BUSINESS

ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഇനി കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സംശയാസ്പദമായ ഇടപാടുകൾ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയുടെ (എഫ്ഐയു-ഐഎന്‍ഡി) ശ്രദ്ധയില്‍ പെടുത്താന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധിതരാകും

വെബ് ഡെസ്ക്

ഇന്ത്യയിലെ ക്രിപ്‌റ്റോ വ്യാപാരത്തിനും ഇനി പണവിനിമയ നിയമങ്ങള്‍ ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ കർശനമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ക്രിപ്‌റ്റോ കറൻസികൾ, ​​വെർച്വൽ അസറ്റ് ബിസിനസ് എന്നിവയെ കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ പെടുത്തിയതായി ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ക്രിപ്‌റ്റോ ട്രേഡിങ്, സേഫ് കീപ്പിങ്, അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ബാധകമാകും. ഇതോടെ സംശയാസ്പദമായ ഇടപാടുകൾ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയുടെ (എഫ്ഐയു-ഐഎന്‍ഡി) ശ്രദ്ധയില്‍ പെടുത്താന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധിതരാകും.

ഡിജിറ്റൽ കറൻസിയും NFT-കൾ (നോൺ ഫംഗബിൾ ടോക്കണുകൾ) പോലെയുള്ള അസറ്റുകളും കഴിഞ്ഞ രണ്ട് വർഷങ്ങളായി ആഗോളതലത്തിൽ ട്രാക്ഷൻ നേടിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചതോടെ ഈ അസറ്റുകളിലെ വ്യാപാരം പലമടങ്ങ് വർദ്ധിച്ചു. എന്നിരുന്നാലും, കഴിഞ്ഞ വർഷം വരെ, അത്തരം അസറ്റുകളെ നിയന്ത്രിക്കുന്നതിനോ നികുതി ചുമത്തുന്നതിനോ വ്യക്തമായ നയം ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോ മേഖലയില്‍ ട്രേഡിങിന് ലെവി ബാധകമാക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ കര്‍ശനമായ നികുതി നിയമങ്ങള്‍ ഇന്ത്യ നടപ്പിലാക്കിയിരുന്നു. ആ നീക്കങ്ങളും ഡിജിറ്റല്‍ ആസ്തികളുടെ ആഭ്യന്തര വ്യാപാരത്തില്‍ വന്‍ ഇടിവുണ്ടാക്കിയിരുന്നു. എന്നാല്‍ ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവയെ സംബന്ധിച്ച നിയമ നിര്‍മാണങ്ങളും നിയന്ത്രണങ്ങളും ഇന്ത്യ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.

ക്രിപ്റ്റോ കറന്‍സികള്‍ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ പണത്തിന്റെ കേന്ദ്രീകൃത അതോറിറ്റി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ഇത്തരത്തില്‍ ഒരു കേന്ദ്രീകൃത അതോറിറ്റിയുടെ നിയന്ത്രണം ഡിജിറ്റല്‍ കറന്‍സിക്കുമേല്‍ ഇല്ലാതിരിക്കുമ്പോള്‍ അവ നികുതി വെട്ടിപ്പിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു. അതിനാലാണ് പല രാജ്യങ്ങളും ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കണമെന്ന് ആവര്‍ത്തിച്ച് പറയുന്നത്.

ക്രിപ്‌റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരിക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി അവതരിപ്പിച്ചത്. പണവിനിമയ നിയമങ്ങള്‍ ക്രിപ്റ്റോ കറന്‍സികള്‍ക്ക് കൂടി ബാധകമാവുന്നതോടെ രാജ്യത്തിന് പുറത്തേക്ക് നടത്തുന്ന ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിരീക്ഷിക്കുന്നതിന് അധികാരികള്‍ക്ക് സാധിക്കും. ക്രിപ്‌റ്റോ ആസ്തികൾ നിയന്ത്രിക്കുന്നതിനുള്ള ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജി-20 അംഗരാജ്യങ്ങളുമായി ഇന്ത്യ ചർച്ച ചെയ്യുകയാണെന്ന് കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ പറഞ്ഞിരുന്നു. ക്രിപ്‌റ്റോ അസറ്റുകളും വെബ് 3യും താരതമ്യേന പുതിയതും വികസിച്ച് കൊണ്ടിരിക്കുന്നതുമായ മേഖലകളാണെന്നും ഈ മേഖലകളിലെ ഏതെങ്കിലും പ്രത്യേക നിയമ നിർമാണത്തിന് പൂർണമായി ഫലപ്രദമാകുന്നതിന് കാര്യമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞിരുന്നു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി