2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ തകർച്ച; ആഗോള വിപണിയെ തകിടം മറിച്ച തിരിച്ചടി; യുഎസിലെ സ്റ്റാർട്ടപ്പ് കേന്ദ്രീകൃത വായ്പാ ദാതാവായ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് നിക്ഷേപകർ. കാലിഫോർണിയയിലെ സാന്റാ ക്ലാര ആസ്ഥാനമായി പ്രവർത്തിക്കുന്ന സിലിക്കൺ വാലി ബാങ്ക് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ്. ടെക് സ്റ്റാർട്ടപ്പുകളിലെ മാന്ദ്യത്തിന് പുറമെ പ്രതീക്ഷിച്ചതിലും അധികമായി നിക്ഷേപങ്ങൾ പിൻവലിച്ചതുമാണ് ബാങ്കിന് വലിയ തിരിച്ചടിയായത്. 42 ബില്യൺ ഡോളര്‍ ഒരൊറ്റ ദിവസം പിൻവലിക്കപ്പെട്ടുവെന്നാണ് കണക്ക്.
ഇൻഷ്വർ ചെയ്ത നിക്ഷേപകർക്കെല്ലാം അവ തിങ്കളാഴ്ച മുതൽ ഉപയോഗിക്കാനാകുമെന്ന് എഫ്ഡിഐസി അറിയിച്ചു. അതേസമയം നിക്ഷേപങ്ങളുടെ 89 ശതമാനവും ഇൻഷ്വർ ചെയ്തിട്ടില്ല എന്നതാണ് നിക്ഷേപകരുടെ ചങ്കിടിപ്പ് ഏറ്റുന്നത്.
കാലിഫോർണിയയിലെ ബാങ്ക് റെഗുലേറ്ററായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആന്റ് ഇന്നൊവേഷൻ (എഫ്ഡിഐസി), വെള്ളിയാഴ്ച ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ബാങ്ക് ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവനുസരിച്ച് മാർച്ച് ഒൻപതിന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ, ബാങ്കിന് 958 മില്യൺ ഡോളറിന്റെ നെഗറ്റീവ് ക്യാഷ് ബാലൻസ് ഉണ്ടെന്നാണ് കണക്ക്. പുതിയ സംരംഭങ്ങളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ അവരുടെ തകർച്ച ബാങ്കിനെ സാരമായി ബാധിക്കും. അത്തരത്തിൽ തകർച്ച നേരിട്ട സംരംഭകർ എസ്‌വിബിയിൽ നിക്ഷേപിച്ചിരുന്ന പണം പിൻവലിച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. എസ്‌വിബിയുടെ തകർച്ചയോടെ പരമ്പരാഗത ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ, വെൽസ് ഫാർഗോ എന്നിവയുടെയും മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. 2007-2008ലെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമാണ് യുഎസിലെ സാഹചര്യം.
നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് വർധിച്ചതോടെ ബാങ്കിന്റെ മൂലധനം വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അവിശ്വസനീയമാം വിധം ബുദ്ധിമുട്ടേറിയ മണിക്കൂറുകളിലൂടെയാണ് കടന്നു പോകുന്നതെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് ബെക്കർ വെള്ളിയാഴ്ച ജീവനക്കാർക്ക് അയച്ച വിഡിയോ സന്ദേശത്തില്‍ പറയുന്നു. കൂടാതെ ജീവനക്കാരുടെ ജോലി സുരക്ഷയുടെ കാര്യത്തിലും ബെക്കർ ആശങ്ക പങ്കുവച്ചു.
നിലവിൽ അടച്ചിട്ടിരിക്കുന്ന എസ്‌വിബിയുടെ ആസ്ഥാനവും ബ്രാഞ്ചുകളും മാർച്ച് 13ന് വീണ്ടും തുറക്കും. ഇൻഷ്വർ ചെയ്ത നിക്ഷേപകർക്കെല്ലാം അത്തരം നിക്ഷേപങ്ങൾ തിങ്കളാഴ്ച മുതൽ ഉപയോഗിക്കാനാകുമെന്നും എഫ്ഡിഐസി അറിയിച്ചു. എന്നാല്‍ 89 ശതമാനം നിക്ഷേപവും ഇൻഷ്വർ ചെയ്തിട്ടില്ല എന്നതാണ് നിക്ഷേപകരുടെ ചങ്കിടിപ്പ് കൂട്ടുന്നത്.
സിലിക്കൺ വാലി ബാങ്കിനെ മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് എഫ്ഡിഐസി. ഇൻഷ്വർ ചെയ്യാത്ത നിക്ഷേപകരെ സംരക്ഷിക്കാൻ നടത്തുന്ന ഈ നീക്കത്തിന് ഗുണകരമാകുന്ന കരാറുകളൊന്നും ഇതുവരെ തയ്യാറായില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. ബാങ്കിന്റെ മാതൃസ്ഥാപനമായ എസ്‌വിബി ഫിനാൻഷ്യലും അവരുടെ നിലയ്ക്ക് ആസ്തികൾ വിൽക്കാനുള്ള നീക്കം നടത്തുന്നുണ്ട്. മറ്റ് സ്ഥാപനങ്ങളെ ആകർഷിക്കും വിധത്തിലാണ് ആസ്തി ഓഫറുകള്‍.
ഗ്രെഗ് ബെക്കർ
സിലിക്കൺ വാലി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ബെക്കർ മൂന്ന് പതിറ്റാണ്ട് മുൻപാണ് ലോൺ ഓഫീസറായി സ്ഥാപനത്തിൽ ചേരുന്നത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തുൾപ്പെടെ സ്ഥാപനത്തെ നയിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബേക്കർ 2011ലാണ് എസ്‌വിബി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ സിഇഒ ആകുന്നത്. കമ്പനിയുടെ നിക്ഷേപ വിഭാഗമായ എസ്‌വിബി ക്യാപിറ്റലിന്റെ സഹസ്ഥാപകൻ കൂടിയാണ് ബെക്കർ.