ECONOMY

കേന്ദ്ര ബജറ്റ്: കൃഷി ഗവേഷണം കോര്‍പ്പറേറ്റുകളുടെ കൈകളിലേക്ക്

കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ നീക്കി വെച്ചിരിക്കുന്ന ബജറ്റില്‍ വന്‍ പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ല

ഡോ ജോസ് ജോസഫ്

ഇന്ത്യന്‍ കര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും കാര്‍ഷിക സര്‍വകലാശാലകളുടെയും കുത്തകയായിരുന്ന കാര്‍ഷിക ഗവേഷണത്തിന് കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ മേഖലയ്ക്ക് ഗവണ്മെന്റ് ഫണ്ട് നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2024-25 ലെ ബജറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം. വിളകളുടെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്ന വിത്തിനങ്ങള്‍ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്തെ കാര്‍ഷിക ഗവേഷണ വ്യവസ്ഥയെ സമഗ്രമായ വിലയിരുത്തലിനു വിധേയമാക്കും. ഗവേഷണ ഫണ്ട് മത്സരാധിഷ്ഠിതമായി സ്വകാര്യ മേഖലയ്ക്കും അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗവണ്മെന്റ് ഫണ്ടോടെയുള്ള കാര്‍ഷിക ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഗവണ്മെന്റിനകത്തും പുറത്തുമുള്ള വിദഗ്ദ സമിതിയെ നിയോഗിക്കും.

കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ നീക്കി വെച്ചിരിക്കുന്ന ബജറ്റില്‍ വന്‍ പദ്ധതി പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രകൃതി കൃഷി, ഡിജിറ്റല്‍ കൃഷി തുടങ്ങിയവയുടെ പ്രോത്സാഹനം, എണ്ണക്കുരുക്കള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയ്ക്കു വേണ്ടിയുള്ള മിഷനുകള്‍ തുടങ്ങി മുന്‍ ബജറ്റുകളിലെ പദ്ധതികള്‍ ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുകയാണ്. 10000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകളുടെ സ്ഥാപനം, സഹകരണ മേഖലയുടെ ശാക്തീകരണം തുടങ്ങിയ മുന്‍ പദ്ധതികളും ആവര്‍ത്തിച്ചിട്ടുണ്ട്. ഇതിനു പുറമേ കാര്‍ഷിക മേഖലയ്ക്കു വേണ്ടി ഭാവനാപൂര്‍ണമായ പുതിയ പദ്ധതികളൊന്നും ബജറ്റില്‍ ഇല്ല.

കാര്‍ഷിക വിളകളുടെ ഉല്പാദനക്ഷമതാ വര്‍ധനവിനും കാലാവസ്ഥാ പ്രതിരോധത്തിനുമാണ് ഈ ബജറ്റില്‍ മുന്‍ഗണന. 2024-25 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒമ്പത് മേഖലകളില്‍ ആദ്യത്തേതായാണ് ഇത് ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 32 വിളകളിലായി ഉല്പാദനശേഷി കൂടിയതും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളതുമായ 109 പുതിയ വിത്തിനങ്ങള്‍ പുറത്തിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഇപ്പോള്‍ തന്നെ ഇത് ചെയ്തു വരുന്നുണ്ട്.

കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ പ്രതിരോധം നേടുകയെന്ന ലക്ഷ്യത്തിന്റെ മറവിലാണ് സ്വകാര്യ മേഖലയുടെ കൃഷി ഗവേഷണത്തിന് കേന്ദ്ര ഫണ്ട് നല്‍കാനുള്ള നയപരമായ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വിദേശത്തും രാജ്യത്തിനകത്തുമുള്ള സ്വകാര്യ കമ്പനികളുമായി പങ്കാളിത്ത ഗവേഷണ കരാറുകളില്‍ ഒപ്പിട്ടു വരികയാണ്. സിന്‍ജെന്ത, ബെയര്‍, ആമസോണ്‍, ധനുക്ക അഗ്രി ടെക്, കൊറൊമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി ഐസിഎആര്‍ അടുത്തയിടെ പങ്കാളിത്ത കരാറുകളില്‍ ഒപ്പിട്ടു. ബജറ്റ് പ്രഖ്യാപനത്തോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സംയുക്ത ഗവേഷണ പദ്ധതികളും കേന്ദ്ര ഫണ്ട് സ്വീകരിച്ചുള്ള സ്വകാര്യ കാര്‍ഷിക ഗവേഷണ പദ്ധതികളും വ്യാപകമാകും.

പ്രകൃതി കൃഷി വ്യാപനവും 10000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകളുടെ വ്യാപനവും 2022-23 ലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2024-25 ലെ ബജറ്റിലും ഈ പദ്ധതികള്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. ഒരു കോടി കര്‍ഷകരെ പ്രകൃതി കൃഷിയിലേക്കു കൊണ്ടുവരുമെന്ന് 2023-24 ലെ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അത് ഈ ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും താല്പര്യമുള്ള പഞ്ചായത്തുകളുടെയും സഹകരണത്തോടെ സര്‍ട്ടിഫിക്കേഷന്‍, ബ്രാന്‌റിങ് തുടങ്ങിയവയില്‍ പ്രകൃതി കൃഷി നടത്തുന്ന ജൈവകര്‍ഷകരെ സഹായിക്കും. ആവശ്യാനുസൃതം രാജ്യവ്യാപകമായി പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകളുടെ ഒരു നെറ്റ് വര്‍ക്ക് സ്ഥാപിക്കും. ജൈവ കര്‍ഷകര്‍ക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങിയവ ഉല്പാദിപ്പിച്ചു നല്‍കുന്നതിനാണ് ഈ സെന്ററുകള്‍.

ബജറ്റ് പ്രഖ്യാപനത്തോടെ സ്വകാര്യ കമ്പനികളും പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും ചേര്‍ന്നുള്ള സംയുക്ത ഗവേഷണ പദ്ധതികളും കേന്ദ്ര ഫണ്ട് സ്വീകരിച്ചുള്ള സ്വകാര്യ കാര്‍ഷിക ഗവേഷണ പദ്ധതികളും വ്യാപകമാകും

വന്‍തോതില്‍ പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നത് നെല്ല്, ഗോതമ്പ് തുടങ്ങിയ പ്രമുഖ ഭക്ഷ്യധാന്യ വിളകളുടെ ഉല്‍പാദനം കുറയ്ക്കുമെന്ന് നബാര്‍ഡും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സും ചേര്‍ന്ന് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിങ് റിസര്‍ച്ച് നടത്തിയ മൂന്നു വര്‍ഷത്തെ ഒരു പഠനത്തില്‍ പ്രകൃതി കൃഷിയിലൂടെ വളര്‍ത്തിയ ഗോതമ്പിന്റെ ഉല്പാദനം 59 ശതമാനവും നെല്ലിന്റെ വിളവ് 32 ശതമാനവും കുറഞ്ഞതായി കണ്ടെത്തി. ശരിയായ പ്രോട്ടോക്കോളുടെ അഭാവത്തില്‍ പ്രകൃതി കൃഷി രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നത് കര്‍ഷകരുടെ വരുമാനത്തെയും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് നബാര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഒരു കോടി കര്‍ഷകരെ പ്രകൃതി കൃഷിയിലേക്ക് ആകര്‍ഷിക്കുമ്പോള്‍ ഉല്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും എങ്ങനെ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ഗവണ്മെന്റിന് ഒരു ധാരണയുമില്ല.

എണ്ണക്കുരുക്കളിലും പയറു വര്‍ഗങ്ങളിലും ആത്മ നിര്‍ഭരത നേടാന്‍ 2022 ല്‍ പ്രഖ്യാപിച്ച പദ്ധതികളും ഈ ബജറ്റില്‍ ധനമന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. കടുക്, നിലക്കടല, എള്ള്, സോയാബീന്‍' സൂര്യകാന്തി എന്നീ എണ്ണക്കുരു വിളകളുടെ കൃഷിക്കും സംസ്‌കരണത്തിനുമാണ് ഊന്നല്‍. പയറു വര്‍ഗങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉല്പാദകരും ഉപഭോക്താക്കളും ഇന്ത്യയാണെങ്കിലും രാജ്യം സ്വയംപര്യാപ്തമല്ല. ഏകദേശം 27 ദശലക്ഷം ടണ്ണോളമാണ് ആഭ്യന്തര ഉല്പാദനം. ആഭ്യന്തര ആവശ്യത്തിന്റെ 15 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. പയറു വര്‍ഗങ്ങളെ കൃഷി മിഷന്‍ മാതൃകയില്‍ പ്രോത്സാഹിപ്പിക്കും. പ്രധാനപ്പെട്ട ഉപഭോക്തൃ കേന്ദ്രങ്ങളുടെ സമീപം ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കും. സംഭരണം, സൂക്ഷിച്ചു വെയ്ക്കല്‍, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള വിതരണ ശൃംഖല വികസനത്തിന് കര്‍ഷകരുടെ ഉല്പാദക സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കും.

ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (ഡി പി ഐ) ഇന്‍ അഗ്രികള്‍ച്ചര്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് വിജയം കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ വ്യാപിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ കര്‍ഷകരിലേക്കും കൃഷി ഭൂമികളിലേക്കും വ്യാപിപ്പിക്കും. ഡിപിഐ ഉപയോഗിച്ച് ഈ വര്‍ഷം 400 ജില്ലകളില്‍ ഖാരിഫ് സീസണില്‍ വിള സര്‍വേ പൂര്‍ത്തിയാക്കും. ആറ് കോടി കര്‍ഷകരുടെയും അവരുടെ ഉടമസ്ഥതയിലുള്ള കൃഷി ഭൂമിയുടെയും വിശദവിവരങ്ങള്‍ ലാന്‍ഡ് രജിസ്ട്രിയില്‍ ചേര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്റെ 14 വായ്പാ പദ്ധതികളെ ഏകോപിപ്പിക്കുന്ന ജന്‍ സമര്‍ഥ് പോര്‍ട്ടല്‍ ഉപയോഗിച്ചുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയാക്കും.

മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിലേക്ക് വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ചെമ്മീന്‍ കൃഷി പ്രോത്സാഹനമാണ് ഫിഷറീസ് മേഖലയിലെ പ്രധാന പദ്ധതി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്‍ഷിക വിളകളെക്കാള്‍ വളര്‍ച്ച നേടുന്നത് ഫിഷറീസ്, മൃഗ സംരക്ഷണ മേഖലകളാണ്. 2014-15 ല്‍ കൃഷി അനുബന്ധ മേഖലകളിലെ മൊത്തം മൂല്യ വര്‍ധിതത്തിന്റെ (ജിവിഎ) 24.38 ശതമാനമായിരുന്നത് 2022-23 ല്‍ 30.23 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ വിളകളുടെ പങ്ക് ഇടിയുകയാണുണ്ടയത്. എന്നാല്‍ മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിലേക്ക് വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ചെമ്മീന്‍ കൃഷി പ്രോത്സാഹനമാണ് ഫിഷറീസ് മേഖലയിലെ പ്രധാന പദ്ധതി. ചെമ്മീന്‍ കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കും. ചെമ്മീന്‍ ബ്രൂഡ്‌സ്റ്റോക് പ്രജനനത്തിനു വേണ്ടി ന്യൂക്ലിയസ് പ്രജനന കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. ചെമ്മീന്‍, മത്സ്യ തീറ്റകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനമായി കുറച്ചു. ഇവ തയ്യാറാക്കുന്നതിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന വിവിധ വസ്തുക്കളുടെ തീരുവ പൂര്‍ണമായും ഒഴിവാക്കി.

ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 212332 കോടി രൂപയില്‍ നിന്ന് 205 250 കോടി രൂപയായി കുറച്ചു. രാസവള സബ്‌സിഡി 188894 കോടി രൂപയില്‍ നിന്ന് 164000 കോടി രൂപയായി കുറഞ്ഞു.

സഹകരണ മേഖലയുടെ സമഗ്ര വികസനത്തിനായി ദേശീയ സഹകരണ നയം ആവിഷ്‌ക്കരിക്കും. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ത്വരിത വളര്‍ച്ചയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലുമാണ് ലക്ഷ്യം.

2024-25 ലെ ബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിയും രാസവള സബ്‌സിഡിയും വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്‌സിഡി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റായ 212332 കോടി രൂപയില്‍ നിന്ന് 205 250 കോടി രൂപയായി കുറച്ചു. രാസവള സബ്‌സിഡി 188894 കോടി രൂപയില്‍ നിന്ന് 164000 കോടി രൂപയായി കുറഞ്ഞു. രാസവള നിര്‍മാണത്തിനു വേണ്ട അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവും ദ്രാവക നാനോ വളങ്ങളുടെ വ്യാപനവും പരിഗണിച്ചാണ് രാസവള സബ്‌സിഡി വെട്ടിക്കുറച്ചത്.

2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പാണ് കര്‍ഷകര്‍ക്ക് മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കൈമാറുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി എം കിസാന്‍ ) പ്രഖ്യാപിച്ചത്. പദ്ധതിയുടെ 17-ാം ഗഡു മൂന്നാം വട്ടം അധികാരമേറ്റയുടന്‍ വാരാണസിയില്‍ വെച്ച് പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് കൈമാറി. 10 കോടിയിലേറെ ചെറുകിട -നാമമാത്ര കര്‍ഷകരാണ് പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 3.24 ലക്ഷം കോടി രൂപയാണ് പദ്ധതി പ്രകാരം ഇതുവരെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. കര്‍ഷകരുടെ വാര്‍ഷിക വരുമാനത്തിന്റെ മുന്നോ നാലോ ശതമാനം മാത്രമാണ് ഇപ്പോള്‍ കൈമാറുന്ന 6000 രൂപ. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഇരട്ടിയായി. ഗ്രാമീണ ഉപഭോഗം കുത്തനെ ഇടിഞ്ഞു. വിത്ത്, വളം, കീടനാശിനി തുടങ്ങിയവയുടെ വില കുതിച്ചുയര്‍ന്നു. പി എം കിസാന്‍ വിഹിതം 8000 രൂപയോ 10000 രൂപയോ ആയി ഈ ബജറ്റില്‍ വര്‍ധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്തായി.

കര്‍ഷകര്‍ക്കു നല്‍കുന്ന താങ്ങുവില (എം എസ് പി ) പരിഷ്‌കരിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇല്ല. കര്‍ഷകര്‍ക്കു വേണ്ടി ഉയര്‍ന്ന താങ്ങുവില കഴിഞ്ഞ മാസം പ്രഖ്യാപിച്ചു എന്നാണ് ബജറ്റിലെ അവകാശവാദം. കഴിഞ്ഞ ഖാരിഫ് സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ഖാരിഫ് സീസണിലെ വര്‍ധനവ് നാമമാത്രമാണ്. ഡോ എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായ ദേശീയ കര്‍ഷക കമ്മിഷന്റെ ശിപാര്‍ശകര്‍ഷകര്‍ക്ക് സമഗ്രമായ സി 2 ചെലവും അതിന്റെ 50 ശതമാനവും കുടിച്ചേര്‍ന്ന തുക എം എസ്പി യായി നിശ്ചയിക്കണമെന്നായിരുന്നു. എല്ലാ വിളകള്‍ക്കും എംഎസ്എപി നല്‍കാന്‍ നിയമപരമായ പരിരക്ഷ നല്‍കണമെന്നും എംഎസ്പി ഡോ.സ്വാമിനാഥന്‍ കമ്മിഷന്റെ ശിപാര്‍ശ പ്രകാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം. ഇത് ധനമന്ത്രി അംഗീകരിച്ചിട്ടില്ല.

ബജറ്റിനു മുന്നോടിയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പ്രകാരം 2023-24 ലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് കേവലം 1.4 ശതമാനം മാത്രമായിരുന്നു. 2022-23 ല്‍ ഇത് 4.7 ശതമാനമായിരുന്നു. എല്‍ നിനോ' പ്രതിഭാസവും തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റവുമായിരുന്നു വളര്‍ച്ചാ നിരക്ക് ഇടിയുവാനുണ്ടായ പ്രധാന കാരണം. കാര്‍ഷിക ഗവേഷണത്തില്‍ സ്വകാര്യ മേഖലയെ പങ്കെടുപ്പിക്കുന്നതൊഴികെ കാര്‍ഷിക മേഖലയില്‍ കാലാവസ്ഥാ മാറ്റം നേരിടുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 11500 കോടി രൂപയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍, ആസാം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ നിയന്ത്രണ ഫണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളെ തീര്‍ത്തും അവഗണിച്ചു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്