BUSINESS

സീ എന്റർടെയ്ൻമെന്റിനെതിരായ നടപടി മാനേജ്‌മെന്റിനെയും നിക്ഷേപകരേയും സംരക്ഷിക്കാൻ; വിശദീകരണം നൽകി സെബി

വെബ് ഡെസ്ക്

സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിനെതിരെയെടുത്ത അടിയന്തര നടപടിയിൽ വിശദീകരണം നൽകി സെക്യൂരിറ്റീസ് ആൻഡ് എക്‍സ്‍ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മാനേജ്‌മെന്റിനെയും നിക്ഷേപകരേയും മറ്റ് പങ്കാളികളെയും സംരക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്ന് സെക്യൂരിറ്റീസ് അപ്പലറ്റ് ട്രൈബ്യൂണലിന് (എസ്എടി) നൽകിയ മറുപടിയിൽ സെബി അറിയിച്ചു.

സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് ചെയർമാൻ സുഭാഷ് ചന്ദ്രയും മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്കയും നൽകിയ അപേക്ഷകളിൽ അടിയന്തര സാഹചര്യം വ്യക്തമാക്കിയിരുന്നില്ല. 2022 ജൂലൈ ആറിലെ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞ അതേ വിഷയങ്ങൾ തന്നെയാണ് പുതിയ അപേക്ഷയിലും ഉണ്ടായിരുന്നതെന്ന് സെബി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങൾ കൂടാതെ തെറ്റായ വെളിപ്പെടുത്തലുകൾ കമ്പനി നടത്തിയിട്ടുണ്ടെന്നും അത്തരം തെറ്റുകൾ മറയ്ക്കാൻ പ്രസ്താവനകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സെബി കൂട്ടിച്ചേർത്തു.

കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറും സിഇഒയും ഉൾപ്പടെയുള്ളവർ വ്യത്യസ്‌ത സ്കീമുകളിലൂടെയും ഇടപാടുകളിലൂടെയും അവരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കമ്പനിയുടെ പൊതുപണം വകമാറ്റുന്ന സാഹചര്യം മുന്നിലുണ്ടെന്നും എസ്എടിക്ക് നൽകിയ സത്യവാങ്മൂലത്തിൽ സെബി പറഞ്ഞു. ഇന്ന് കേസിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പായി സെബിയുടെ വിശദീകരണത്തിന് മറുപടി നൽകണമെന്ന് കമ്പനിയോട് ജൂൺ 15ന് എസ്എടി നിർദ്ദേശിച്ചിരുന്നു.

ജൂൺ 12ലെ ഇടക്കാല ഉത്തരവിൽ, എസ്സൽ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക എന്നിവരെ ഫണ്ട് തട്ടിപ്പിന് കമ്പനി ഡയറക്ടർ അല്ലെങ്കിൽ പ്രധാന പദവി വഹിക്കുന്നതിൽ നിന്ന് സെബി വിലക്കിയിരുന്നു. തീരുമാനത്തിൽ അനീതി ചൂണ്ടിക്കാട്ടി സെബിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ചന്ദ്രയും ഗോയങ്കയും എസ്എടിയെ സമീപിച്ചത്.

200 കോടി രൂപ ഏഴ് അനുബന്ധ കക്ഷികൾ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന് തിരിച്ചടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് കമ്പനി വ്യാജ എൻട്രികളുണ്ടാക്കിയെന്നാണ് സത്യവാങ്മൂലത്തിൽ സെബി ആരോപിച്ചത്. എസ്സൽ ഗ്രൂപ്പ് കമ്പനിയായ ഷിർപൂർ ഗോൾഡ് റിഫൈനറി (ഷിർപൂർ) കേസിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സമർപ്പിച്ച സെറ്റിൽമെന്റ് അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ അന്വേഷണം ആരംഭിച്ചതെന്നും സെബി വ്യക്തമാക്കി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്