BUSINESS

ചട്ടങ്ങൾ പാലിക്കുന്നതിൽ പേടിഎം തുടര്‍ച്ചയായി വീഴ്ച വരുത്തി, നടപടികൾ നിരീക്ഷിക്കുന്നു: ആർബിഐ

വെബ് ഡെസ്ക്

വ്യവസ്ഥകൾ പാലിക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയത് കാരണമാണ് പേടിഎമ്മിനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വ്യവസ്ഥകൾ പാലിക്കാൻ മതിയായ സമയം നൽകിയതിന് ശേഷമാണ് നടപടികളിലേക്ക്‌ കടന്നത്. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആർബിഐ ഡപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ പറഞ്ഞു. സെൻട്രൽ ബാങ്കിൻ്റെ വായ്പാ നയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സ്വാമിനാഥന്റെ പ്രതികരണം.

പേടിഎമ്മിന് വ്യവസ്ഥകൾ പാലിക്കാൻ സമയം നൽകിയിട്ടുണ്ട്, നടപടികൾ നിരീക്ഷിക്കുകയാണ്; ആർബിഐ

"വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നൽകിയിട്ടുണ്ട്, എന്നാൽ ഉഭയകക്ഷി ചർച്ചകൾ ഫലം കാണാതെ വരുമ്പോൾ നടപടിയെടുക്കേണ്ടി വരും," ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐയുടെ എല്ലാ നടപടികളും വ്യവസ്ഥാപിത സ്ഥിരതയ്ക്കും ഉപഭോക്താക്കളുടെ താൽപര്യ സംരക്ഷണത്തിനും വേണ്ടിയുള്ളതാണെന്നും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സാഹചര്യങ്ങൾക്ക് അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി ഒന്നിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ പേയ്‌മെൻ്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിനോട്‌ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ല. നിയന്ത്രണം ഏർപ്പെടുത്തിയത് മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം പേടിഎം സിഇഒ വിജയ് ശേഖർ ശർമ ധനമന്ത്രി നിർമല സീതാരാമനുമായും ആർബിഐ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.

ഫെബ്രുവരി 29ന് ശേഷം  പുതിയ നിക്ഷേപങ്ങൾ എടുക്കാനോ ക്രെഡിറ്റ് ഇടപാടുകൾ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങൾ ചെയ്യാനോ കഴിയില്ല

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറൻ്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് അക്കൗണ്ടുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവ ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾ ബാലൻസ് പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യാമെന്നും ഉപഭോക്താക്കളുടെ ലഭ്യമായ ബാലൻസ് വരെ യാതൊരു നിയന്ത്രണവുമില്ലാതെ ഇത് തുടരാമെന്നും ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം തുടക്കം തന്നെ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പേടിഎം പേയ്‌മെന്റ് ബാങ്കിന് 5.39 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ 2022 മാർച്ചിൽ തന്നെ ആർബിഐ പേടിഎമ്മിന് നിർദേശം നൽകിയിരുന്നു. എന്നാൽ തുടർന്നും പേടിഎമ്മിന്റെ ഭാഗത്തു നിന്നും വീഴ്ചകൾ വിലയിരുത്തിയ ആർബിഐ നടപടിയിലേക്ക് കടക്കുകയായിരുന്നു.

1949-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 35 എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് പേടിഎമ്മിനെതിരെ ആര്‍ബിഐ നടപടിയെടുത്തത്. ആര്‍ബിഐ ചട്ടങ്ങൾ പാലിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നാണ് ഇതിനു പിന്നാലെ പേടിഎം നൽകിയ വിശദീകരണം. ഒരു അക്കൗണ്ടിന് 2,00,000 രൂപയിൽ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് ആര്‍ബിഐ പേടിഎമ്മിന് നല്‍കിയിട്ടുള്ളത്.

ആർബിഐ പേടിഎമ്മിനെതിരെയുള്ള നടപടിയിൽ വ്യക്തത വരുത്തിയ ശേഷം നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പേടിഎം ഓഹരികൾ 10 ശതമാനം ആയി ഉയർന്നു. ഓഹരികളിൽ 9 ശതമാനം ഇടിവാണ് അവസാനമായി രേഖപ്പെടുത്തിയത്.

പേടിഎമ്മിന് ശേഷം ഭാരത് പേ?

പേടിഎമ്മിന് ശേഷം മറ്റൊരു ഫിൻ ടെക് കമ്പനിയായ ഭാരത് പേയ്ക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരത് പേയ്ക്ക് കേന്ദ്രസർക്കാരിൻ്റെ കോർപറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് നൽകി. 2022 മുതൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. കമ്പനിയുടെ പ്രവർത്തനങ്ങൾ, സഹസ്ഥാപകനായ അഷ്നീർ ഗ്രോവറിനെതിരായ കേസിന്റെ നിലയും ഗ്രോവറിനെതിരെ സ്വീകരിച്ച നിയമ നടപടികളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ നൽകാനാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരമാണ് ഭാരത്‌ പേയ്‌ക്ക് കോർപ്പറേറ്റ് കാര്യ മന്ത്രാലയം നോട്ടീസ് അയച്ചത്.

ഭാരത്‌പേയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവറിനെതിരെ സ്വീകരിച്ച നിയമ നടപടികളെക്കുറിച്ചുമാണ് വിശദാംശങ്ങൾ തേടിയത്

സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡൽഹി പോലീസ് വിഭാഗം ഭാരത് പേയ്ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കമ്പനിക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിച്ച ഡൽഹി പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള ചോദ്യങ്ങളും നോട്ടീസിൽ ഉന്നയിക്കുന്നുണ്ട്. നോട്ടീസ് ലഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

2022 ‍ഡിസംബറിൽ അഷ്നീർ ഗ്രോവറിനും, ഭാര്യയ്ക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഭാരത് പേ കേസ് ഫയൽ ചെയ്തിരുന്നു. ഫണ്ട് തിരിമറി നടത്തിയതിൽ കമ്പനിക്കുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട് 88.67 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം