ECONOMY

സ്ത്രീകളുടെ വേതനം പുരുഷന്മാരേക്കാള്‍ 24% കുറവ്; ആരോഗ്യ മേഖലയില്‍ വിവേചനം കൂടുതലെന്ന് പഠനം

വെബ് ഡെസ്ക്

ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം പുരുഷന്മാരേക്കാള്‍ 24 ശതമാനം കുറവാണെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴില്‍ സംഘടനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ വേതനത്തിലെ ലിംഗ അസമത്വം ഏറ്റവും കൂടുതല്‍ ആരോഗ്യമേഖലയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മഹാമാരിക്കെതിരായ പോരാട്ടം തുടരുന്നതിനിടെയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വലിയ വിവേചനം നേരിടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 20 ശതമാനമായിരുന്ന അസമത്വം 24ലേക്ക് ഉയര്‍ന്നു. പ്രായം, വിദ്യാഭ്യാസം, തൊഴില്‍ സമയം തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിക്കുമ്പോഴാണ് അസമത്വം 4 ശതമാനം കൂടി വര്‍ദ്ധിച്ചതായി വിലയിരുത്തുന്നത്. ആഗോളതലത്തില്‍ ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ അറുപത്തിയേഴ് ശതമാനം സ്ത്രീകളാണെന്നതും അസമത്വത്തിന്‍റെ ​ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള മേഖലകളില്‍ വേതനം പൊതുവെ കുറവാണെന്ന വാദം ശരി വയ്ക്കുന്നതാണ് കണ്ടെത്തല്‍. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ണ്ണായക പങ്ക് വഹിച്ച 2019 - 2020 വര്‍ഷങ്ങളില്‍ വേതനത്തില്‍ വളരെ ചെറിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായത്.

കാരണങ്ങളും പരിഹാരങ്ങളും

പ്രായ വ്യത്യാസം, വിദ്യാഭ്യാസം, തൊഴില്‍ സമയം, പൊതു-സ്വകാര്യ മേഖലകളിലെ സ്ത്രീ പുരുഷ പ്രാതിനിധ്യം എന്നിവയാണ് പ്രധാന കാരണങ്ങള്‍. പല രാജ്യങ്ങളിലും വ്യത്യസ്ത നിരക്കിലാണിത്. ഉയര്‍ന്ന വേതനനിരക്കുള്ള തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. അതേസമയം സ്ത്രീകള്‍ കൂടുതലുള്ള മേഖലകളില്‍ വേതനം കുറവുമാണ്. ഈ അവസ്ഥ മാറി എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തമുണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്മമാരായ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത്. ഒരു സ്ത്രീയുടെ ഗര്‍ഭാവസ്ഥയില്‍ അവധി എടുക്കേണ്ടി വരുന്നത് അവരുടെ വേതനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പിന്നീടുള്ള അവരുടെ തൊഴില്‍ ജീവിതത്തിലാകെ നിലനില്‍ക്കും. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ സ്ത്രീയും പുരുഷനും തുല്യമായി പങ്കിട്ട് ചെയ്യുന്നത് സ്ത്രീകള്‍ക്ക് വ്യത്യസ്തമായ തൊഴിലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

'നിര്‍ണ്ണായക നയങ്ങള്‍ രൂപീകരിക്കേണ്ട സമയം'

സ്ത്രീകള്‍ക്ക് തങ്ങളുടെ സമാനമായ പ്രൊഫൈലുകളുള്ള പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത് എന്നത് തൊഴില്‍ - കമ്പോള ഘടകങ്ങള്‍ക്കൊന്നും വിശദീകരിക്കാനാവുന്നതല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

''ആരോഗ്യമേഖല പൊതുവേ തന്നെ കുറഞ്ഞ വേതനനിരക്ക്, ലിംഗപരമായ വേതന വ്യത്യാസം, പ്രതികൂല തൊഴില്‍ അന്തരീക്ഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. കോവിഡ് മഹാമാരി ഈ പ്രശ്‌നങ്ങള്‍ സമൂഹത്തിന് മുമ്പില്‍ തുറന്ന് കാട്ടി. അതോടൊപ്പം നമ്മുടെ കുടുംബവും സമൂഹവും സമ്പദ് വ്യവസ്ഥയും മുന്നോട്ട് കൊണ്ടു പോകുന്നതില്‍ എത്രത്തോളം അത്യന്താപേക്ഷിതമാണ് ആരോഗ്യപ്രവര്‍ത്തകരുടെ പങ്കെന്നും ലോകം മനസ്സിലാക്കി.' അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ മാനുവേല ടോമെയ് പറയുന്നു.

'ശക്തമായ ഒരു ആരോഗ്യമേഖലയില്ലാതെ പൗരന്മാരുടെ ആരോഗ്യത്തിന്റെ സമഗ്ര പുരോഗതി സാധ്യമല്ല. സ്ത്രീകള്‍ ഭൂരിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഈ രംഗത്ത് കൂടുതല്‍ മികച്ച വേതനവും മികച്ച തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കിയാല്‍ മാത്രമേ അത് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.' അദ്ദേഹം പറഞ്ഞു. ആരോഗ്യസ്ഥാപനങ്ങള്‍ നിര്‍ണ്ണായകമായ നയങ്ങള്‍ രൂപീകരിക്കേണ്ട സമയമാണ്. പുതിയ റിപ്പോര്‍ട്ട് അത്തരം നടപടികള്‍ക്ക് കാരണമാവട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും