പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‌റ് വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കി. ഇതോടെ വ്യക്തിഗത വായ്പകളുടേയും ഭവന വായ്പകളുടെയും പലിശനിരക്ക് ഉയരും. പണപ്പെരുപ്പം ഉയരുന്നതിനാല്‍ തുടര്‍ച്ചയായി നാലാംതവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ഏഴ് ശതമാനമാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാംപാദത്തില്‍ 4.6 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനത്തിലേക്ക് വളര്‍ച്ച എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കോവിഡിനും യുക്രെയ്ന്‍ അധിനിവേശത്തിനും ശേഷം സമ്പദ് വ്യവസ്ഥ പുതിയ വെല്ലുവിളി നേരിടുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നതാണ് പുതിയ വെല്ലുവിളി. ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെ യുഎസ് ഡോളര്‍ പുതിയ ഉയരത്തിലേക്കെത്തി. ഇത് ഇന്ത്യയടക്കമുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് തിരിച്ചടിയാകുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 5.65ശതമാനത്തില്‍നിന്ന് 6.15 ശതമാനമാക്കി. സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5.15ശതമാനത്തില്‍നിന്ന് 5.65ശതമാനമായാണ് പരിഷ്‌കരിച്ചത്.