ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസായി മാറി റഷ്യ. എണ്ണയുടെയും രാസവളത്തിൻ്റെയും ഇറക്കുമതിയിലൂടെയാണ് റഷ്യ ഈ സ്ഥാനം സ്വന്തമാക്കിയത്. 2023 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തെ കണക്കുകള്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 64 ശതമാനം വര്‍ധിച്ച് 3627 കോടി അമേരിക്കന്‍ ഡോളറായെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാണിജ്യ മന്ത്രാലയത്തിന്റ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 2213 കോടി അമേരിക്കന്‍ ഡോളര്‍ ഇറക്കുമതിയായിരുന്നു നടത്തിയത്. റഷ്യന്‍-യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ റഷ്യയുടെ വിപണി പങ്കാളിത്തം ഒരു ശതമാനത്തില്‍ കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 40 ശതമാനമായി ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്.
വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഇടിവു നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഒക്‌ടോബറിനും ഇടയില്‍ 6026 കോടി അമേരിക്കന്‍ ഡോളറിന്റെ ഇറുക്കമതിയാണ് നടന്നതെങ്കില്‍ ഈ വര്‍ഷം അത് 6002 കോടി അമേരിക്കന്‍ ഡോളറായി കുറഞ്ഞു. സമാനമായി, അമേരിക്കയില്‍ നിന്നുമുള്ള ഇറക്കുമതി 16 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2956 കോടി അമേരിക്കന്‍ ഡോളറായിരുന്നെങ്കില്‍ ഇപ്പോഴത് 2489 കോടി അമേരിക്കന്‍ ഡോളറായി.
യുഎഇയില്‍ നിന്നമുള്ള ഇറക്കുമതി 21 ശതമാനമായി ചുരുങ്ങി 2491 കോടി അമേരിക്കന്‍ ഡോളറായി മാറി. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസങ്ങളിലെ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, കൊറിയ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇറക്കുമതികളും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ട 10 ഇറക്കുമതി സ്രോതസുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുമുള്ള ഇറക്കുമതി 1397 കോടി അമേരിക്കന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2022 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 1048 കോടി അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. സ്വര്‍ണമാണ് പ്രധാനമായും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്തത്.
അതേസമയം കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ പത്തില്‍ ആറ് കയറ്റുമതി പങ്കാളിത്ത രാജ്യങ്ങളിലും ഇടിവാണ് നേരിട്ടത്. അമേരിക്ക, യുഎഇ, സിംഗപ്പൂര്‍, ജര്‍മനി, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ലണ്ടന്‍, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വളര്‍ച്ചാ നിരക്കും കാണിക്കുന്നുണ്ട്. എന്നിരുന്നാലും ബുധനാഴ്ച പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതി 6.21 ശതമാനമായി ഉയര്‍ന്ന് 3357 കോടി അമേരിക്കന്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.