സര്‍വീസുകള്‍ യൂറോപ്പിലേക്ക് നീട്ടുന്നതിന്‌റെ ഭാഗമായ പുതിയ പദ്ധതിയുമായി ഇന്‍ഡിഗോ. തുര്‍ക്കി എയര്‍ലൈന്‍സുമായി സഹകരിച്ചാണ് സര്‍വീസുകള്‍ വിപുലപ്പെടുത്തുന്നത്. ഇതിന്‌റെ ഭാഗമായി 500 പുതിയ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് ഇന്‍ഡിഗോ. എയര്‍ബസ്, ബോയിങ് എന്നിവയില്‍ നിന്നാണ് പുതിയ വിമാനങ്ങള്‍ വാങ്ങുക.
ഇന്‍ഡിഗോ ഇന്റര്‍നാഷണല്‍ സെയില്‍സ് വിഭാഗം മേധാവിയായ വിനയ് മല്‍ഹോത്രയാണ് വിപുലീകരണ പദ്ധതി സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. നിലവില്‍ 500 വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുക. യൂറോപ്പിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യം. നേരത്തെ എയര്‍ ഇന്ത്യയും എയര്‍ബസ്, ബോയിങ് കമ്പനികളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍ഡിഗോയുടെ നീക്കം.
നിലവില്‍ ഇന്‍ഡിഗോ പ്രതിദിനം 1,800 സര്‍വീസുകളാണ് നടത്തുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് രാജ്യാന്താര സര്‍വീസ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും അടുത്തുള്ള മറ്റു രാജ്യങ്ങളിലേക്കും മാത്രമാണ് ഇന്‍ഡിഗോ ഇപ്പോള്‍ രാജ്യാന്തര സര്‍വീസ് നടത്തുന്നത്. ഏറ്റവും ദൂരത്തില്‍ ഉള്ള സര്‍വീസ് തുര്‍ക്കിയിലേക്കാണ് നടത്തുന്നത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള താത്പര്യമാണ് തുര്‍ക്കി എയര്‍ലൈന്‍സുമായി സഹകരിക്കാന്‍ കാരണമെന്ന് വിനയ് മല്‍ഹോത്ര വ്യക്തമാക്കി. ഈ സഹകരണത്തോടെ കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
300ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോയ്ക്ക് നിലവിലുള്ളത്. 500 വിമാനങ്ങള്‍ കൂടി സര്‍വീസ് മെച്ചപ്പെടുത്താനാണ് തീരുമാനം. ഒന്‍പത് കോടിയിലേറെ പേര്‍ രാജ്യത്ത് പാസ്‌പോര്‍ട്ട് ഉള്ളവരാണെന്നും പാസ്‌പോര്‍ട്ട് എടുത്താന്‍ വിദേശയാത്ര നടത്തുന്നവരാണ് ഇന്ത്യക്കാരെന്നും വിനയ് മല്‍ഹോത്ര നിരീക്ഷിച്ചു. അതിനാല്‍ തന്നെ ഇന്‍ഡിഗോയുടെ നിലവിലെ തീരുമാനം ശരിയായസമയത്ത് ഉള്ളതെന്നാണ് അദ്ദേഹത്തിന്‌റെ വിലയിരുത്തല്‍.ഉടന്‍ തന്നെ കെനിയയിലെ നെയ്‌റോബിയിലേക്കും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്കും സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.