കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ ഹോസ്പിറ്റൽ ശൃഖലയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റ(ബിഎംഎച്ച്)ലിന്റെ നിയന്ത്രണ ഓഹരികൾ ഏറ്റെടുത്ത് അന്താരാഷ്ട്ര നിക്ഷേപ കമ്പനിയായ കെകെആർ. ഇരു കമ്പനികളും ഇതുസംബന്ധിച്ച് രേഖകളിൽ ഒപ്പുവെച്ചു. ഇടപാടിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇരു കൂട്ടരും വെളിപ്പെടുത്തിയിട്ടില്ല.
1,000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ ശേഷിയുള്ള പ്രമുഖ മൾട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രി ശൃംഖലകളിൽ ഒന്നാണ് ബിഎംഎച്ച്. നിലവിൽ കോഴിക്കോടും കണ്ണൂരും ഹോസ്പിറ്റലുകലുണ്ട്. 1987-ൽ ഡോ. കെ ജി അലക്‌സാണ്ടറാണ് ബിഎംഎച്ച് സ്ഥാപിച്ചത്. കോഴിക്കോട് അരയിടത്തുപാലത്തേതാണ് ആദ്യ ആശുപത്രി.
കാർഡിയോളജി, ഓങ്കോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻട്രോളജി, പീഡിയാട്രിക്, ഓർത്തോപീഡിക് കെയർ എന്നിവയുൾപ്പെടെ 40 മെഡിക്കൽ, സർജിക്കൽ വിഭാഗങ്ങളിൽ ബിഎംഎച്ച് സേവനങ്ങൾ നൽകുന്നുണ്ട്. ഇതിന് പുറമെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിലും ബിഎംഎച്ച് നിക്ഷേപം നടത്തിയിട്ടുണ്ട്.
''എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ബിഎംഎച്ചിലെ കെകെആറിന്റെ നിക്ഷേപം. ആരോഗ്യപരിപാലന മേഖലയിലെ ആഗോളവും പ്രാദേശികവുമായ അനുഭവം പ്രയോജനപ്പെടുത്താൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും ഇന്ത്യയിലുടനീളം ഞങ്ങളുടെ സേവനങ്ങൾ വിപുലീകരിക്കാനും പ്രധാനമായി രോഗികൾക്ക് മികച്ച സേവനം നൽകാനും ഞങ്ങളെ പ്രാപ്തരാക്കും,'' ബിഎംഎച്ച് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.ജി. അലക്‌സാണ്ടർ പറഞ്ഞു.
പുതിയ നിക്ഷേപത്തിലൂടെ ബിഎംഎച്ചിൻ്റെ ആശുപത്രികളുടെ ശൃംഖല വിപുലീകരിക്കുന്നതിനും മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപം തുടരുന്നതിനും സഹായിക്കുമെന്നും കെകെആറിന്റെ ഇന്ത്യൻ പ്രൈവറ്റ് ഇക്വിറ്റിയുടെ പാർട്ണറും ഹെഡുമായ അക്ഷയ് തന്ന പറഞ്ഞു
ബേബി മെമ്മോറിയലിന് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ മാക്‌സ് ഹെൽത്ത്‌കെയർ, ഇന്ത്യയിലെ പ്രമുഖ ബ്രാൻഡഡ് ഫോർമുലേഷൻസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജെബി ഫാർമ തുടങ്ങി നിരവധി കമ്പനികളിലും കെകെആർ നിക്ഷേപം നടത്തിയിട്ടുണ്ട്.
ബദൽ അസറ്റ് മാനേജ്മെന്റും മൂലധന വിപണികളും ഇൻഷുറൻസ് സൊല്യൂഷനുകളും വാഗ്ദാനം ചെയ്യുന്ന ഒരു പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമാണ് കെകെആർ.