സ്വർണവില പവന് അരലക്ഷം കവിഞ്ഞു. 50,400 രൂപയാണ് ഇന്നത്തെ വില. ചരിത്രത്തിലാദ്യമായാണ് അമ്പതിനായിരം രൂപ കടക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 6300 രൂപയിലെത്തി. 130 രൂപയാണ് ഇന്ന് സ്വർണത്തിന് കൂടിയത്.
സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.
46,320 രൂപയായിരുന്നു മാർച്ച് ഒന്നിലെ വില. അഞ്ചിന് 47,560 രൂപയായി ഉയർന്നു. ഏഴിന് വില വീണ്ടും ഉയർന്ന് 48,080 രൂപയായി. ഒൻപതിന് 48,600 രൂപയായി. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. 13ന് 48,280 രൂപയായി. എന്നാൽ 21ന് വില 49,000 ത്തിലേക്ക് കുതിച്ചു. തുടർന്ന് എപ്പോള്‍ വേണമെങ്കിലും പവന് അമ്പതിനായിരം കടക്കാമെന്നതായി സ്ഥിതി.
49,080 രൂപയിലാണ് സംസ്ഥാനത്ത് ബുധനാഴ്ച സ്വർണ വ്യാപാരം നടന്നത്. ഗ്രാമിന് 6135 രൂപ. വ്യാഴാഴ്ച വീണ്ടും വില കൂടി. പവന് 280 രൂപയാണ് കൂടിയത്. 49,360 രൂപ ഒരു പവൻ സ്വർണത്തിന്‍റെ വിലയെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 6,170 രൂപയിലെത്തി. ഇന്ന് വീണ്ടും അരലക്ഷത്തിലേക്ക് മുകളിൽ വിലയെത്തി.
10 വർഷത്തിനിടെ സ്വർണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർധനവാണുണ്ടായത്. 2015 ൽ അന്താരാഷ്ട്ര സ്വർണവില 1300 ഡോളറിലും പവൻ വില 21,200 രൂപയിലു൦, ഗ്രാം വില 2650 രൂപയിലുമായിരുന്നു. ഇന്നത് 2234 ഡോളറിലും ഒരു പവന്റെ വില 50,400 രൂപയിലും ഒരു ഗ്രാമിന്റെ വില 6300 രൂപയിലും എത്തിനിൽക്കുന്നു.