രാജ്യത്തെ ഉപഭോക്തൃശൈലിയില്‍ വന്ന മാറ്റവും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ജനങ്ങളുടെ സാധനങ്ങള്‍ വാങ്ങല്‍ ശൈലിയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ചെറുകിട കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്ന ഇന്ത്യക്കാര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തിരഞ്ഞെടുക്കാന്‍ ആംരംഭിച്ചു. എന്നാലിപ്പോൾ ചെറുകിട ഷോപ്പിങ് മാളുകൾ പ്രേതമാളുകൾ (ഗോസ്റ്റ് മാൾ) ആയി മാറുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നോട്ട് നിരോധനത്തിനും കോവിഡ് കാലത്തിനും ശേഷം ജനങ്ങളുടെ വാങ്ങല്‍ ശൈലിയില്‍ വീണ്ടും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസുകളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിഞ്ഞു. ഒപ്പം വന്‍കിട മാളുകള്‍ രാജ്യത്തുടനീളം മുളച്ചുപൊന്തി. ലാഭം നോക്കി സാധനങ്ങള്‍ വാങ്ങിയിരുന്ന ജനങ്ങള്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളും ഓഫറുകളും തേടാന്‍ ആരംഭിച്ചതാണ് ഇന്ത്യയിലെ വാങ്ങല്‍ ശൈലിയില്‍ വന്ന വലിയ മാറ്റം. എന്നാല്‍ ഇത് വഴിവച്ചത് വലിയ വിപണ മത്സരങ്ങളിലേക്കായിരുന്നു.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ചെറുകിട മാളുകള്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുകയാണ്. പുത്തന്‍ സാധ്യതകള്‍ തേടി ജനങ്ങള്‍ നീങ്ങുമ്പോള്‍ ഇത്തരം മാളുകളിലെ ബിസിനസുകളും വലിയ ഇടിവ് നേരിടുന്നു.
ആകെ പ്രോപ്പര്‍ട്ടിയുടെ നാല്‍പത് ശതമാനത്തിലധികം ഒഴിഞ്ഞു കിടക്കുന്ന മാളുകളെയാണ് ഗോസ്റ്റ് മാളുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി നൈറ്റ് ഫ്രാങ്കിന്‌റെ റിപ്പോര്‍ട്ട് പ്രകാരം 2023ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെ എല്ലാ ഷോപ്പിങ് സെന്ററുകളുടെയും ഗ്രോസ് ലീസബിള്‍ ഏരിയയില്‍ (ജിഎല്‍എ) 238 ശതമാനം വര്‍ധനയുണ്ടായപ്പോള്‍, 2022ല്‍ ഗോസ്റ്റ് മാളുകളുടെ എണ്ണം 57ല്‍ നിന്ന് 64 ആയി ഉയര്‍ന്നതായി റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി നൈറ്റ് ഫ്രാങ്ക് പറയുന്നു.
29 മുന്‍നിര നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം ചൂണ്ടിക്കാട്ടുന്ന അപകടകരമായ മറ്റൊരു വസ്തുത 'പല ചെറിയ ഷോപ്പിങ് മാളുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നതാണ്. വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം കുറയുന്നത് വലിയ തൊഴില്‍നഷ്ടത്തിന് വഴിയൊക്കുകയും ചെറുകിട സ്ഥാപനങ്ങളും സേവന ദാതാക്കളും പ്രവര്‍ത്തനം നിര്‍ത്തേണ്ടതിലേക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒരുകോടി ചതുരശ്ര അടിയിധികം സ്ഥലമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതില്‍നിന്ന് 2023-ല്‍ ഡെവലപ്പര്‍മാര്‍ക്ക് 6700 കോടി രൂപയുടെ വരുമാനനഷ്ടമാണുണ്ടാക്കിയത്.
ശരാശരി 100,000 ചതുരശ്ര അടി വാടകയ്ക്ക് നല്‍കാവുന്ന ചെറിയ ഷോപ്പിങ് സെന്ററുകളില്‍ 132 എണ്ണം ഗോസ്റ്റ് മാളുകളായി മാറുന്നതിന്റെ വക്കിലാണ്. 2023 ല്‍ ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം വര്‍ധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 ല്‍ ഒഴിവ് നിരക്ക് മുന്‍ വര്‍ഷത്തെ 33.5 ശതമാനത്തിൽനിന്ന് 36.2 ശതമാനമായാണ് ഉയര്‍ന്നത്.
ശരാശരി 500,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വൻകിട ഷോപ്പിങ് മാളുകളില്‍ അഞ്ച് ശതമാനമെങ്കിലും ഒഴിഞ്ഞുകിടക്കുകയാണ്. ഇടത്തരം ഷോപ്പിങ് മാളുകളിലാകട്ടെ 15.5 ശതമാനം ഒഴിഞ്ഞു കിടക്കുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ ആദ്യ എട്ട് നഗരങ്ങളില്‍ മൊത്തം ഷോപ്പിങ് മാളുകളുടെ 263 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് പുതിയ മാളുകൾ തുറന്നെങ്കിലും 16 എണ്ണം പൂട്ടി.