ചൈനീസ് ടെക്-കമ്പനിയായ വാവെ ഇന്ത്യയില്‍നിന്ന് നികുതിവെട്ടിച്ച് 750 കോടി രൂപ കടത്തിയതായി ആദായനികുതിവകുപ്പ്. ഇന്ത്യയില്‍ അടയ്ക്കേണ്ട നികുതി കുറയ്ക്കുന്നതിനായി അക്കൗണ്ടുകളില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഈ വര്‍ഷം ഫെബ്രുവരിയില്‍ വാവെ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഐടി വകുപ്പ് മരവിപ്പിച്ചിരുന്നു.
2017നും 2021നും ഇടയില്‍ 62,476 കോടി രൂപ ഫോണ്‍ നിര്‍മാതാക്കളായ വിവോ ചൈനയിലേക്ക് അയച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് വാവെയ്ക്ക് എതിരെയുള്ള ആരോപണം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നികുതി അടയ്ക്കുന്നതില്‍ ക്രമക്കേടുകള്‍ വരുത്തിയെന്നാണ് ആദായനികുതിവകുപ്പ് പറയുന്നത്. വാവെ ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്ത്യയുടെ വരുമാനം ഗണ്യമായി കുറയുമ്പോഴും കമ്പനി 750 കോടി രൂപ മാതൃ കമ്പനിക്ക് അയച്ചെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം, നിയമാനുസൃതമായാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് വാവെ പ്രതികരിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ച ഐടി വകുപ്പ് നടപടി ബിസിനസിനെ ബാധിച്ചുവെന്നും കമ്പനി പറഞ്ഞു. വാവെയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.