ആഗോള കോടീശ്വര പട്ടികയില്‍ ടെസ്ല സ്ഥാപകനും ട്വിറ്റർ മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ ഒന്നാം സ്ഥാനം നഷ്ടമായി. ലൂയിസ് വിട്ടന്റെ മാതൃ കമ്പനിയായ എൽവിഎംഎച്ചിന്റെ ഉടമയായ ബെർണാഡ് അർനോൾട്ടാണ് മസ്കിനെ മറികടന്ന് ഫോബ്സ് മാഗസിന്റെ പട്ടികയിൽ ഒന്നാമതെത്തിയത്. അർനോൾട്ടിനും കുടുംബത്തിനും 185.4 ബില്യൺ ഡോളറിലധികം വ്യക്തിഗത സമ്പത്തുണ്ട്. എന്നാൽ മസ്‌കിന്റെ ആസ്തി 185.3 ബില്യൺ ഡോളറാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ 72 കാരനായ അർനോൾട്ടിന്റെ ആകെ ആസ്തി 76 ബില്യൺ ഡോളറായിരുന്നു. ഇതാണ് ഒരുവർഷംകൊണ്ട് ഇരട്ടിച്ച് 185.4 ബില്യൺ ഡോളറായി ഉയർന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 110 ബില്യൺ ഡോളറിന്റെ വർധനവാണ് ആസ്തിയിൽ ഉണ്ടായത്. കോവിഡ് പകർച്ചവ്യാധിക്കിടെ എൽവിഎംഎച്ച് കമ്പനി നടത്തിയ മികച്ച പ്രകടനമാണ് നേട്ടത്തിന് പിന്നില്‍.
2021 സെപ്റ്റംബറില്‍ ആമസോൺ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി പട്ടികയില്‍ ഒന്നാമതെത്തുമ്പോള്‍ 185.7 ബില്യണായിരുന്നു മസ്കിന്റെ ആസ്തി
2021 സെപ്റ്റംബറില്‍ ആമസോൺ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളി പട്ടികയില്‍ ഒന്നാമതെത്തുമ്പോള്‍ 185.7 ബില്യണായിരുന്നു മസ്കിന്റെ ആസ്തി. എന്നാല്‍, ടെസ്ലയുടെ ഓഹരിയില്‍ കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തോളം ഇടിവാണ് നേരിട്ടത്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാൽ ടെസ്‌ലയുടെ പ്രകടനം മങ്ങി. പ്രത്യേകിച്ച് ചൈനയുടെ സീറോ-കോവിഡ് തിരിച്ചടിയായി. രണ്ട് വർഷത്തിനിടെ ആദ്യമായി രണ്ടാം പാദത്തില്‍ വിതരണം കുറഞ്ഞു. ട്വിറ്റർ ഏറ്റെടുക്കുന്നതായി 44 ബില്യൺ ചെലവിട്ടത് തിരിച്ചടിയായെന്നാണ് ഫോബ്സ് മാഗസിന്റെ വിലയിരുത്തല്‍.
അതേസമയം, ചൈനയിലേയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയും അനലിസ്റ്റുകളുടെ കണക്കുകളെ മറികടന്ന് കഴിഞ്ഞ മാസം ആദ്യ പാദത്തിൽ എൽവിഎംഎച്ച് വൻ വളർച്ചയാണ് കൈവരിച്ചത്. സ്‌പേസ് എക്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയായ മസ്കിന് തൊട്ടു പിന്നില്‍ പട്ടികയിലുള്ളത് വ്യവസായി ഗൗതം അദാനിയും ജെസ് ബെസോസുമാണ്.