BUSINESS

പ്രൈം അംഗത്വം എടുപ്പിക്കാൻ സൂത്രപ്പണി; ആമസോണിനെതിരെ നടപടിയുമായി എഫ് ടി സി

സബ്സ്ക്രിപ്ഷൻ റദ്ദാക്കാനുള്ള പ്രക്രിയ മനഃപൂര്‍വം ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും ആരോപണം

വെബ് ഡെസ്ക്

ദശലക്ഷകണക്കിന് ഉപഭോക്താക്കളെ അവരുടെ സമ്മതമില്ലാതെ പ്രൈം അംഗത്വം എടുപ്പിച്ചെന്നാരോപിച്ച് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെതിരെ നടപടിയെടുത്ത് അമേരിക്കന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍. സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ ശ്രമിച്ച വരിക്കാർക്ക് കാൻസൽ പ്രക്രിയ മനഃപൂര്‍വം ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയെന്നും എഫ് ടി സിയുടെ പരാതിയിൽ പറയുന്നു.

ഉപയോക്താക്കളുടെ അറിവില്ലാതെ അവരെ കബളിപ്പിച്ച് പ്രൈം സബ്‌സ്‌ക്രിപ്ഷനുകള്‍ സ്വയമേ പുതുക്കാന്‍ കമ്പനി ശ്രമിച്ചു. ഇതിനായി 'ഡാര്‍ക്ക് പാറ്റേണ്‍സ്'എന്ന് അറിയപ്പെടുന്ന കൃത്രിമവും, വഞ്ചനാപരവുമായ ഉപയോക്തൃ-ഇന്റര്‍ഫേസ് ഡിസൈനുകള്‍ ആമസോണ്‍ ഉപയോഗിച്ചുവെന്നും എഫ് ടി സിയുടെ പരാതിയില്‍ പറയുന്നു.

'ആമസോണ്‍ ആളുകളെ അവരുടെ സമ്മതമില്ലാതെ ആവര്‍ത്തിച്ച് സബ്സ്‌ക്രിപ്ഷനെടുപ്പിക്കുകയുണ്ടായി. ഇത് ഉപയോക്താക്കളെ നിരാശപ്പെടുത്തുക മാത്രമല്ല, അവര്‍ക്ക് പണ നഷ്ടത്തിനും കാരണമായിരിക്കുകയാണ്' എന്ന് എഫ് ടി സി അധ്യക്ഷന്‍ ലിന ഖാന്‍ പറഞ്ഞു.

ആളുകളെ നിര്‍ബന്ധിച്ച് വരിക്കാരാക്കുക മാത്രമല്ല, അംഗത്വം റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്താനുളള നടപടികള്‍ ബുദ്ധിമുട്ടുള്ളതാക്കുകയും ചെയ്തു എന്നതാണ് മറ്റൊരു ആരോപണം. പ്രൈമിന്റെ റദ്ദാക്കല്‍ പ്രക്രിയയുടെ പ്രാഥമിക ലക്ഷ്യം വരിക്കാരുടെ അംഗത്വം നിര്‍ത്തലാക്കാന്‍ സഹായിക്കുക എന്നതല്ല, മറിച്ച് അവരെ അതില്‍ നിന്ന് തടയുകയായിരുന്നുവെന്നും എഫ് ടി സി ആരോപിച്ചു.

കൂടാതെ, പ്രൈം അംഗത്വം റദ്ദാക്കുന്നത് ഉപയോക്താക്കള്‍ക്ക് എളുപ്പമാക്കുന്ന ഓപ്ഷൻസ് ആമസോണ്‍ മനപൂർവം മന്ദഗതിയിലാക്കുകയും നിരസിക്കുകയും ചെയ്തു. ഇത്തരം മാറ്റങ്ങള്‍ ആമസോണിന്റെ പ്രവര്‍ത്തനത്തെ പൂര്‍ണമായും ബാധിക്കും എന്നതാണ് ഇതിന് കാരണമെന്നും എഫ് ടി സി പറയുന്നു.

അതേസമയം വരിക്കാരെ വർധിപ്പിക്കുന്നതിനുള്ള ആമസോണിൻ്റെ ഇത്തരം തന്ത്രങ്ങള്‍, ഉപയോക്താക്കളെയും നിയമങ്ങള്‍ പാലിക്കുന്ന വ്യാപാരികളെയും ഒരുപോലെ ദോഷകരമായി ബാധിക്കുമെന്ന് എഫ് ടി സി അധ്യക്ഷന്‍ ലിന ഖാന്‍ വ്യക്തമാക്കി.

എണ്ണം വർധിപ്പിക്കുന്നതിന് വേണ്ടി ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ആമസോൺ ലക്ഷ്യമിട്ടത്. ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് തുടര്‍ച്ചയായി ആമസോണ്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷനുകള്‍ വന്നുകൊണ്ടേയിരുന്നു.

പല സന്ദര്‍ങ്ങളിലും ആമസോണില്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാതെ സാധനങ്ങള്‍ വാങ്ങിക്കുക എന്നത് ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടായി മാറി.

വാങ്ങിയ സാധനങ്ങള്‍ ചെക്ക് ഔട്ട് ചെയ്യാനുള്ള ബട്ടണ്‍ അമര്‍ത്തുമ്പോൾ പല സന്ദര്‍ഭങ്ങളിലും ഈ ബട്ടന്‍ അമര്‍ത്തുന്നതിനോടൊപ്പം ഉപയോക്താക്കള്‍ ആവര്‍ത്തിച്ചുള്ള സബ്‌സ്‌ക്രിപഷനെടുത്ത് പ്രൈമില്‍ ചേരാന്‍ സമ്മതിക്കുകയായിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള സൂചനകളോ പ്രസ്താവനകളോ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ നല്‍കിയില്ല.

'പ്രൈമില്‍ നിന്ന് അംഗത്വം റദ്ദാക്കുന്നതിന് ഉപയോക്താക്കള്‍ക്ക് ഒന്നിലധികം അനാവശ്യമായ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായി വരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ പോലെ തന്നെ റദ്ദാക്കാനുള്ള മാര്‍ഗങ്ങളും എളുപ്പത്തില്‍ കണ്ടെത്തുന്ന വിധത്തിലാക്കണമെന്ന്' എഫ് ടി സി പറയുന്നു.

എന്ത് കൊണ്ടെന്നാൽ, ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാന്‍ ശ്രമിക്കുമ്പോള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സബ്‌സ്‌ക്രിപ്ഷന്‍ തുടരാനോ, ഓട്ടോ-റിന്യൂവല്‍ ഫീച്ചര്‍ ഓഫ് ചെയ്യാനോ, റദ്ദാക്കേണ്ടെന്ന് തീരുമാനിക്കാനോ തുടങ്ങിയ നിരവധി ഓഫറുകളുള്ള ഒന്നിലധികം പേജുകളിലേയ്ക്ക് തിരിച്ച് വിടുകയായിരുന്നു. ഈ പേജുകളിലൂടെ ക്ലിക്കുചെയ്തതിനു ശേഷം മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടുവില്‍ സേവനം റദ്ദാക്കാന്‍ കഴിയൂ, എന്നും പരാതിയില്‍ പറയുന്നു.

ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുള്ളതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പ്രൈം റദ്ദാക്കുന്നതിനുള്ള പ്രക്രിയയെക്കുറിച്ച് ആമസോണിന് അറിയാമായിരുന്നു. എന്നാല്‍ എഫ് ടി സി അന്വേഷണത്തെക്കുറിച്ച് അറിയുന്നതുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഒന്നും തന്നെ കമ്പനി സ്വീകരിച്ചില്ലെന്നും എഫ് ടി സി വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ