കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ചരിത്രം സൃഷ്ടിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായുള്ള സംരംഭക മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശനിയാഴ്ച എറണാകുളം കലൂർ ഇന്റര്നാഷണൽ സ്റ്റേഡിയം മൈതാനിയിൽ 10000 ത്തിൽപ്പരം നവസംരംഭകർ ഒരുമിക്കുന്ന മഹാസംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉത്‌ഘാടനം ചെയ്യുന്ന സംരംഭക മഹാസംഗമത്തിൽ നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ്, ധനമന്ത്രി കെ. എൻ. ബാലഗോപാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവർ പങ്കെടുക്കും.
സംസ്ഥാന വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതി നേരത്തെ തന്നെ ചരിത്ര ലക്‌ഷ്യം പൂർത്തീകരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ഏപ്രിലിൽ തുടക്കം കുറിച്ച പദ്ധതി നവംബർ ആയപ്പോൾ തന്നെ പദ്ധതി ലക്ഷ്യം പൂർത്തിയാക്കി. ഒരു വർഷം കൊണ്ട് നേടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി. പല മാനങ്ങൾ കൊണ്ട് ഇത് ഇന്ത്യയിൽ തന്നെ പുതു ചരിത്രമാണ്.
ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പു തന്നെ 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ച പദ്ധതി സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിൻ്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം കൈവരിക്കപ്പെട്ടത്. 8 മാസത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചെങ്കിൽ അവശേഷിക്കുന്ന ദിവസങ്ങളിൽ കേരളത്തിൻ്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചുകൊണ്ടായിരിക്കും സംരംഭക വർഷം അവസാനിക്കുക.