BUSINESS

പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി നികുതി കുറച്ച് കേന്ദ്രം

വെബ് ഡെസ്ക്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്നതോടെ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ അധിക നികുതി കേന്ദ്രം കുറച്ചു. ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി ലെവി ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. പെട്രോള്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ ലെവിയായ ആറുരൂപ പൂര്‍ണമായും ഒഴിവാക്കി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന് ഏര്‍പ്പെടുത്തിയ അധിക നികുതി 27 ശതമാനം കുറച്ചതോടെ കമ്പനികളുടെ ബാധ്യത ടണ്ണിന് 23,250ല്‍ നിന്ന് 17,000 ആയി. പ്രത്യേക സാമ്പത്തിക മേഖലയില്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക എക്‌സൈസ് നികുതിയും പിന്‍വലിച്ചു.

ആഗോള വിപണയില്‍ ക്രൂഡോയില്‍ വില വര്‍ധനയുണ്ടായതോടെ ജൂലൈ ഒന്നിനാണ് രാജ്യത്തെ ഉത്പാദകരുടെ അധികലാഭത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയത്. പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്കും ക്രൂഡ് ഓയില്‍ ഉത്പാദനത്തിനുമായിരുന്നു ഇത്. കൂടാതെ ആഭ്യന്തര വിപണയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രാഥമിക പരിഗണന നല്‍കാനും രാജ്യത്തെ പൊതു- സ്വകാര്യ മേഖലകളിലെ എണ്ണ ശുദ്ധീകരണ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വില കുറഞ്ഞാല്‍ അധിക നികുതി പിന്‍വലിക്കുമെന്ന് അന്ന് തന്നെ കേന്ദ്രം വ്യക്തമാക്കിയതാണ്. ഇനിമുതല്‍ എല്ലാ 15 ദിവസത്തിലും സാഹചര്യം ചര്‍ച്ച ചെയ്ത് അധിക നികുതിയില്‍ പുനഃപരിശോധന നടത്താനാണ് കേന്ദ്ര തീരുമാനം.

നികുതി കുറച്ചതോടെ സ്വകാര്യ മേഖലയിലെ എണ്ണ ശുദ്ധീകരണ കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസും പൊതുമേഖലയില്‍ നിന്ന് ഒഎന്‍ജിസിയും ഓഹരി വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കി. രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന പെട്രോളിന്റേയും ഡീസലിന്റേയും 80 മുതല്‍ 85 ശതമാനം വരെയും കൈകാര്യം ചെയ്യുന്നത് സ്വകാര്യ എണ്ണ ശുദ്ധീകരണ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാറ എനര്‍ജിയുമാണ്.

രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില കുറയുമോ?

രാജ്യത്ത് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ അധിക നികുതി മാത്രമാണ് പിന്‍വലിച്ചത്. ഇത് ഗുണം ചെയ്യുക ഈ രംഗത്തെ കമ്പനികള്‍ക്ക് മാത്രമാകും. പ്രത്യേകിച്ചും മേഖലയില്‍ 80 ശതമാനത്തിലധികം ബിസിനസ് കയ്യാളുന്ന സ്വകാര്യ കമ്പനികള്‍ക്ക്. ഇറക്കുമതി നികുതിയില്‍ ഒരു മാറ്റവും വരുത്താത്തതിനാല്‍ രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയില്ല.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും