മ നല്‍കിയ വിശദീകരണം.
പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം, തൈര് ലിറ്ററിന് 3 മുതല്‍ 4 വരെ വില ഉയരാന്‍ ഇടയാകും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വില ഉയര്‍ത്തുകയല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്നാണ് ഡയറി ഫാം ഉടമകളുടെ പ്രതികരണം. 150 ഗ്രാം വരുന്ന പാക്കറ്റുകള്‍ക്ക് പത്ത് രൂപയാണ് നിലവിലെ വില. ഇത് വീണ്ടും ഉയരുന്ന നിലയുണ്ടായാല്‍ പാവപ്പെട്ട ആളുകള്‍ക്ക് പ്രാപ്യമല്ലാതാവുമെന്നാണ് ഈ മേഖലയിലുള്ളരുടെ ആശങ്ക.
പാല്‍ ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ വരുമ്പോള്‍ വില വര്‍ധന ഒഴിവാക്കാന്‍ പാക്കറ്റില്‍ 10 ഗ്രാം വരെ കുറവ് വരുത്തേണ്ട നിലയുണ്ടാവും. നിലവിലെ നികുതി വര്‍ദ്ധന കേന്ദ്ര സര്‍ക്കാരിന് മാത്രമാണ് ഗുണം ചെയ്യുക. സാധാരണക്കാരുടെ ഭാരം മനസിലാക്കാതെയുള്ള നീക്കമാണിത്. തൈരിന് ജിഎസ്ടി ബാധകമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഒരു വരുമാന മാര്‍ഗം കൂടി കണ്ടെത്തുകയാണ്. നെയ്യ്, ബട്ടര്‍, ഫ്‌ളേവേര്‍ഡ് മില്‍ക്ക് എന്നിവ നേരത്തെ തന്നെ ജിഎസ്ടി പരിധിയിലാണ് എന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ഡയറി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നികുതി നിരക്ക് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജിഎസ്ടി നിരക്ക് വര്‍ധനയോടെ പാക്കറ്റ് അരിയിനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. 2017ല്‍ രജിസ്റ്റര്‍ ചെയ്ത അരി ബ്രാന്‍ഡുകള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും രജിസ്റ്റര്‍ ചെയ്യാത്ത ബ്രാന്‍ഡുകളെ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ആ തീരുമാനം പിന്‍വലിക്കപ്പെട്ടിരിക്കുകയാണ്. എല്ലാ പ്രീ-പാക്ക്ഡ് അരി ബ്രാന്‍ഡുകളും ഇപ്പോള്‍ 5 ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്നു.
പാക്കറ്റ് അല്ലാത്ത അരി ജിഎസ്ടിയുടെ പരിധിയില്‍ വരില്ലെങ്കിലും, എഫ്എസ്എസ്എഐ നിയമപ്രകാരം അരിയും മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങളും പായ്ക്ക് ചെയ്ത രൂപത്തില്‍ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തമിഴ്‌നാട്ടിലെ ഭക്ഷ്യവകുപ്പ് എല്ലാ കടയുടമകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അരിക്കു വേണ്ടി കേരളം ആശ്രയിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. അതിനാല്‍ അവിടത്തെ ഏതു സാഹചര്യവും സംസ്ഥാനത്തും പ്രതിഫലിക്കും.
തിങ്കളാഴ്ച മുതല്‍ 5 ശതമാനം ജിഎസ്ടി ഈടാക്കാനുള്ള തീരുമാനം അരി മില്‍ ഉടമകളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ മില്ലുടമകള്‍. മില്ലുകളില്‍ പലതിനും ജിഎസ്ടി നമ്പറുകള്‍ ഇല്ല. ജിഎസ്ടി നമ്പര്‍ ലഭിക്കാന്‍ മില്ലുകള്‍ക്ക് കൂടുതല്‍ സമയം വേണമെന്നും തമിഴ്‌നാട്ടിലെ റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു.
ജൂണില്‍ ചണ്ഡീഗഢില്‍ ചേര്‍ന്ന 47ാമത് ജിഎസ്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് നിത്യോപയോഗസാധനങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചത്. 5, 12, 18 സ്ലാബിലാണ് നിരക്കുയര്‍ത്തല്‍. പ്രധാനമായും പാക്കറ്റിലുള്ളവ വാങ്ങുന്നവരെയാണ് വിലക്കയറ്റം ബാധിക്കുക. പാക്ക് ചെയ്ത അരി, ഗോതമ്പ്, പാല്‍, തൈര്, ലസ്സി, ബട്ടര്‍ മില്‍ക്ക്, മീന്‍, ശര്‍ക്കര, തേന്‍, റൈ, മാംസം, ബാര്‍ലി, ഓട്‌സ്, പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയാണ് പുതിയ തീരുമാന പ്രകാരം അഞ്ചുശതമാനം നികുതിക്ക് കീഴില്‍ വരുന്നവ.
ആയിരം രൂപവരെയുള്ള ഹോട്ടല്‍മുറി, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട കരാറുകള്‍, ഉപകരാറുകള്‍, അയ്യായിരത്തില്‍ കൂടുതല്‍ ദിവസവാടകയുള്ള ഐസിയു ഒഴികെയുള്ള ആശുപത്രി മുറികള്‍. സോളാര്‍ വാട്ടര്‍ ഹീറ്റര്‍, തുകല്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, അച്ചടിച്ച മാപ്പുകള്‍, ചാര്‍ട്ടുകള്‍ എന്നിവ 12 ശതമാനം വരുന്ന നികുതി സ്ലാബിന് കീഴിലും ഉള്‍പ്പെടുന്നു.