എഡ്മണ്ട് ഹിലാരിയും ടെൻസിങ് നോർഗെ ഷെർപ്പയും 70 വർഷം മുമ്പ് ആദ്യമായി എവറസ്റ്റ് കീഴടക്കിയപ്പോൾ, ആയിരക്കണക്കിന് വിദേശ പർവതാരോഹകർക്കാണ് അവരുടെ പാത പിന്തുടരാൻ കഴിഞ്ഞത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള എട്ട് ദിവസത്തെ ട്രെക്ക് നേപ്പാളിലെ ഏറ്റവും പ്രശസ്തമായ മൾട്ടി-ഡേ ഹൈക്കുകളിൽ ഒന്നാണ്. എല്ലാ വർഷവും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് യാത്ര ചെയ്യുന്നത്.
എവറസ്റ്റിലേക്ക് ചരിത്രദൗത്യം പൂർത്തിയാക്കാനുള്ള ഭാഗ്യം ന്യൂസിലൻഡുകാരനായ സർ എഡ്മണ്ട് ഹിലാരിക്കും നേപ്പാളിൽനിന്നുള്ള ടെൻസിങ് നോർഗെയ്ക്കുമാണ് ആദ്യം ലഭിച്ചത്. എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന ലക്ഷ്യത്തോടെ 1953 ഏപ്രിൽ 13ന് ആരംഭിച്ച ദൗത്യസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. 1953 മേയ് 29ന് ഇരുവരും എവറസ്റ്റ് കീഴടക്കി. എന്നാൽ, എവറസ്റ്റിന്റെ നെറുകയിൽ ആദ്യമെത്തിയത് ഹിലാരിയാണ് എന്ന ചരിത്രസത്യം ലോകം അറിയുന്നത് മൂന്നു പതിറ്റാണ്ടിനുശേഷം മാത്രമാണ്. 1986ൽ ടെൻസിങ് മരിച്ചശേഷമാണ് ഹിലരി ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തുന്നത്.
1953ൽ എവറസ്റ്റിലേക്കുളള പര്യവേഷണങ്ങൾ നടക്കുമ്പോൾ ചെറുകിട കാർഷിക ഗ്രാമങ്ങളായിരുന്നു ഭൂരിഭാഗവും. എന്നാൽ കാലാന്തരത്തിൽ അതൊക്കെ ഹോട്ടലുകളും ഭക്ഷണശാലകളും ടൂറിസ്റ്റ് കേന്ദ്രങ്ങളുമായി രൂപാന്തരപ്പെട്ടു. ഒരു തരത്തിൽ പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനമാർഗം തന്നെ മാറ്റി മറിച്ചുവെന്ന് പറയാം. പല കുടുംബങ്ങളും, മൂന്ന് തലമുറകളോളം പർവതാരോഹണത്തിൽ നിന്നും വരുമാനം കണ്ടെത്തി. കൃഷിയെക്കാളും യാക്ക് മേയുന്നതിനേക്കാളും വളരെ ലാഭകരമായ തൊഴിലായി അവർ ഇതിനെ കണക്കാക്കി. എവറസ്റ്റ് ദൗത്യത്തിനായി വരുന്നവരെ സഹായിക്കുന്നതിലൂടെ വരുമാനം കണ്ടെത്തിയാണ് ഇവിടെയുളളവർ ജീവിച്ച് പോന്നിരുന്നത്. കൂടാതെ, ഇവിടത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുകയും ആധുനിക സൗകര്യങ്ങൾ നിലവിൽ വരുകയും ചെയ്തു.
ഏറെ അപകടം പിടിച്ച തൊഴിൽ മേഖലയാണ് എവറസ്റ്റിൽ ഗൈഡായി ജോലി നോക്കുക എന്നത്. ഏകദേശം മൂന്ന് മാസത്തെ ക്ലൈംബിംഗ് സീസണിൽ, പരിചയസമ്പന്നനായ ഒരു ഗൈഡിന് 10,000 ഡോളർ വരെ സമ്പാദിക്കാൻ കഴിയും. കൂടാതെ മറ്റ് ഷെർപ്പകളും ഹിമാലയൻ കമ്മ്യൂണിറ്റി അംഗങ്ങളും പർവതാരോഹണത്തിന് എത്തുന്നവർക്കായി റെസ്റ്റോറന്റുകളും ഗസ്റ്റ് ഹൗസുകളും അടക്കമുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ശരാശരി വാർഷിക വരുമാനത്തിന്റെ പല മടങ്ങാണ് ഇതിൽ നിന്നും ലഭിക്കുന്നത്.
1920-കളിൽ ആദ്യത്തെ ബ്രിട്ടീഷ് ടീമുകൾ എവറസ്റ്റ് കീഴടക്കാൻ ലക്ഷ്യം വെച്ചത് മുതൽ, നേപ്പാളിലെ ഷെർപ്പ വംശത്തിലുളളവരാണ് ഗൈഡായി ജോലി നോക്കുന്നത്. എവറസ്റ്റിന്റെ ആദ്യ കയറ്റം മുതൽ തന്നെ നേപ്പാളിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നു. അതിനുശേഷം സാഹസികരെയും വിനോദസഞ്ചാരികളെയും എവറസ്റ്റ് ഒരുപോലെ ആകർഷിച്ചു. നേപ്പാളിന്റെ ഭാവി സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാന വരുമാന മാർഗം കൂടിയായി ഇത് മാറി. ആദ്യ കാലത്ത് പ്രധാന തൊഴിലായി ഷെർപ്പകൾ ഇതിനെ കണക്കാക്കിയപ്പോൾ, നിലവിലുളള തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം ആർജ്ജിക്കാനും ഇഷ്ടമുളള തൊഴിലെടുക്കാനും ഇതിലൂടെ സാധിച്ചു. നേപ്പാളികളിൽ 10 ശതമാനത്തിലധികം പേർ വിനോദസഞ്ചാര മേഖലയിലാണ് ജോലി ചെയ്യുന്നത്. ഈ വർഷം സർക്കാർ എവറസ്റ്റ് പെർമിറ്റ് ഫീസ് ഇനത്തിൽ 5 മില്യൺ ഡോളറിലധികം നേടിക്കഴിഞ്ഞിരിക്കുന്നു.