ECONOMY

'പോക്കറ്റ് നിറക്കുന്നത് അതിസമ്പന്നർ തന്നെ': ലോകത്തെ ഏറ്റവും ധനികരിൽ ഒരു ശതമാനം കഴിഞ്ഞ ദശകത്തിൽ വർധിപ്പിച്ചത് 42 ലക്ഷം കോടി രൂപ

വെബ് ഡെസ്ക്

ആഗോള ജനസംഖ്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം കഴിഞ്ഞ ദശകത്തിൽ സമ്പത്ത് 42 ട്രില്യൺ ഡോളർ (42 ലക്ഷം കോടി രൂപ) വർധിപ്പിച്ചതായി റിപ്പോർട്ട്. ആഗോള ജനസംഖ്യയുടെ ഏറ്റവും താഴെത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ സമ്പത്തിനെക്കാൾ ഏകദേശം 34 മടങ്ങ് കൂടുതലാണിത്. ബ്രസീലിൽ G20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ കാലയളവിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിലെ ഒരു വ്യക്തിയുടെ ശരാശരി സമ്പത്ത് ഏകദേശം മൂന്ന് കോടി മുപ്പത്തിനാല് ലക്ഷത്തിലധികം രൂപയാണ് വർധിച്ചത്. അതേസമയം താഴെത്തട്ടിലുള്ള 50 ശതമാനത്തിൽ ഒരാൾക്ക് ശരാശരി 28000 രൂപയോളം വർധനവ് ആണുണ്ടായത്. . ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ അവരുടെ സമ്പത്തിൻ്റെ 0.5 ശതമാനത്തിൽ താഴെയുള്ള നികുതി നിരക്കാണ് നൽകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

G20 ധനമന്ത്രിമാർ ബ്രസീലിലെ റിയോ ഡി ജനീറോയിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ അതിസമ്പന്നരുടെ നികുതി ഉയർത്തുന്നതിനുള്ള ഒരു സുപ്രധാന ആഗോള കരാറിന് അടിത്തറ പാകുമെന്നാണ് കരുതുന്നത്. ശതകോടീശ്വരന്മാർക്കുള്ള ആഗോള നികുതി ഉച്ചകോടിയിൽ പ്രധാന വിഷയമായി ഉയർത്തിക്കാട്ടേണ്ടതുണ്ടെന്ന് ബ്രസീൽ ധനമന്ത്രി ഫെർണാണ്ടോ ഹദ്ദാദ് നേരത്തെ നിർദേശിച്ചിരുന്നു. ദക്ഷിണാഫ്രിക്ക, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് നിർദേശം.

“അസമത്വം അശ്ലീലമായ തലത്തിൽ എത്തിയിരിക്കുന്നു. ഇതുവരെയും ജനങ്ങളെയും ഗ്രഹത്തെയും അതിൻ്റെ വിനാശകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടിരിക്കുന്നു,” ഓക്സ്ഫാം ഇൻ്റർനാഷണലിൻ്റെ അസമത്വ നയത്തിൻ്റെ തലവൻ മാക്സ് ലോസൺ പറഞ്ഞു. "മനുഷ്യരാശിയുടെ ഏറ്റവും ധനികരായ ഒരു ശതമാനം ആളുകൾ അവരുടെ പോക്കറ്റുകൾ നിറയ്ക്കുന്നത് തുടരുന്നു. ബാക്കിയുള്ളവർ താഴെത്തട്ടിലേക്ക് അവശേഷിപ്പിക്കപ്പെടുകയാണ്".

ശതകോടീശ്വരന്മാരുടെ സമ്പത്ത് കുറയ്ക്കുന്നതിന് കുറഞ്ഞത് 8% വാർഷിക അറ്റ ​​സമ്പത്ത് നികുതി ആവശ്യമാണെന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ കോടീശ്വരന്മാരിൽ അഞ്ചിൽ നാലുപേരും ജി20 രാജ്യങ്ങളിലാണ്.

ഓക്‌സ്ഫാമിൻ്റെ ഗവേഷണമനുസരിച്ച്, G20 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന വരുമാനക്കാരായ ഒരു ശതമാനം പേരുടെ വരുമാനത്തിൻ്റെ വിഹിതം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 45 ശതമാനം വർധിച്ചു. അതേസമയം അവരുടെ വരുമാനത്തിലെ ഉയർന്ന നികുതി നിരക്കുകൾ ഏകദേശം മൂന്നിലൊന്നായി വെട്ടിക്കുറച്ചു.

2015-ൽ ഇന്ത്യയിലെ വെൽത്ത് ടാക്‌സ് നിർത്തലാക്കി. പകരം പ്രതിവർഷം ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് നിലവിലുള്ള 10%-ത്തിന് മുകളിൽ 2% അധിക സർചാർജ് ഏർപ്പെടുത്തി. 2015 വരെ, ഒരു വ്യക്തിയോ വിഭജിച്ചിട്ടില്ലാത്ത ഒരു ഹിന്ദു കുടുംബമോ ഒരു കമ്പനിയോ 30 ലക്ഷം രൂപയിൽ കൂടുതലുള്ള അറ്റ ​​സ്വത്തിന് 1% വെൽത്ത് ടാക്‌സായി അടയ്ക്കേണ്ടി വന്നിരുന്നു. 2013-14 സാമ്പത്തിക വർഷത്തിൽ ആകെ സമ്പത്ത് നികുതി പിരിവ് 1,008 കോടി രൂപയായിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്