ECONOMY

പിരിച്ചുവിടൽ ഭീതി: ഇന്ത്യയിൽ സുരക്ഷിത സ്ഥാപനങ്ങൾ തേടുന്ന ടെക്കികളുടെ എണ്ണം കൂടുന്നു

വന്‍കിട കമ്പനികള്‍ ദിനം പ്രതി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് ടെക് മേഖലയില്‍ സുരക്ഷിത സ്ഥാപനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക് ഭീമന്‍മാന്‍ കൂട്ടപ്പിരിച്ചു വിടലുമായി മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യന്‍ ടെക് തൊഴിൽ മേഖലയില്‍ ഭീതി പടരുന്നു. വന്‍കിട കമ്പനികള്‍ ദിനം പ്രതി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ ടെക് മേഖലയില്‍ സുരക്ഷിത സ്ഥാപനങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ പുതിയതായി എത്തുന്ന തൊഴിൽ അന്വേഷകരുടെ കണക്കുകള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന ഭീതി വെളിപ്പെടുത്തുന്നതാണ് എന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വലിയ ശമ്പള വര്‍ധനവിനേക്കാള്‍ തൊഴില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയാണ് ടെക്കികള്‍.

സുരക്ഷിതമായ സ്ഥാപനം എന്ന ലക്ഷ്യത്തോടെ പുതിയ കമ്പനികള്‍ തേടുന്ന ടെക്കികളില്‍ ഭൂരിഭാഗവും പക്ഷേ സ്റ്റാര്‍ട്ടപ്പുക്കളെ അവസരമായി തിരഞ്ഞെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രമുഖ റിക്രൂട്ടിങ് സ്ഥാപനങ്ങളായ ട്രാന്‍സെര്‍ച്ച്, എബിസി കണ്‍സല്‍ട്ടന്‍സ്, അഡേക്കോ, കരിയര്‍നെറ്റ്, സിഐഇഎല്‍ എച്ച് ആര്‍ സര്‍വീസ് എന്നിവയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

പുതിയ സാഹചര്യത്തില്‍ തൊഴില്‍ മാറ്റത്തിന് ശ്രമിക്കുന്നവരും, തൊഴില്‍ തേടുന്നവരും താല്‍പര്യപ്പെടുന്നത് സുരക്ഷിതമായ സ്ഥാപനങ്ങളാണ് എന്നതാണ് പ്രത്യേകത. വലിയ ശമ്പള വര്‍ധനവിനേക്കാള്‍ തൊഴില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയാണ് ടെക്കികള്‍. സോഫ്റ്റ് വെയർ പ്രൊഫഷണലുകള്‍ നിലവിലെ സ്ഥാപനത്തില്‍ നിന്നും സുരക്ഷിതമായ മറ്റൊരിടം തേടുന്ന പ്രവണത 40% മുതല്‍ 100% വരെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറ് ശതമാനത്തിലധികം ശമ്പള വര്‍ധനയോടെ പുതിയ ജോലിയില്‍ പ്രവേശിച്ചവരും ഉള്‍പ്പെടുന്നു. ഐടി കമ്പനികളിലും സ്റ്റാര്‍ട്ടപ്പുകളിലും പ്രവര്‍ത്തിക്കുന്ന 300-ലധികം ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

അതേസമയം, വലിയ തോതില്‍ ശമ്പളവര്‍ധനവ് രേഖപ്പെടുത്തിയ കാലഘട്ടത്തില്‍ നിന്നും ശമ്പള വര്‍ധനവ് മഹാമാരിക്കാലത്തിന് മുന്‍പുള്ള നിലയിലേക്ക് മടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ശമ്പള വര്‍ധന സ്ഥിര ജീവനക്കാര്‍ക്ക് 15 ശതമാനവും, കരാര്‍ ജീവനക്കാര്‍ക്കിടയില്‍ 30 ശതമാനത്തിലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ ടെക് കമ്പനികളില്‍ നിന്നുള്ള തൊഴില്‍ പരിചയമുള്ളവര്‍ ജോലിമാറ്റത്തിനായുള്ള അന്വേഷണങ്ങളുടെ എണ്ണം ഇരട്ടിയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരിയര്‍നെറ്റിന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടെക് മേഖലയില്‍ നിന്ന് മാത്രം ലഭിച്ചത് 50 ല്‍ അധികം ബയോഡാറ്റകളായിരുന്നു. തൊഴില്‍ മാറ്റം ആഗ്രഹിച്ച് മുന്‍ മാസങ്ങളില്‍ ലഭിച്ചിരുന്നത് ആഴ്ചയില്‍ അഞ്ച് വരെ ബയോഡാറ്റകള്‍ ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഇപ്പോഴത്തെ ആശങ്കയുടെ വ്യാപ്തി തിരിച്ചറിയുക. 2021 - 22 കാലഘട്ടത്തില്‍ വലിയ തോതിലുള്ള നിയമനങ്ങളായിരുന്നു ടെക് കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും രാജ്യത്ത് നടത്തിയത്. ഈ സാഹചര്യം പക്ഷേ നിയമന നിലവാരത്തെ ബാധിച്ചതായും കരിയര്‍നെറ്റ് കോഫൗണ്ടര്‍ അന്‍ഷുമന്‍ ദാസ് പറയുന്നു.

വലിയ ടെക് കമ്പനികളില്‍ നിന്നുള്ള തൊഴില്‍ പരിചയമുള്ളവര്‍ ജോലിമാറ്റത്തിനായുള്ള അന്വേഷണം നടത്തുന്നത് ഇരട്ടിയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മിക്കവരും സ്റ്റാര്‍ട്ടപ്പുകള്‍ ഒഴിവാക്കുമ്പോള്‍, മുന്‍നിര ടെക് കമ്പനികളില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന ചിലര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ