BUSINESS

സാധാരണക്കാരന് ഇരുട്ടടിയായി വീണ്ടും പാചകവാതക വിലവര്‍ധന

സംസ്ഥാനത്ത് വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില 1060.50 രൂപ

വെബ് ഡെസ്ക്

രാജ്യത്ത് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. 14.2 കിലോ സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വില സംസ്ഥാനത്ത് 1060 രൂപ 50 പൈസയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാംതവണയാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടുന്നത്. പുതിയ വര്‍ധനയോടെ രണ്ട് മാസത്തിനിടെ കൂടിയത് 103 രൂപ 50 പൈസയാണ്.

പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക് ഇങ്ങനെ

ഡല്‍ഹി- 1053

മുംബൈ - 1052. 50

കൊല്‍ക്കത്ത- 1079

ചെന്നൈ- 1068.50

കഴിഞ്ഞമാസം രണ്ട് തവണയാണ് വില കൂട്ടിയത്. ആദ്യം 50 രൂപയും,പിന്നീട് 3 രൂപ 50 പൈസയും. 5 കിലോ ഗാര്‍ഹിക സിലിണ്ടറിന് 18 രൂപ കൂട്ടിയപ്പോള്‍ 19 കിലോ വാണിജ്യ സിലിണ്ടറിന് 8 രൂപ 50 പൈസ കുറച്ചു. 2012 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന് ഇപ്പോഴത്തെ വില.

ഇന്ത്യയില്‍ എല്‍പിജി വില നിര്‍ണയം എങ്ങനെ?

ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയാണ് പാചകവാതക വില നിശ്ചയിക്കുന്നതിന് അടിസ്ഥാനം. ഇംപോര്‍ട്ട് പാരിറ്റി പ്രൈസ് (IPP) അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ പാചകവാതക വില നിര്‍ണയിക്കുന്നത് . ലോകത്തെ ഏറ്റവും വലിയ എല്‍പിജി ഉത്പാദകരായ സൗദി ആരാംകോയിലെ നിരക്കാണ് ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗിനെ സ്വാധീനിക്കുന്നത്. സമുദ്ര ചരക്ക് നീക്കത്തിനുള്ള നികുതി, ഫ്രീ ഓണ്‍ ബോര്‍ഡ് നിരക്ക് , കസ്റ്റംസ് ഡ്യൂട്ടി, പോര്‍ട്ട് ചാര്‍ജ്, ഇന്‍ഷുറന്‍സ് എന്നിവ ഇതിലുള്‍പ്പെടും.

യുക്രൈന്‍ - റഷ്യ യുദ്ധമാരംഭിച്ചതോടെ പാചകവാതക സപ്ലൈയിലുണ്ടായ കുറവാണ് രണ്ട് മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയിലേക്ക് നയിച്ചതെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിശദീകരണം. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമാണ്. നിശ്ചയിക്കപ്പെട്ട വിലയ്‌ക്കൊപ്പം ഓരോ സംസ്ഥാനത്തും VAT, ഗതാഗത ചെലവ്, മറ്റ് സര്‍വീസ് ചാര്‍ജുകള്‍ എന്നിവയും ഉപഭോക്താവ് നല്‍കേണ്ടതായി വരുന്നു .

ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 12 തവണ സിലിണ്ടറിന് 200 രൂപ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കും. പന്ത്രണ്ടിന് മുകളില്‍ സിലിണ്ടറുകള്‍ക്ക് വിപണി വില നല്‍കണം. അന്താരാഷ്ട്ര വിപണിയിലെ വിലയും രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിലും സബ്‌സിഡി നിരക്കിനേയും സ്വാധീനിക്കും

വില നിര്‍ണയം പ്രായോഗികമാണോ?

ഇന്ത്യ അതിന്റെ എല്‍പിജി ആവശ്യകതയുടെ പകുതിയിലധികം ഇറക്കുമതി ചെയ്യുമ്പോള്‍, ബാക്കി തദ്ദേശീയമായി തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇറക്കുമതി വിലയും സര്‍വീസ് ചാര്‍ജുകളും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പാരിറ്റി പ്രൈസിംഗ് രീതി തര്‍ക്കവിഷയമായി തുടരുകയാണ്. രാജ്യത്തെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളായ IOC, BPCL, HPCL എന്നിവയുടെ ഘടനയും പ്രവര്‍ത്തന ചെലവും എല്ലാം വ്യത്യസ്തമാണെങ്കിലും, വില നിർണയം വരുമ്പോൾ ആരുടേതാണോ ഉയർന്ന നിരക്ക്,അതിലേക്ക് മറ്റുള്ളവരും വില ഏകീകരിക്കുകയാണ് പതിവ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം