BUSINESS

ഡൽഹിയിൽ ഇനി തക്കാളി കിലോയ്ക്ക് 70 രൂപ നിരക്കിൽ; ആശ്വാസമായി സർക്കാർ ഇടപെടൽ

വെബ് ഡെസ്ക്

ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ സബ്‌സിഡി നിരക്കില്‍ തക്കാളി എത്തിത്തുടങ്ങി. ഇന്ന് മുതല്‍ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ഒഎന്‍ഡിസി) വഴി തക്കാളി വില്‍പ്പന ആരംഭിച്ചു. സര്‍ക്കാരിന്‌റെ കാര്‍ഷിക വിപണന കമ്പനിയായ കോര്‍പ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എന്‍സിസിഎഫ്)യുടെ മേല്‍നോട്ടത്തിലാണ് കിലോയ്ക്ക് 70 രൂപാ നിരക്കില്‍ തക്കാളി ലഭ്യമാക്കുന്നത്.

രാജ്യത്ത് തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (എന്‍സിസിഎഫ്) നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (നാഫെഡ്) സംയുക്തമായി നടത്തുന്ന ഇടപെടല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ വഴി കുറഞ്ഞ വിലയ്ക്ക് തക്കാളി ലഭ്യമാക്കുന്നത്.

ഒഎന്‍ഡിസി ആപ്പ് വഴി എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് ഓര്‍ഡര്‍ ചെയ്യാം. രണ്ടു കിലോ തക്കാളിയാണ് ഒറ്റ ഓര്‍ഡറില്‍ ബുക്ക് ചെയ്യാനാകുക. പിറ്റേ ദിവസം തന്നെ തക്കാളി വീട്ടിലെത്തുമെന്നാണ് ഇവര്‍ ഉറപ്പു നല്‍കുന്നത്. സൗജന്യമായാകും ഡെലിവറി. പേടിഎം, മജിക്പിന്‍, മൈസ്റ്റോര്‍, പിന്‍കോഡ് എന്നീ ആപ്ലിക്കേഷനിലൂടെയാണ് ഓര്‍ഡര്‍ സ്വീകരിക്കുക. കിലോയ്ക്ക് ഏകദേശം 170-180 രൂപയ്ക്കാണ് നിലവില്‍ ഇ-കോമേഴ്സ് കമ്പനികള്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി നല്‍കുന്നത്. ഇതിനു പകരം ഉപഭോക്താവിന് ചെറിയ വിലയില്‍ തക്കാളി വീട്ടിലെത്തിക്കാന്‍ ഇതു വഴി സാധ്യമാകും.

രാജ്യത്താകമാനം തക്കാളി വില കുതിച്ചുയരുകയാണ്. 150 മുതല്‍ 200 രൂപ വരയൊണ് പല നഗരങ്ങളിലേയും തക്കാളി വില. ഈ സാഹചര്യത്തിലാണ് വിപണി വില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായി, ഡല്‍ഹി, പട്ന, ലക്നൗ എന്നിവിടങ്ങളില്‍ കേന്ദ്രം നേരിട്ട് കിലോ 90 രൂപ നിരക്കില്‍ തക്കാളി വില്‍പന നടത്തിയിരുന്നു. നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (എന്‍സിസിഎഫ്) നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും (നാഫെഡ്) മൊബൈല്‍ വാനുകള്‍ വഴിയാണ് വില കുറച്ച് തക്കാളി വിറ്റിരുന്നു.

തക്കാളിയുടെ വില വര്‍ധനവ് എല്ലാ ജനങ്ങളേയും പ്രതികൂലമായാണ് ബാധിച്ചതെങ്കിലും കര്‍ഷകര്‍ക്ക് ലാഭമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് വിപണിക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമായി കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കൂമാര്‍ ചൗബെ രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ തക്കാളി വില കുറയുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. പൊതുവെ ഉത്പാദനം കുറഞ്ഞ ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലാണ് തക്കാളിയുടെ വില സാധാരണയായി ഉയരാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കാലവര്‍ഷക്കെടുതിയാണ് നിലവില്‍ തക്കാളിയുടെ വില കുത്തനെ കൂടാനുള്ള പ്രധാന കാരണം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം