കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധിയില്‍ നിന്ന് ആഗോള സാമ്പത്തിക രംഗം കരകയറുമ്പോള്‍ ഇന്ത്യയില്‍ വീണ്ടും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ സ്വര്‍ണ ഉപഭോഗത്തില്‍ 14 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC) റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഉയര്‍ച്ച, കോവിഡിന് മുന്‍പുള്ള സമയത്തെ ഉപഭോഗ കണക്കുകള്‍ക്ക് സമാനമായാണ് വിപണിയെ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2022 ലെ 'ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്സിന്റെ മൂന്നാം പാദ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ജൂലൈ-സെപ്റ്റംബര്‍ വരെയുള്ള കാലത്തില്‍ മൊത്തം ആവശ്യം 71,630 കോടി രൂപയായിരുന്നു. അത് 2022 ആയപ്പോഴേക്കും 19 ശതമാനം വര്‍ധിച്ച് 85,010 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തിന്‌റെ മൂന്നാം പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 17 ശതമാനം ഉയര്‍ന്ന് 146.2 ടണ്‍ ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 125.1 ടണ്‍ ആയിരുന്നു ഇത്. മൂല്യം അനുസരിച്ചുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 22 ശതമാനം ഉയര്‍ന്ന് 64,860 കോടിയായി ഉയര്‍ന്നു. 2021 ജൂലൈ- സെപ്റ്റംബര്‍ കാലത്ത് ഇത് 53,330 കോടിയായിരുന്നു.
രാജ്യത്തെ സ്വര്‍ണത്തിന്റെ ഇറക്കുമതി
1,003 ടണ്ണായിരുന്നു 2021-ല്‍ ഇറക്കുമതി. നിലവിലെ വിപണിയുടെ സ്വഭാവമനുസരിച്ച് സ്വര്‍ണത്തിന്റെ വിപണനം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന. ഈ സാമ്പത്തിക വര്‍ഷം ആദ്യ മൂന്ന് പാദങ്ങളിലായി രാജ്യത്തേയ്ക്ക് 559 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. 2022 മൂന്നാം പാദത്തില്‍ നിക്ഷേപ ആവശ്യം ആറ് ശതമാനം വര്‍ധിച്ച് 45.4 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 42.9 ടണ്ണായിരുന്നു.
മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ അവശ്യകത മൂന്നാം പാദത്തില്‍ 20,150 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലത് 18,300 കോടി രൂപയായിരുന്നു. രണ്ട് വര്‍ഷവും താരതമ്യപ്പെടുത്തിയാല്‍ 10 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണവിലയില്‍ കുത്തനയുള്ള ഇടിവാണ് നവംബറിന്റെ ആദ്യദിനം രാജ്യത്തെ വിപണിയില്‍ പ്രകടമായത്. ചൊവ്വാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപ എന്ന നിലയിലേക്കും എത്തി. ബുധനാഴ്ച, ഗ്രാമിന് 25രൂപയും പവന് 200 രൂപയും കൂടി. ഗ്രാമിന് 4685 രൂപയും പവന് 37,480 രൂപയുമായി വീണ്ടും വിലയുയർന്നു. ക്ടോബര്‍ മാസത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു.