ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ മുൻനിരയിലേക്കുയർന്ന് ഇന്ത്യൻ കമ്പനിയായ എച്ച്ഡിഎഫ്സി ബാങ്ക്. എച്ച്ഡിഎഫ്‌സി ബാങ്കും എച്ച്ഡിഎഫ്‌സി ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം പുര്‍ത്തിയാകുന്നതോടെ വിപണി മൂല്യത്തില്‍ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്ഡിഎഫ്‌സി മാറുമെന്ന് ലുംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ ആദ്യത്തെ ഹോം ഫിനാന്‍സിങ് കമ്പനിയായ എച്ച്ഡിഎഫ്‌സി 44 വര്‍ഷത്തിന് ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പുതിയ എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഏകദേശം 120 ദശലക്ഷം അതായത് 12 കോടി ഉപഭോക്താക്കളുണ്ടാകും. ഇത് ജർമ്മനിയിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നതാണ് പ്രത്യേകത. ഏകദേശം 172 ബില്യൺ ഡോളറാണ് എച്ച്ഡിഎഫ്സിയുടെ മൂല്യം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാകുന്നതോടെ എച്ചഡിഎഫ്‌സി ബാങ്ക് 100% പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാകും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് ബാങ്കില്‍ 41% ഓഹരിയാകും ലഭിക്കുക. എച്ച്ഡിഎഫ്‌സിയുടെ ഓരോ ഓഹരി ഉടമയ്ക്കും 25 ഓഹരികള്‍ക്കു പകരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.
ഏകദേശം 172 ബില്യണ്‍ ഡോളറാണ് എച്ച്ഡിഎഫ്സിയുടെ മൂല്യം
2023 മാര്‍ച്ച് അവസാനത്തോടെ സ്ഥാപനത്തിന്റെ മൊത്തം ബിസിനസ്സ് 41 ലക്ഷം കോടി രൂപയായിരുന്നു. ലയനത്തോടെ സ്ഥാപനത്തിന്റെ ആസ്തി 4.14 ലക്ഷം കോടി രൂപയിലധികമാകും. ഏകദേശം 60,000 കോടി രൂപയായിരുന്നു മാര്‍ച്ചിലെ ഇരു സ്ഥാപനങ്ങളുടെയും സംയുക്ത ലാഭം. ജെപി മോര്‍ഗന്‍, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയാണ് എച്ച്ഡിഎഫ്‌സിയ്ക്ക് മുന്‍പിലായി ഒന്നും, രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹൗസിങ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുമായി ലയിപ്പിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കിന്റെ ഉപയോക്താക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ തങ്ങള്‍ക്ക് അടിസ്ഥാന സ്വകാര്യ വായ്പകള്‍ ഉള്‍പ്പെടെയുള്ള വലിയ വായ്പകള്‍ നല്‍കാന്‍ കഴിയുമെന്നും രാഷ്ട്രനിര്‍മാണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ സംഭാവനകള്‍ നല്‍കുമെന്നും എച്ച്ഡിഎഫ്‌സി അറിയിച്ചു. ലയനം പൂര്‍ത്തിയാകുന്നതോടെ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ എല്ലാ ജീവനക്കാരും എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരായി മാറും.