1600 കോടി രൂപയുടെ മൊബൈല്‍ ഘടക നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഹോന്‍ഹായ് ടെക്‌നോളജി ഗ്രൂപ്പായ (ഫോക്‌സ്‌കോണ്‍) തമിഴ്‌നാട് സര്‍ക്കാരുമായി കരാർ ഒപ്പുവച്ചു. കാഞ്ചീപുരത്ത് സ്ഥാപിക്കുന്ന പ്ലാന്റ് ഏതാണ്ട് 6000-ലേറെ പേർക്ക് തൊഴിൽ അവസരം നൽകുമെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച കരാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഫോക്‌സ്‌കോണ്‍ ചെയര്‍മാനും സിഇഒയുമായ യങ് ലിയും ഒപ്പുവച്ചു.
ഇത് സംസ്ഥാനത്തിന് ഒരു വലിയ നേട്ടമാണെന്ന് ഫോക്‌സ്‌കോൺ ചെയർമാൻ യങ് ലിയുവുമായുള്ള കൂടിക്കാഴ്ച ശേഷം തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പ്രസ്താവനയിൽ പറഞ്ഞു. ഫോക്‌സ്‌കോണിന് തമിഴ്‌നാട്ടിൽ ചെന്നൈക്ക് പുറത്ത് ശ്രീപെരുമ്പത്തൂരിൽ 35,000 പേർ ജോലി ചെയ്യുന്ന ആപ്പിൾ ഐഫോൺ നിർമാണ കേന്ദ്രമുണ്ട്. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കമ്പനികളില്‍ പ്രമുഖരാണ് ഫോക്സ്‌കോണ്‍. 2024 അവസാനത്തോടെ ചെന്നൈ ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം നാലിരട്ടിയാക്കാനും ഉത്പാദനം വർധിപ്പിക്കാനുമാണ് ഫോക്‌സ്‌കോൺ പദ്ധതിയിടുന്നത്. ഇതിന് പുറമേയാണ് പുതിയ പ്ലാന്റും തമിഴ്നാട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
രണ്ടാം തവണയും തമിഴ്‌നാടിനെ വ്യവസായ കേന്ദ്രമായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് വ്യവസായ മന്ത്രി ഡോ. ടി ആര്‍ ബി രാജ പറഞ്ഞു. തമിഴ്‌നാട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രമാണെന്നതിന്റെ തെളിവാണ് ഈ നിക്ഷേപം. ഇത് സംസ്ഥാനത്തിന് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 -2023 സാമ്പത്തിക വർഷത്തിൽ ഇലക്ട്രോണിക് ഉത്പ്പന്നങ്ങളുെട കയറ്റുമതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് തമിഴ്‌നാട്. ഈ വര്‍ഷം മാത്രം 5.3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് തമിഴ്‌നാട് രേഖപ്പെടുത്തിയത്. 2030 ഓടെ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയെ ഒരു ലക്ഷം കോടിയിലെത്തിക്കുകയാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ലക്ഷ്യം.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 16,500 കോടി രൂപ നിക്ഷേപിക്കാനാണ് ഫോക്‌സ്‌കോണ്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ഫോക്‌സ്‌കോണിന്റെ കർണാടകയിലെ ഐഫോൺ നിർമാണ യൂണിറ്റ് 2024 ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും. ബെംഗളൂരു ദേവനഹള്ളിയിലെ ഐടിഐആറിലുള്ള (ഇൻഫർമേഷൻ ടെക്‌നോളജി ഇൻവെസ്റ്റ്‌മെന്റ് റീജിയൻ) 300 ഏക്കർ ഭൂമി ജൂലൈ ഒന്നിന് ഫോക്‌സ്‌കോണിന് കൈമാറും. 13,600 കോടി രൂപയുടെ പദ്ധതി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. പ്രതിവർഷം രണ്ട് കോടി ഐഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.