തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് ദലാല്‍ സ്ട്രീറ്റില്‍ അരങ്ങേറ്റം കുറിച്ചു. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 495 രൂപയില്‍ ലിസ്റ്റ് ചെയ്തു. 510 എന്ന പ്രാരംഭവിലയില്‍ മൂന്ന് ശതമാനം ഡിസ്‌കൗണ്ട് രേഖപ്പെടുത്തിയാണ് കമ്പനി എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തത്. തുല്യമായ നിലയില്‍ തന്നെ ബിഎസ്ഇയിലും കമ്പനിയുടെ ഓഹരി ലിസ്റ്റ് ചെയ്തു. 8,075.92 കോടി രൂപയായിരുന്നു ലിസ്റ്റിംഗ് സമയത്ത് കമ്പനിയുടെ വിപണി മൂലധനം. ഈ വര്‍ഷം സെപ്റ്റംബര്‍ അഞ്ചുമുതല്‍ ഏഴുവരെയുള്ള കാലയളവില്‍ കമ്പനി 831 കോടി രൂപയുടെ പ്രാഥമിക ഓഹരിവില്‍പനയിലേക്ക് കടന്നു. സബ്‌സ്‌ക്രിപ്ഷന്‌റെ തുടക്കത്തില്‍ നിന്ന് അവസാനിത്തിലേക്കെത്തുമ്പോള്‍ 2.86 മടങ്ങ് വര്‍ധനയാണ് കമ്പനിയുടെ ഓഹരി മൂല്യത്തിലുണ്ടായത്.
ഇത്തവണ 87,12,000 ഓഹരികളുടെ ഐപിഒ ആണ് നടന്നത്. ഇതില്‍ 27,48,396 ഓഹരികള്‍ക്കാണ് ബിഡ് ലഭിച്ചത്. ഓഹരി ഒന്നിന് 500 രൂപ മുതല്‍ 525 രൂപ വരെയാണ് പ്രൈസ് ബ്രാന്‍ഡായി നിശ്ചയിച്ചിരുന്നത്.
രാജ്യത്ത് വായ്പ നല്‍കുന്നതില്‍ ഏറ്റവും പഴക്കമുള്ള ബാങ്കുകളിലൊന്നാണ് തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്. കഴിഞ്ഞ ജൂണിലാണ് 100 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എകസേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. 2022 ലെ കണക്കനുസരിച്ച് ബാങ്കിന് 509 ശാഖകളാണുള്ളത്.