സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായ ഷവോമി ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണം ആയിരത്തിന് താഴെ എത്തിക്കാനാണ് ഷാവോമിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കേരളത്തിലും ജീവനക്കാരെ പിരിച്ചുവിടുകയും, ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള മറ്റ് നടപടികളിലേക്കും കമ്പനി കടന്നുകഴിഞ്ഞു.
2023ന്റെ തുടക്കത്തിൽ 1,400 മുതൽ 1,500 ജീവനക്കാരാണ് ഷവോമിയിലെ ജോലി ചെയ്തിരുന്നത്. 1000ൽ താഴെ എന്ന കണക്കിലെത്തിക്കാൻ 400 മുതൽ 500 പേരെയെങ്കിലും കമ്പനിക്ക് പിരിച്ചുവിടേണ്ടിവരും. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 30 ആളുകളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പോകാനുള്ള സാധ്യതയുണ്ട്.
മറ്റേതൊരു കമ്പനിയെയും പോലെ വിപണി സാഹചര്യങ്ങളും ബിസിനസ്സ് പ്രവചനങ്ങളും ജീവനക്കാരുടെ എണ്ണത്തെ സ്വാധീനിക്കുന്നുമെന്ന് ഷവോമി വ്യക്തമാക്കുന്നു. എന്നാൽ ആവശ്യാനുസരണം കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വിപണി വിഹിതം കുറഞ്ഞതും സർക്കാർ ഏജൻസികളുടെ പരിശോധനയും കാരണം 2022 എന്ന വർഷം കമ്പനിക്ക് ഏറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു.
5,551.27 കോടി രൂപയുടെ വിദേശനാണ്യ ലംഘനം ആരോപിച്ച് സിഎഫ്ഒ സമീർ റാവു, മുൻ എം ഡി മനു ജെയിൻ എന്നിവരുൾപ്പടെ ഷവോമിയുടെ ഉന്നത ഉദ്യോഗസ്ഥർക്കും മുന്ന് ബാങ്കുകൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം ആദ്യം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. വിദേശത്തേക്ക് അനധികൃതമായി പണം കടത്തിയെന്ന കാരണത്താൽ ഫെമയുടെ കീഴിൽ ബാങ്ക് അക്കൗണ്ടുകളിൽ കിടന്നിരുന്ന ഈ തുക ഇഡി പിടിച്ചെടുത്തിരുന്നു.