ഗൗതം അദാനി  
BUSINESS

തിരിച്ചടി തുടരുന്നു; സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി; നിക്ഷേപത്തിൽ വിശദീകരണവുമായി എൽഐസി

നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു

വെബ് ഡെസ്ക്

നിക്ഷേപകരെ ഓഹരിവില പെരുപ്പിച്ചുകാട്ടി വഞ്ചിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്. നിക്ഷേപകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞതോടെ ലോകത്തെ അതിസമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഗൗതം അദാനി എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അതേസമയം അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചതിലൂടെ സ്ഥാപനത്തിന് നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയും രംഗത്തു വന്നു.

അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപങ്ങളില്‍ നിന്ന് സ്ഥാപനം ലാഭത്തില്‍ തുടരുകയാണെന്നാണ് എല്‍ഐസി നല്‍കുന്ന വിശദീകരണം. മൊത്തം ഓഹരി നിക്ഷേപത്തിന്റെ 0.975 ശതമാനം മാത്രമാണ് അദാനി ഗ്രൂപ്പിലുള്ളതെന്ന് എൽഐസി വ്യക്തമാക്കുന്നു. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളിലായി 36,474.78 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഓഹരികളിലും കടപത്രങ്ങളിലുമായി നിക്ഷേപിച്ചത്‌ 35,917.31 കോടി രൂപയാണെന്നും എൽഐസി വ്യക്തമാക്കി. നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ വിപണി മൂല്യം 56,142 കോടിയാണെന്നും എല്‍ഐസി അറിയിക്കുന്നു. അദാനി ഗ്രൂപ്പ് നിക്ഷേപകരെ വഞ്ചിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതിന് പിന്നാലെയും 300 കോടി രൂപ എല്‍ഐസി അദാനി ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു. ഇക്കാര്യത്തിൽ സ്ഥാപനം വിശദീകരണം നൽകിയിട്ടില്ല.

അദാനി ഗ്രൂപ്പിന് കീഴില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 10 കമ്പനികളില്‍ 7-ലും എല്‍ഐസി ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. ബിഎസ്ഇയില്‍ ലഭ്യമായ ഒക്ടോബര്‍ - ഡിസംബര്‍ കാലയളവിലെ ഷെയര്‍ഹോള്‍ഡിങ് രേഖകള്‍ പ്രകാരം, അദാനി ടോട്ടല്‍ ഗ്യാസിന്റെ 6,55,88,170 ഓഹരികളാണ് എല്‍ഐസിക്ക് സ്വന്തമായുള്ളത് 5.96 ശതമാനം ഓഹരി വിഹിതമാണിത്.

2014ല്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം വലിയതോതില്‍ അദാനി ഗ്രൂപ്പിലേക്ക് വഴിതിരിച്ചുവിട്ടു എന്ന ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികള്‍ക്കായി രാജ്യത്തെ ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുള്ളത് 81,234.7 കോടി രൂപയാണെന്നായിരുന്നു പുറത്തു വരുന്ന കണക്കുകള്‍. ഇതില്‍ 60,000 കോടിയോളം രൂപ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്പയാണ്. അദാനി ഗ്രൂപ്പിന് തകര്‍ച്ച സംഭവിച്ചാല്‍ രാജ്യത്തെ വമ്പന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍കൂടി അപകടത്തിലാകുന്ന സ്ഥിതിയുണ്ടെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ അതിനിടെയാണ് വിശദീകരണവുമായി എല്‍ഐസി രംഗത്തെത്തിയിരിക്കുന്നത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും