രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതോടെ ഒരിക്കല്‍ കൂടി നോട്ടുനിരോധനം ചര്‍ച്ചയാവുകയാണ്. നോട്ടുനിരോധനത്തെ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ട 2000 രൂപ കറന്‍സി പിന്‍വലിക്കുന്നതിലൂടെ നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ തെറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണോ?
2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നത്. ചില പ്രത്യേക ലക്ഷ്യങ്ങളാണ് നോട്ട് നിരോധനത്തിന് കാരണമായി അദ്ദേഹം പറഞ്ഞത്. പൂഴ്തിവയ്പ് ഇല്ലാതാക്കുക, അഴിമതി തടയുക, ഭീകരപ്രവര്‍ത്തനത്തിനുളള ഫണ്ട് ഇല്ലാതാക്കുക എന്നിവയായിരുന്നു അതില്‍ പ്രധാനം.
അന്ന് വിനിമയത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സികളാണ് മൂല്യരഹിതമാക്കപ്പെട്ടത്. ഇതില്‍ നല്ലൊരു ശതമാനം ബാങ്കുകളിലേക്ക് തിരിച്ചുവരില്ലെന്നും അതോടെ കള്ളപ്പണം വലിയ തോതില്‍ ഇല്ലാതാവുമെന്നും സര്‍ക്കാരും ബിജെപി നേതാക്കളും അവകാശപ്പെട്ടു. നോട്ട് നിരോധിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ 50 ദിവസത്തിനകം മാറിയില്ലെങ്കില്‍ തന്നെ കത്തിച്ചുകളഞ്ഞേക്കുവെന്നായിരുന്നു പ്രധാനമന്ത്രി ആത്മവിശ്വാസത്തോടെ പറഞ്ഞത്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആദ്യ അവകാശവാദം പൊളിഞ്ഞത് നിരോധിക്കപ്പെട്ട കറന്‍സികളുടെ ബഹുഭൂരിപക്ഷവും ബാങ്കിങ് മേഖലയിലേക്ക് തിരിച്ചുവന്നപ്പോഴാണ്. 15.4 ലക്ഷം കോടി രൂപയാണ് നോട്ട് നിരോധനം മൂലം അസാധുവായത്. സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് നിര്‍വീര്യമാക്കപ്പെട്ട 15.4 ലക്ഷം കോടി രൂപയുടെ നോട്ടില്‍ നാല് മുതല്‍ അഞ്ച് ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവരില്ലെന്നായിരുന്നു. അതായത് അത്രയും പണം കള്ളപ്പണമെന്നായിരുന്നു സര്‍ക്കാര്‍ കണക്കാക്കിയത്. എന്നാല്‍ നിശ്ചയ കാലാവധി കഴിഞ്ഞപ്പോള്‍ 99 ശതമാനത്തിലേറെ പണവും ബാങ്കുകളില്‍ തിരിച്ചെത്തി. അതായത് പൂഴ്ത്തിവയ്പിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു നോട്ട് നിരോധനം എന്ന വാദം 2018 ല്‍ റിസര്‍വ് ബാങ്ക് കണക്ക് വന്നപ്പോള്‍ തന്നെ പൊളിഞ്ഞു.
നോട്ട് നിരോധനം കൊണ്ട് മാത്രം കശ്മീരിലടക്കം ഭീകരപ്രവര്‍ത്തനത്തിന് ഒരു മാറ്റവും ഉണ്ടായില്ല. പിന്നീടാണ് സര്‍ക്കാർ ഡിജിറ്റലൈസേഷനും കറന്‍സിരഹിത സമ്പദ് വ്യവസ്ഥയുമാണ് നോട്ടുനിരോധനത്തിലൂടെ ലക്ഷ്യമിട്ടതെന്ന വാദവുമായി രംഗത്തെത്തിയത്.
അതായത് നോട്ട് നിരോധനം, ഡിജിറ്റല്‍ ഉപയോഗത്തെ ശക്തിപ്പെടുത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം വിനിമയത്തിലുളള കറന്‍സിയുടെ അളവ് 2016 ല്‍ 17.74 ലക്ഷം കോടി ആയിരുന്നു. ഇത് സര്‍ക്കാര്‍ വാദം അനുസരിച്ച് കുറയുകയും ഡിജിറ്റല്‍ ഇടപാട് വര്‍ധിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 2022 ഡിസംബര്‍ 23 ന്റെ റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് സമ്പദ് വ്യവസ്ഥയില്‍ വിനിമയത്തിലുള്ള കറന്‍സികളുടെ 32.24 ലക്ഷം കോടിയായി വര്‍ധിക്കുകയാണ് ചെയ്തത്.
നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് പറഞ്ഞത് വിഖ്യാതരായ സാമ്പത്തിക ശാസ്ത്രജ്ഞരായിരുന്നു. ഏറ്റവും വലിയ പ്രത്യാഘാതം അസംഘടിത മേഖലയിലാണ് സംഭവിച്ചതെന്ന് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. നോട്ട് നിരോധനം ഏറ്റവും മാരകവും ശക്തവുമായ ധനകാര്യ പ്രഹരമായിരുന്നുവെന്നാണ് നോട്ട് നിരോധന കാലത്ത് കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്‌മണ്യന്‍ പിന്നീട് എഴുതിയ പുസ്തകത്തില്‍ വ്യക്തമാക്കിയത്.
നോട്ട് നിരോധനം അങ്ങേയറ്റം തെറ്റായ ആശയമെന്നായിരുന്നു റിസര്‍വ് ബാങ്ക് മുൻ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞത്. വലിയ തോതില്‍ തൊഴില്‍നഷ്ടത്തിന് ഇത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടിതവും നിയമപരവുമായ കൊളളയാണ് നോട്ട് നിരോധനത്തിലൂടെ നടപ്പാക്കിയതെന്നായിരുന്നു സാമ്പത്തിക വിദഗ്ദന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനം കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിച്ചില്ലെന്ന് മാത്രമല്ല, അന്ന് ആവശേത്തോടെ പുറത്തിറക്കിയ 2000 നോട്ടും പിന്‍വലിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതമായിരിക്കുകയാണ് സര്‍ക്കാര്‍, കാരണം എന്താണെന്ന് പറഞ്ഞിട്ടില്ലെങ്കിലും. നേരത്തെ തന്നെ 2000 രൂപ കറന്‍സിയുടെ സമ്പദ്‌വ്യവസ്ഥയിലെ സാന്നിധ്യം വലിയ തോതില്‍ കുറഞ്ഞിരുന്നു. 2018 ല്‍ മൊത്തം കറന്‍സി വിനിമയ മൂല്യത്തില്‍ രണ്ടായിരം നോട്ടിന്റെ പങ്ക് 3.27 ശതമാനമായിരുന്നുവെങ്കില്‍ 2021 ല്‍ അത് 1.75 ആയി കുറഞ്ഞു 2000 രൂപ പോലെയുള്ള വലിയ കറന്‍സികള്‍ പുറത്തിറക്കുന്നത് പൂഴ്ത്തിവയ്പിന് സഹായകരമാകുമെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഏഴ് വര്‍ഷത്തിനകം കറന്‍സി പൂര്‍ണമായും പിന്‍വലിക്കുന്നതിലൂടെ ഈ വിമര്‍ശനവും ഫലത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്ന് വേണം കരുതാന്‍.
യഥാര്‍ത്ഥത്തില്‍ എന്തിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ, അസംഘടിത മേഖലയെ തകര്‍ത്ത, തൊഴിലില്ലായ്മ വര്‍ധിപ്പിച്ച നോട്ട് നിരോധനം എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. ഈ ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുമില്ല.