ECONOMY

പണപ്പെരുപ്പം നേരിടാന്‍ ഇടപെടല്‍; പലിശ നിരക്ക് കാല്‍ ശതമാനം കൂട്ടി യുഎസ് ഫെഡറൽ റിസർവ്

തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്

വെബ് ഡെസ്ക്

കടുത്ത ബാങ്കിങ് പ്രതിസന്ധിക്കിടെ പലിശ നിരക്ക് ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. 25 ബേസിസ് പോയിന്റാണ് പലിശനിരക്കിലെ വര്‍ധന. 50 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ പലിശ നിരക്ക് 4.75 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ന്നു. 2007 ന് ശേഷം ആദ്യമായാണ് പലിശ നിരക്കില്‍ ഇത്രയധികം വര്‍ധനയുണ്ടാകുന്നത്. തുടര്‍ച്ചയായ ഒന്‍പതാം തവണയാണ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡൗ ജോൺസ്‌ ഓഹരി സൂചിക 500 പോയിന്റിലേറെ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.

2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും മോശം ബാങ്കിങ് പ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ്.

ഈ മാസം ആദ്യം സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമാകുന്നത്

സാമ്പത്തിക പ്രതിസന്ധി പിടിച്ചുകെട്ടുന്നതിനായി പ്രതിജ്ഞാബദ്ധരാണെന്നും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേ മതിയാകൂ എന്നുമാണ് ഫെഡറല്‍ ചെയര്‍മാന്‍ ജെറോം പവല്‍ പ്രതികരിച്ചത്. ഈ മാസം ആദ്യം സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി ഇത്ര രൂക്ഷമായത്. പണപ്പെരുപ്പം നിയന്ത്രണാതീതമായതും സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയോടെയാണ്. ന്യൂയോര്‍ക്കിലെ സിഗ്‌നേച്ചര്‍ ബാങ്കിന്റെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

പലിശ നിരക്കില്‍ വര്‍ധനയുണ്ടാകുന്നതോടെ ബാങ്കില്‍നിന്നുള്ള കടമെടുപ്പില്‍ നിയന്ത്രണമുണ്ടാകും. അമേരിക്കയില്‍ ഇതിനകം തന്നെ ഭക്ഷ്യവസ്തുക്കളുടെ വിലയും വിമാന ടിക്കറ്റ് നിരക്കിലുമെല്ലാം വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം നിയന്ത്രിക്കാനാകുമെന്നാണ് ഫെഡ് റിസര്‍വ് വിലയിരുത്തുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

ക്രെഡിറ്റ് സ്യൂസിന്റെ 24 ശതമാനത്തോളം ഓഹരികളില്‍ കഴിഞ്ഞയാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു

സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ തന്നെ വലിയ തിരിച്ചടി സൃഷ്ടിക്കുകയാണ്. ബ്രിട്ടനിലും വിലക്കയറ്റം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണ സാധനങ്ങള്‍, ഊര്‍ജ സേവനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിരക്ക് ഉയര്‍ന്നു. 10.4 ശതമാനമാണ് ഈമാസം ബ്രിട്ടനില്‍ വിലക്കയറ്റത്തിലുണ്ടായ കുതിപ്പ്. കഴിഞ്ഞ മാസം അത് 10.1 ശതമാനമായിരുന്നു. അതിനാല്‍ ബ്രിട്ടനിലും പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉയര്‍ത്തിയ നിരക്കുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ വലിയ ബാങ്കായ ക്രെഡിറ്റ് സ്യൂസിനേയും പിടിച്ചുകുലുക്കിയിരുന്നു. ക്രെഡിറ്റ് സ്യൂസിന്റെ 24 ശതമാനത്തോളം ഓഹരികളില്‍ കഴിഞ്ഞയാഴ്ച ഇടിവ് രേഖപ്പെടുത്തിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ